കാര്‍ഷിക വായ്പകള്‍ യഥാര്‍ഥ കര്‍ഷകന് ലഭ്യമാക്കുക: ബെഫി സെമിനാര്‍
തൊടുപുഴ: കാര്‍ഷികമേഖലയ്ക്ക് മാറ്റിവയ്ക്കുന്ന ബാങ്ക് വായ്പകള്‍ യഥാര്‍ഥ കര്‍ഷകനില്‍ എത്തിച്ചേരുവാന്‍ നടപടി സ്വീകരിക്കണമെന്നു ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ 12-ാം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് ഉടുമ്പന്നൂരില്‍ നടന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു.
വന്‍കിട വളം കമ്പനികള്‍ക്ക് വ്യവസായ ആവശ്യങ്ങള്‍ക്ക് കൊടുക്കുന്ന വായ്പകളും ലോക്കറില്‍ ഇരിക്കുന്ന സ്വര്‍ണമെടുത്ത് പണയം വച്ച് 'കാര്‍ഷികാവശ്യങ്ങള്‍ക്ക്' എന്ന് രേഖപ്പെടുത്തുന്നവര്‍ എടുക്കുന്ന വായ്പയും കാര്‍ഷിക മേഖലയ്ക്ക് നല്‍കി എന്നാണ് ബാങ്കുകളും കേന്ദ്രസര്‍ക്കാരും കണക്കുകളില്‍ അവകാശപ്പെടുന്നത്. ഇത് യഥാര്‍ഥത്തില്‍ മണ്ണിലോ ഉല്‍പാദനത്തിലോ പ്രതിഫലിക്കുന്നില്ല. യഥാര്‍ത്ഥ കര്‍ഷകന്‍ ചൂഷണക്കാരായ ഇടനിലക്കാരുടെ പിടിയിലാണ് ഇപ്പോഴും.
കോര്‍പ്പറേറ്റുകള്‍ക്ക് അനുവദിക്കുന്നതിന്റെ 25 ശതമാനം ആനുകൂല്യം ഇന്ത്യയിലെ യഥാര്‍ത്ഥ കര്‍ഷകനില്‍ എത്താന്‍ കേന്ദ്രസര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം കൊടുത്താല്‍ അത് കാര്‍ഷിക മേഖലയ്ക്ക് വലിയ ഉണര്‍വ്വുണ്ടാക്കും.ബാങ്കുകളില്‍ നിന്ന് കാര്‍ഷിക വായ്പയുടെ പേരില്‍ നല്‍കുന്ന തുക യഥാര്‍ത്ഥ കര്‍ഷകനില്‍ എത്തിച്ചേരുവാന്‍ നടപടി സ്വീകരിക്കണമെന്നും സെമിനാര്‍ ആവശ്യപ്പെട്ടു.''കാര്‍ഷിക മേഖലയും ബാങ്ക് വായ്പകളും'' എന്ന വിഷയം ബി.ഇ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് പി.വി.ജോസ് അവതരിപ്പിച്ചു. പി.ജെ.ഉലഹന്നാന്‍ അദ്ധ്യക്ഷനായി. കെ.എസ്.റ്റി.എ. മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു.
വാഹന കലാജാഥയ്ക്ക് കരിമണ്ണൂരില്‍ സ്വീകരണം നല്‍കി. കേരള കര്‍ഷകസംഘം മുന്‍ സംസ്ഥാന വര്‍ക്കിംഗ് കമ്മറ്റിയംഗം സി.ജെ.ചാക്കോ അദ്ധ്യക്ഷനായി. ബി.ഇ.എഫ്.ഐ. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ജെ.നന്ദകുമാര്‍, ജില്ലാ പ്രസിഡന്റ് വി.എസ്.പ്രഭാകുമാരി, എം.എസ്.ലിനീഷ്‌മോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."