'പാണ്ടിക്കാറ്റ് 'എത്തി; ഇനി വാസം പാറമടകളില്‍
പേപ്പാറ: വിവിധയിടങ്ങളില്‍ ഭീകരതാണ്ഡവം നടത്തുന്ന കാറ്റുകളെക്കുറിച്ച് ഇവര്‍ക്കു പറഞ്ഞുകേട്ട അറിവേയുള്ളൂ. പക്ഷേ അഗസ്ത്യമുടി താണ്ടിയെത്തുന്ന പാണ്ടിക്കാറ്റിന്റെ ഭീകരവിളയാട്ടം ഇവര്‍ക്ക് നേരിട്ടറിയാം. കാരണം അത് അവര്‍ നേരിട്ടനുഭവിച്ചിട്ടുമുണ്ട്. ഉണ്ണാനും ഉറങ്ങാനും സ്വസ്ഥമായിരുന്ന് ആഹാരം കഴിക്കാനും കഴിയാത്ത കാറ്റിന്റെ വിളയാട്ടം തുടങ്ങിക്കഴിഞ്ഞതോടെ ഭീതിയുടെ നിഴലിലാണ് ആദിവാസികളും താഴ്വാരത്തുള്ളവരും.
24 മണിക്കൂറും ചുഴലിക്കാറ്റ് പോലെ വീശിയടിക്കുന്ന കാറ്റിനെയാണ് പാണ്ടിക്കാറ്റ് എന്നുവിളിക്കുന്നത്. അഗസ്ത്യമുടിയ്ക്ക് തൊട്ടുതാഴെയുള്ള 28ഓളം ആദിവാസികേന്ദ്രങ്ങളായ കുന്നത്തേരി, പാറ്റാംപാറ, അണകാല്‍, മ്ലാവിള, ചെറുമാങ്കല്‍, ആമോട് എന്നിവിടങ്ങളിലൂടെ പൊടിയം, ചോനംപാറയിലൂടെ പുറംനാടുകളായ ബോണക്കാട്, മീനാങ്കല്‍, ഈഞ്ചപ്പുരി, കൊക്കോട്ടേല വഴി പാങ്കാവ് മലവിള, പാലമൂട്, കോട്ടൂര്‍, കാപ്പുകാട് തുടങ്ങിയ സ്ഥലങ്ങളിലാണ് പാണ്ടിക്കാറ്റിന്റെ വിളയാട്ടം. ആദ്യം ചെറുതായി ഒരു കുളിര്‍ക്കാറ്റ്.
പിന്നീടങ്ങോട്ടാണ് കാറ്റിന്റെ രൂപവും ഗതിയും മാറുന്നത്. സദാ കാറ്റ് വീശുന്ന ഈ മേഖലയില്‍ കടന്നുചെന്നാല്‍ പിടിച്ചുനില്ക്കാന് പോലും പ്രയാസമാണ്. മുളയും ഈറ ഓലയും കാട്ടുമരങ്ങളും ചേര്‍ത്ത് നിര്‍മിച്ചതാണ് ഇവിടുത്തെ മിക്കകുടിലുകളും. അതിനാല്‍ കാറ്റിനെ ഭയന്ന് ആദിവാസി വിഭാഗമായ 'കാണിക്കാര്‍' തങ്ങളുടെ എല്ലാം കെട്ടിവച്ച് പാറമടകളില്‍ കഴിയാനുള്ള തയാറെടുപ്പ് നടത്തുകയാണ്.
അഗസ്ത്യമുടി താണ്ടി കാറ്റ് എത്തിത്തുടങ്ങിയതേയുള്ളു. കാറ്റ് എത്തുന്നതോടെ ഇവരുടെ ദുരിതങ്ങളും ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."