മുന്‍ഗണനാപട്ടിക: അനര്‍ഹര്‍ ജാഗ്രതൈ; ആധാറില്‍ പിടിവീഴും
തിരുവനന്തപുരം: തെറ്റായ വിവരങ്ങള്‍ നല്‍കി മുന്‍ഗണനാ പട്ടികയിലോ എ.എ.വൈയിലോ ഇടംപിടിച്ചവര്‍ ജാഗ്രതൈ. പുതിയ റേഷന്‍ കാര്‍ഡ് കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ ലിങ്കിങ്ങിന് വിധേയമാക്കുന്നതോടെ ഇവരും കുടുങ്ങും. കുടുംബ മാസവരുമാനം 25,000 രൂപക്കു മുകളില്‍ ഉള്ളവര്‍, 1000 ചതുരശ്ര അടിയോ അതില്‍ കൂടുതലോ വിസ്തീര്‍ണമുള്ള വീടുള്ളവര്‍, ഒരേക്കറില്‍ കൂടുതല്‍ വസ്തു സ്വന്തമായുള്ളവര്‍, 600 സി.സിക്ക് മുകളിലുള്ള ഓട്ടോ ഒഴികെ നാലുചക്ര വാഹനമുള്ളവര്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, എയിഡഡ് മേഖല, ബാങ്ക്, പൊതുമേഖല, സഹകരണമേഖല എന്നിവിടങ്ങളില്‍ ഉദ്യോഗമോ പെന്‍ഷനോ ഉള്ളവര്‍, ആദായനികുതി അടയ്ക്കുന്നവര്‍ എന്നിവര്‍ പഴയ ബി.പി.എല്‍ കാര്‍ഡില്‍ ഉള്ളതുപോലെ മുന്‍ഗണനാപട്ടികയില്‍ വീണ്ടും ഇടംപിടിച്ചിട്ടുണ്ടെങ്കില്‍ നിയമനടപടിക്കു വിധേയരാവും.
പഴയ ബി.പി.എല്‍ പട്ടികയില്‍ ഭൂരിപക്ഷവും അനര്‍ഹമായി കടന്നുകൂടിയവരാണ്. അവരില്‍ ഭൂരിപക്ഷവും പുറത്തുപേകാന്‍ തയാറായിട്ടില്ല. നേരത്തെ എ.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെട്ട അനര്‍ഹരില്‍ പലരും പുതുതായി അപേക്ഷിച്ചിട്ടുമുണ്ട്. ആധാര്‍ കാര്‍ഡില്‍ വ്യക്തിയെ സംബന്ധിക്കുന്ന മുഴുവന്‍ വിവരങ്ങളും രേഖപ്പെടുത്തിയിട്ടുള്ളതാണ് ഇക്കൂട്ടര്‍ക്കു ഭീഷണിയാവുന്നത്. കുറ്റം കണ്ടുപിടിച്ചാല്‍ കേരള റേഷനിങ് ഓര്‍ഡര്‍-1966 പ്രകാരവും ഇ.സി ആക്ട്- 1955 വകുപ്പ് ഏഴു പ്രകാരവും നിയമനടപടിക്കു വിധേയമാവും.
ഒരു വര്‍ഷം തടവും അനര്‍ഹമായി കൈപ്പറ്റിയ സാധനങ്ങളുടെ പൊതുവിപണിയിലെ വിലയും കണക്കാക്കി പിഴ ശിക്ഷയും ലഭിക്കും. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ച കരടുപട്ടികയില്‍ പഴയ കാര്‍ഡിലെ ബി.പി.എല്‍ വിഭാഗത്തില്‍ അനര്‍ഹമായി കടന്നുകൂടിയവര്‍ തുടരുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെങ്കിലും ഈ പട്ടികയിലുള്ളവര്‍ക്കു സൗജന്യമായി അരി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ബി.പി.എല്ലുകാര്‍ക്ക് രണ്ടു രൂപ നിരക്കിലാണ് അരി നല്‍കുന്നത്. റേഷന്‍ കാര്‍ഡ് പുതുക്കല്‍ സമയത്ത് അനര്‍ഹരായവര്‍ ഒഴിവാകണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പാടെ അവഗണിച്ചാണു സമ്പന്നര്‍ ഉള്‍പ്പെടെയുള്ളവര്‍ പട്ടികയില്‍ നിന്നും പുറത്തുപോകാതെ തുടരുന്നത്. ആയിരക്കണക്കിന് അര്‍ഹരായ കുടുംബങ്ങള്‍ എ.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളപ്പോഴാണിത്. മുന്‍കാലങ്ങളില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭരണത്തില്‍ വന്നപ്പോഴാണ് അനര്‍ഹര്‍ വ്യാപകമായി പട്ടികയില്‍ കടന്നുകൂടിയത്.
പാര്‍ട്ടി പ്രവര്‍ത്തകരുടേയും അനുഭാവികളുടേയും കുടുംബങ്ങള്‍ വളഞ്ഞവഴിയിലൂടെ പട്ടികയില്‍ കടന്നുകൂടി. പലരും പഞ്ചായത്ത് മെമ്പര്‍മാരുടെ ശുപാര്‍ശയിലാണു കടന്നുകൂടിയത്. തൊഴിലുറപ്പു പദ്ധതിയുടെ മുഴുവന്‍ ആനുകൂല്യങ്ങളും ഇക്കൂട്ടരാണു നേടിയെടുത്തത്. എതിര്‍ പാര്‍ട്ടിക്കാരായതിന്റെ പേരില്‍ അര്‍ഹരായ പലരും തഴയപ്പെട്ടു.
ആകെയുള്ള 15480041 ഗുണഭോക്താക്കളുടെ കരടുപട്ടികയില്‍ മിക്കവരും അനര്‍ഹരാണ്. ഇവരില്‍ പട്ടികയില്‍ കടന്നുകൂടിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ 36,000 പേര്‍ കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് ബി.പി.എല്‍ റേഷന്‍ കാര്‍ഡ് തിരിച്ചേല്‍പ്പിച്ചിരുന്നു. ആയിരക്കണക്കിന് ഉദ്യോഗസ്ഥര്‍ ഇപ്പോഴും തുടരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."