ലയോള കോളനിയ്ക്കരികില്‍ സംരക്ഷണ ഭിത്തിയില്ല; ദേശീയപാത അധികൃതരെ തടഞ്ഞു
ആലുവ: ചൂര്‍ണിക്കര പഞ്ചായത്ത് പതിനേഴാം വാര്‍ഡില്‍ ദേശീയപാതയോരത്ത് കമ്പനിപ്പടിക്ക് സമീപമുള്ള മാടശ്ശേരി ലയോള കോളനിയുടെ സംരക്ഷണ ഭിത്തി കെട്ടാത്തതില്‍ പ്രതിഷേധം. സംരക്ഷണ ഭിത്തി നിര്‍മ്മാണവുമായിബന്ധപ്പെട്ടെത്തിയ ദേശീയപാത ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞുവച്ചു. ശനിയാഴ്ച രാവിലെ 11 മണിക്ക് ശേഷമാണ് ചൂര്‍ണിക്കരയിലെപൊതുപ്രവര്‍ത്തകരോടൊപ്പം നാട്ടുകാര്‍ ഉദ്യോഗസ്ഥരെ തടഞ്ഞത്.
ദേശീയപാതയില്‍ നിന്ന് കുറച്ച് താഴ്ചയിലായി സ്ഥിതി ചെയ്യുന്ന കോളനിയെവാഹനാപകടങ്ങളില്‍ നിന്ന് സംരക്ഷിച്ചിരുനത് റോഡരികിലുള്ള ചെറുവൃക്ഷങ്ങളായിരുന്നു. മെട്രോ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് റോഡിന് വീതി കൂട്ടിയപ്പോള്‍ ഈ ചെറു വൃക്ഷങ്ങള്‍ വെട്ടിമാറ്റി. ഇതോടെ കോളനിക്കാര്‍ക്ക് സുരക്ഷിതത്വം ഇല്ലാതായി. മരങ്ങള്‍ വെട്ടിമാറ്റിയതിന് പകരമായി സുരക്ഷാ ഭിത്തി കെട്ടണമെന്നാവശ്യപ്പെട്ട് കോളനി നിവാസികളും നാട്ടുകാരും ചേര്‍ന്ന് ചൂര്‍ണിക്കര പഞ്ചായത്ത്, ദേശീയ പാത, മെട്രോ എന്നീ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടാഴ്ചക്കുള്ളില്‍ സംരക്ഷണ ഭിത്തി കെട്ടിതരാമെന്നാണ് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നത്.
എന്നാല്‍, ഇപ്പോള്‍ രണ്ട് മാസമായിട്ടും യാതൊരു നടപടിയുംഉണ്ടായിട്ടില്ല. ഇതിനിടയില്‍ ഇത്തരത്തില്‍ സമീപത്ത് സ്വകാര്യ വ്യക്തികളുടേതടക്കമുള്ള സ്ഥലങ്ങള്‍ ഉള്‍പ്പെടെ സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതിന് അളവ് നടക്കുന്നുണ്ട്. ഇതറിഞ്ഞ നാട്ടുകാരും പൊതുപ്രവര്‍ത്തകരും ചേര്‍ന്ന് അളവെടുക്കുകയായിരുന്ന ഉദ്യോഗസ്ഥരെ തടയുകയായിരുന്നു. പിന്നീട് ഉദ്യോഗസ്ഥരെ കോളനിക്ക് സമീപം കൊണ്ടുവന്ന് പ്രശ്‌നം ബോധിപ്പിച്ചു. കോളനി നിവാസികളുടെ ആശങ്കയ്ക്ക് എത്രയും വേഗം പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പ് നല്‍കിയതിനേ തുടര്‍ന്നാണ് ഉദ്യോഗസ്ഥരെ വിട്ടയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."