മാധ്യമങ്ങള്‍ക്ക് വിലങ്ങിടുമ്പോള്‍
മാധ്യമങ്ങള്‍ നിശബ്ദമാക്കപ്പെടുമ്പോള്‍ ജനാധിപത്യമാണ് നിശബ്ദമാക്കപ്പെടുന്നത്. മാധ്യമ സ്വാതന്ത്ര്യത്തെ ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിക്കുന്നവരുടെ യഥാര്‍ഥ ഇര ജനാധിപത്യം തന്നെയാണ്. എന്നാല്‍ ഇന്ത്യ പോലുള്ള വികസ്വരവും, വൈവിധ്യ സമ്പുഷ്ടവുമായ ഒരു രാജ്യത്ത് നേരിട്ട് ജനാധിപത്യത്തെ ഭര്‍ത്സിക്കുന്നത് വിലപ്പോകില്ലെന്നും, തിരിച്ചടികളുണ്ടാക്കുമെന്നും ഇതിന് ശ്രമിക്കുന്നവര്‍ക്ക് നന്നായി അറിയാം. അതുകൊണ്ട് ജനാധിപത്യത്തിന് പുലരാന്‍ കഴിയാത്ത ഒരു സാമൂഹ്യ അവസ്ഥ ബോധപൂര്‍വം സൃഷ്ടിക്കുകയാണ് അതിനെ ദുര്‍ബലപ്പെടുത്താനുള്ള ഏറ്റവും മികച്ച തന്ത്രം. മാധ്യമങ്ങള്‍ നിശബ്ദമാക്കപ്പെടുമ്പോള്‍ ജനാധിപത്യത്തിന്റെ അടിവേര് പതിയെ ജീര്‍ണിക്കാന്‍ തുടങ്ങും. ജീര്‍ണിച്ച ജനാധിപത്യത്തെയാണ് ഫാസിസം ഏറെ ഇഷ്ടപ്പെടുന്നതും.
ഇന്ത്യയിലെ പ്രമുഖ വാര്‍ത്താ ചാനലായ എന്‍.ഡി.ടി.വിയുടെ ഹിന്ദി ചാനലിനോട് ഒരു ദിവസത്തേക്ക് സംപ്രേഷണം നിര്‍ത്താന്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ഉത്തരവ് നല്‍കി. ഭീകരാക്രമണം നടന്ന പത്താന്‍ കോട്ട് സൈനിക കേന്ദ്രവുമായി ബന്ധപ്പെട്ട ചില രഹസ്യവിവരങ്ങള്‍ സംപ്രേഷണം ചെയ്തുവെന്നാണ് ആരോപണം. അതോടൊപ്പം ഏതോ വാര്‍ത്തയില്‍ ചില ഭീകര ദൃശ്യങ്ങള്‍ കാണിച്ചുവെന്നാരോപിച്ച് അസമിലെ ഒരു വാര്‍ത്താചാനലിനെതിരേയും ഇത്തരത്തില്‍ നടപടിയുണ്ടായി. മാധ്യമ പിന്തുണ ആവോളം അനുഭവിക്കുകയും,ആസ്വദിക്കുകയും ചെയ്തയാളാണ് നരേന്ദ്ര മോദി. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന് മാധ്യമങ്ങള്‍ അസ്വാസ്ഥ്യമായി കഴിഞ്ഞു. തനിക്ക് വിധേയമല്ലാത്ത എല്ലാ ശബ്ദങ്ങളെയും അതിന്റെ ഉറവിടത്തില്‍ തന്നെ നിശബ്ദമാക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. തനിക്കിഷ്ടമുള്ള പാട്ടും ഇഷ്ടമുള്ള ശബ്ദങ്ങളും ഇഷ്ടമുള്ള വാര്‍ത്തകളും മാത്രം കേട്ടാല്‍ മതിയെന്നാഗ്രഹിക്കുന്ന പഴയ കാല റോമാ ചക്രവര്‍ത്തിമാരെപ്പോലെയാണ് നരേന്ദ്ര മോദി. ആ ചക്രവര്‍ത്തിമാരൊക്കെ പിന്നീട് ചരിത്രത്താളുകളില്‍ വിസ്മൃതരായി തീര്‍ന്നുവെന്നും അവരുടെ കോട്ടകൊത്തളങ്ങളൊക്കെയും പുരാവസ്തുക്കളായി മാറിയെന്നും അദ്ദേഹമോര്‍ത്താല്‍ നന്ന്!
മാധ്യമ സ്വാതന്ത്ര്യത്തിന്റെ മേല്‍ എന്തുമാകാമെന്നല്ല ഈ പറഞ്ഞതിനര്‍ഥം. വാര്‍ത്തകളുടെ പേരില്‍ ആളുകളെ അപമാനിക്കുന്നതും വാര്‍ത്തകളുടെ ആധികാരികത പരിശോധിക്കാതെ സംപ്രേഷണം ചെയ്ത് അവയെ ആഘോഷമാക്കിമാറ്റുന്നതും എതിര്‍ക്കപ്പെടേണ്ട പ്രവണതകള്‍ തന്നെയാണ്. എന്നാല്‍ അധികാരത്തിലിരിക്കുന്നവരെ അലോസരപ്പെടുത്താതെ വേണം വാര്‍ത്തകള്‍ കണ്ടെത്തേണ്ടതും പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ വേണ്ടതെന്നുമുള്ള നിലപാടിനെ ഞാന്‍ പൂര്‍ണമായും തള്ളിക്കളയുന്നുവെന്ന് മാത്രമല്ല ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് ആരോഗ്യകരമായ വിമര്‍ശനാത്മകമായ മാധ്യമ പ്രവര്‍ത്തനം അവശ്യഘടകമാണെന്ന് ഉറച്ച് വിശ്വസിക്കുകയും ചെയ്യുന്നു.
ജുഗാന്തര്‍ പത്രം ബഹിഷ്‌കരിക്കാന്‍ ബോംബെ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പാസാക്കിയ പ്രമേയത്തെ ശക്തമായി വിമര്‍ശിച്ചു കൊണ്ട് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യന്‍ പത്രപ്രവര്‍ത്തക അസോസിയേഷന്‍ പ്രസിഡന്റും അമൃത് ബസാര്‍ പത്രികയുടെ പത്രാധിപരുമായ തുഷാര്‍ കാന്തി ഘോഷിന് 1940 മാര്‍ച്ച് നാലിന് അയച്ച കത്തിലെ വരികളാണ് എനിക്കിപ്പോള്‍ ഓര്‍മ വരുന്നത്. 'നമുക്കിഷ്ടമില്ലാത്തത് പ്രസിദ്ധീകരിക്കാന്‍ അനുവദിക്കുക, നമ്മെത്തന്നെ വിമര്‍ശിക്കാന്‍ അനുവദിക്കുക, നമ്മുടെ ലക്ഷ്യങ്ങള്‍ക്ക് പരുക്കേല്‍പ്പിക്കുന്ന തരത്തിലുള്ള അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ അനുവദിക്കുക ഇവയെല്ലാം പൗരാവകാശത്തിലും പത്ര സ്വാതന്ത്ര്യത്തിലും അന്തര്‍ഭവിച്ചിട്ടുള്ള വിഷയങ്ങളാണ്.' ( ജവഹര്‍ ലാല്‍ നെഹ്‌റു സംഘര്‍ഷത്തിന്റെ ദിനങ്ങള്‍ തിരഞ്ഞെടുത്ത ലേഖനങ്ങളും പ്രഭാഷണങ്ങളും എന്‍.ബി.എസ് പ്രസിദ്ധീകരിച്ചത്)
സ്വാതന്ത്ര്യത്തിന് മുന്‍പ് തന്നെ നമ്മുടെ ദേശീയ നേതാക്കള്‍ മാധ്യമ സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും നല്‍കിയ പ്രാധാന്യം ഇതില്‍ നിന്ന് മനസിലാകും. സ്വതന്ത്രമായ ഒരു സമൂഹത്തിന്റെ ജീവവായുവാണ് സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനം. അത് നിലച്ചാല്‍ ജനാധിപത്യത്തിന്റെ പ്രാണവായുവാണ് നഷ്ടപ്പെടുക. എന്‍.ഡി.ടി.വിക്കെതിരായ നടപടിയിലൂടെ ജനാധിപത്യത്തിന്റെ വായും മൂക്കും പൊത്തിപ്പിടിച്ച് അതിന് പ്രാണവായു നിഷേധിക്കാനുള്ള ശ്രമമാണ് മോദിയും കേന്ദ്ര സര്‍ക്കാരും നടത്തിയത്. എന്നാല്‍ ഇന്ത്യയിലെ ജനാധിപത്യ ചേരി തക്ക സമയത്തുണരുകയും ഈ സ്വതന്ത്ര ധ്വംസനത്തിനെതിരേ ഒറ്റ മനസോടെ പ്രതികരിക്കുകയും ചെയ്തത് ആശാവഹമാണ്. ജനാധിപത്യ ചേരിയുടെ ഈ ഒരുമിക്കലാണ് നാളെ മോദി ഭരണത്തിനെതിരായ ജനപക്ഷ കൊടുങ്കാറ്റായി മാറേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."