ശങ്കര്‍ റെഡ്ഡിയെ തുണച്ച് വിജിലന്‍സ് കോടതിയില്‍
തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടറും ഡി.ജി.പിയുമായ ശങ്കര്‍ റെഡ്ഡിക്ക് അനുകൂലമായി വിജിലന്‍സ് നിലപാട് സ്വീകരിച്ചു. വിജിലന്‍സ് ഡയറക്ടറായിരിക്കെ സോളാര്‍ കേസുമായി ബന്ധപ്പെട്ട പരാതികള്‍ ശങ്കര്‍ റെഡ്ഡി പൂഴ്ത്തിയെന്നാരോപിക്കുന്ന ഹരജികള്‍ പരിഗണിക്കുമ്പോഴാണ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ വിജിലന്‍സ് അദ്ദേഹത്തിന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയത്.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍മന്ത്രി ആര്യാടന് മുഹമ്മദിനും എതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് നല്കിയ പരാതികള്‍ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് വിജിലന്‍സ് ഡയറക്ടറായിരുന്ന ശങ്കര്‍ റെഡ്ഡി നടപടി എടുക്കാതിരുന്നതെന്നാണ് വിജിലന്‍സ് കോടതിയെ അറിയിച്ചത്. എന്നാല്‍ പരാതിക്കാരന് ഒരു രസീതുപോലും നല്‍കിയില്ലെന്നും എന്തെങ്കിലും കാരണവശാല്‍ പരാതി പരിഗണിക്കാന്‍ പറ്റിയില്ലെങ്കില്‍ അതു രണ്ടു ദിവസത്തിനകം അറിയിക്കണമെന്നു നിയമമുണ്ടെന്നും പരാതിക്കാരന് കോടതിയെ അറിയിച്ചു.
തനിക്കെതിരായ പരാതിക്കാരനും വിജിലന്‍സിലെ ചില ഉദ്യോഗസ്ഥരും തമ്മില്‍ ഗൂഢാലോചന നടത്തുന്നുവെന്നാരോപിച്ച് ശങ്കര്‍റെഡ്ഡി നല്കിയ കത്തില്‍ അസ്വാഭാവികതയില്ലെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു. നിലവില്‍ കേസുകളില്ലെന്നും ശങ്കര്‍റെഡ്ഡി പ്രതിയല്ലെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു. കേസില്‍ വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് വിധി പറയാന്‍ ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."