കലക്ടറേറ്റ് വളപ്പിലെ മരത്തില്‍കയറി യുവതിയുടെ ആത്മഹത്യാശ്രമം
കണ്ണൂര്‍: കലക്ടറേറ്റ് വളപ്പിലെ കാന്റീനു സമീപത്തെ മരത്തില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ യുവതി പൊലിസിനെ മണിക്കൂറോളം മുള്‍മുനയില്‍ നിര്‍ത്തി. ഇരിക്കൂര്‍ പെരുമണ്ണ് സ്വദേശിനി പി.എം വീണാമണിയാണ് ആത്മഹത്യാ ഭീഷണിമുഴക്കിയത്. തന്റെ പരാതി പൊലിസോ സര്‍ക്കാരോ സ്വീകരിക്കുന്നില്ലെന്ന കാരണത്താലാണ് അവര്‍ ഇന്നലെ പുലര്‍ച്ചെ കലക്ടറേറ്റിലെത്തി മരത്തില്‍ കയറിക്കൂടിയത്.
രാവിലെ പതിനൊന്നോടെയാണ് ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടത്.
ഒരുമാസം മുമ്പ് തന്നെ കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തില്‍ വച്ച് ഒരുസംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നു ചൂണ്ടിക്കാട്ടി യുവതി പൊലിസില്‍ അവിടെ പരാതി നല്‍കിയിരുന്നു.
എന്നാല്‍ പൊലിസ് അക്രമി സംഘത്തിനു കൂട്ടുനില്‍ക്കുകയായിരുന്നുവെന്ന് ആരോപിച്ചാണു കേരളത്തില്‍ പരാതി നല്‍കിയത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
ഇതിനിടെ രാഷ്ട്രപതിക്കും മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും കലക്ടര്‍ക്കും ജില്ലാ പൊലിസ് ചീഫിനും തപാലിലൂടെ പരാതി അയച്ചു. ഒരുമാസം പിന്നിട്ടിട്ടും മറുപടി ഉണ്ടായില്ല.
കഴിഞ്ഞദിവസം കലക്ടറെയും ജില്ലാ പൊലിസ് ചീഫിനെയും കണ്ട് നേരിട്ടു പരാതി ഉന്നയിച്ചിരുന്നു.
എന്നാല്‍ അനുകൂലമായ നടപടിയില്ലാത്തതിനാല്‍ ഇന്നലെ ആത്മഹത്യാശ്രമം നടത്തുകയായിരുന്നു. വൈകുന്നേരം അഞ്ചുവരെ പരാതി സ്വീകരിച്ചില്ലെങ്കില്‍ സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്ന് അവര്‍ പൊലിസിനോടു പറഞ്ഞു.
അനുനയത്തിനൊടുവില്‍ ഉച്ചയ്ക്കു 12ഓടെ അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നു താഴെയിറക്കി. ടൗണ്‍ പൊലിസ് കസ്റ്റിയിലെടുത്ത ഇവരെ പിന്നീടു വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."