കാര്‍ഷികരംഗത്ത് പുത്തനുണര്‍വ്; കൃഷിവകുപ്പിനു കീഴില്‍ അഗ്രോപാര്‍ക്കുകളും പുതിയ കമ്പനിയും
തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പന്നങ്ങള്‍ സംസ്‌കരിച്ച് മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കി വിപണിയിലെത്തിച്ച് കാര്‍ഷികരംഗത്ത് പുത്തനുണര്‍വ് സൃഷ്ടിക്കുമെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍. ഇതിനായി വിവിധ മേഖലകളില്‍ അഗ്രോപാര്‍ക്കുകള്‍ സ്ഥാപിക്കുമെന്നും കൃഷി വകുപ്പിനു കീഴില്‍ കാപ്‌കോ എന്ന പേരില്‍ പുതിയ കമ്പനി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന അഗ്രികള്‍ച്ചര്‍ മാനേജ്‌മെന്റ് എക്സ്റ്റന്‍ഷന്‍ ട്രെയിനിങ് സെന്ററില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും ഒരുപോലെ നേട്ടമുണ്ടാക്കാന്‍ കഴിയുന്ന വിധത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള അഗ്രോപാര്‍ക്കുകളായിരിക്കും കമ്പനിയുടെ കീഴില്‍ ആരംഭിക്കുക.
കാര്‍ഷികോല്‍പന്ന മൂല്യവര്‍ധിത മേഖലയില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എല്ലാവിധ സഹായവും നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ചെറുകിട ഇടത്തരം അഗ്രോപാര്‍ക്കുകള്‍ സ്ഥാപിക്കുവാന്‍ പ്രത്യേക നിക്ഷേപ പദ്ധതി പ്രകാരം അഞ്ഞൂറു കോടിരൂപ സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്.കിഫ്ബിയില്‍നിന്നുള്ള ധനസഹായത്തോടെ സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിച്ചാണ് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന അഗ്രോ പാര്‍ക്കുകള്‍ ആരംഭിക്കുക. ആദ്യഘട്ടത്തില്‍ കോഴിക്കോട് ജില്ലയില്‍ നാളികേര പാര്‍ക്കും തൃശൂര്‍ ജില്ലയില്‍ വാഴപ്പഴം,തേന്‍ ഉല്‍പന്നങ്ങള്‍ക്കുള്ള പാര്‍ക്കും ആലപ്പുഴ എറണാകുളം കേന്ദ്രീകരിച്ച് റൈസ്പാര്‍ക്കും ആരംഭിക്കും. ഇതു കൂടാതെ റബര്‍, സുഗന്ധവിളകള്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ള അഗ്രോപാര്‍ക്കുകളും ഉചിതമായ സ്ഥലങ്ങളില്‍ സ്ഥാപിക്കും. അഗ്രോപാര്‍ക്കുകള്‍ തുടങ്ങുന്നതിനു മുന്നോടിയായുള്ള അഭിപ്രായരൂപീകരണത്തിനായി അടുത്ത മാസം ഒന്നുമുതല്‍ അഞ്ചുവരെ കനകക്കുന്ന് കൊട്ടാരത്തില്‍ അന്താരാഷ്ട്ര ശില്‍പശാല സംഘടിപ്പിക്കും. ശില്‍പശാലയില്‍ ഉല്‍പന്ന നിര്‍മാണം, യന്ത്ര സാമഗ്രികള്‍, സാമ്പത്തിക സഹായം, വിപണന മാര്‍ഗങ്ങള്‍, പാക്കേജിങ്, ലൈസന്‍സിങ്, സര്‍ട്ടിഫിക്കേഷന്‍ തുടങ്ങി ഉല്‍പന്ന വിപണന ശൃംഖലയിലെ വിവിധ ഘട്ടങ്ങളെക്കുറിച്ച് സംരംഭകരെ പരിചയപ്പെടുത്തുമെന്നും യുവ കര്‍ഷകരുടെയും മുതിര്‍ന്ന കര്‍ഷകരുടെയും സംഗമം ഒരുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."