ഇ-മെയിലില്‍ ഹിലരിക്ക് ക്ലീന്‍ചിറ്റ്
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറുകളില്‍ ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി നല്‍കി ഇ-മെയില്‍ കേസില്‍ ഹിലരിക്ക് ക്ലീന്‍ ചിറ്റ്. ഹിലരിക്കെതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള തെളിവുകളില്ലെന്ന് എഫ്.ബി.ഐ ഡയറക്ടര്‍ ജെയിംസ് കോമി യു.എസ് കോണ്‍ഗ്രസിനെ അറിയിച്ചു. തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ ഹിലരിക്ലിന്റന് കനത്ത തിരിച്ചടിയാണ് ഇ-മെയില്‍ വിവാദം മൂലമുണ്ടായത്. കേസ് വീണ്ടും എഫ്.ബി.ഐ കുത്തിപ്പൊക്കിയത് രാഷ്ട്രീയലക്ഷ്യത്തോടെയാണെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിയും വ്യക്തമാക്കിയിരുന്നു.
ഈ വിവാദത്തോടെ ഹിലരിയുടെ ജനപ്രീതി താഴുകയും ട്രംപ് ഒപ്പത്തിനൊപ്പം എത്തുകയും ചെയ്തു. തെരഞ്ഞെടുപ്പിന് തലേന്ന് എഫ്.ബി.ഐ ഹിലരിക്ക് ക്ലീന്‍ചിറ്റ് നല്‍കിയതോടെ വന്‍നേട്ടമാണ് ഹിലരിക്കുണ്ടായത്. തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെയാണ് ഇ-മെയില്‍ കേസ് പുനരന്വേഷിക്കാന്‍ എഫ്.ബി.ഐ തീരുമാനിച്ചത്. നേരത്തെ ജൂലൈയില്‍ ഹിലരിയുടെ കേസില്‍ എഫ്.ബി.ഐ തീര്‍പ്പുകല്‍പ്പിച്ചിരുന്നു. എന്നാല്‍ ഈയിടെ ഹിലരിയുടെ സഹായി ഹുമ അബ്്ദിനിന്റെ ഇന്‍ബോക്‌സില്‍ ഹിലരിയുടെ സ്വകാര്യ മെയിലില്‍ നിന്നുള്ള സന്ദേശം കണ്ടെത്തിയതാണ് പുനരന്വേഷണത്തിന് ഇടയാക്കിയത്. ഇതിനു പിന്നാലെ വിക്കിലീക്‌സും ഇമെയിലുകള്‍ പുറത്തുവിട്ടു.
ഔദ്യോഗിക ആവശ്യത്തിന് ഹിലരി സ്വകാര്യ ഇ-മെയിലുകള്‍ ഉപയോഗിച്ചത് രാജ്യസുരക്ഷയെ ബാധിക്കുന്ന കുറ്റമാണെന്നും ഹിലരിക്കെതിരേ ക്രിമിനല്‍ കേസ് എടുക്കണമെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് കുറ്റപ്പെടുത്തി. രാജ്യസുരക്ഷ എന്ന വാക്ക് ഉപയോഗിച്ചതോടെ ഹിലരിയുടെ ജനപ്രീതി ഇടിഞ്ഞു.
നേരത്തെ എഫ്.ബി.ഐയുടെ നീക്കം നിയമവകുപ്പ് തടഞ്ഞിരുന്നു. 2009-13 കാലഘട്ടത്തില്‍ സ്റ്റേറ്റ് സെക്രട്ടറിയായിരിക്കെ ഹിലരി ഔദ്യോഗിക ആവശ്യത്തിന് സ്വകാര്യ ഇ-മെയില്‍ ഉപയോഗിച്ചുവെന്നാണ് ആരോപണമുയര്‍ന്നത്.
ഹിലരിക്കെതിരേയുള്ള നടപടി കൂടുതല്‍ ശക്തമാക്കാന്‍ എഫ്.ബി.ഐ തീരുമാനിച്ചതോടെ യു.എസ് പ്രസിഡന്റ് ബരാക് ഒബാമയും ഡെമോക്രാറ്റിക് പാര്‍ട്ടിയും എഫ്.ബി.ഐ ഡയറക്ടര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ച് രംഗത്തുവന്നു. എന്നാല്‍ ഇന്നലെ എഫ്.ബി.ഐ നല്‍കിയ റിപ്പോര്‍ട്ടില്‍ ഹിലരി സ്വകാര്യ ഇ-മെയില്‍ ഉപയോഗിച്ചതില്‍ കുറ്റകരമായി ഒന്നുമില്ലെന്നാണ് ജയിംസ് കോമി പറയുന്നത്.
ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഹിലരിക്ക് നല്‍കിയ ക്ലീന്‍ചിറ്റ് പ്രതിഫലിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ ഹിലരി നിയമവ്യവസ്ഥ അട്ടിമറിച്ചെന്ന ആരോപണവുമായി ട്രംപ് രംഗത്തുവന്നു. ജൂലൈയില്‍ നടത്തിയ അന്വേഷണത്തിലും ഹിലരിക്ക് ക്ലീന്‍ ചിറ്റാണ് എഫ്.ബി.ഐ നല്‍കിയിരുന്നത്. ആ നിഗമനത്തില്‍ തന്നെ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നതായി പറഞ്ഞാണ് കോമി റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് എഫ്.ബി.ഐ ഹിലരിയെ നേരത്തെ മൂന്നു മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു. പല സെര്‍വറുകളില്‍ നിന്നും പല ഗാഡ്‌ജെറ്റുകളിലൂടെ മാറി മാറി ഹിലരി ഔദ്യോഗിക ഇ -മെയില്‍ ഉപയോഗിച്ചിരുന്നതായും തന്ത്രപ്രധാന രേഖകള്‍ സ്വകാര്യ സെര്‍വറിലേക്ക് മാറ്റിയിരുന്നതായും എഫ്.ബി.ഐ കണ്ടെത്തി. തന്ത്രപ്രധാന വിവരങ്ങളടങ്ങിയ നൂറിലേറെ ഇ-മെയിലുകള്‍ സ്വകാര്യ സെര്‍വറില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു.
ഇത് ശത്രുക്കള്‍ക്ക് എളുപ്പത്തില്‍ കണ്ടെത്താമായിരുന്നു എന്ന കാര്യം ശ്രദ്ധിക്കുന്നതില്‍ ഹിലരിക്ക് ജാഗ്രതക്കുറവ് ഉണ്ടായെന്ന് കോമി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
എന്നാല്‍ അന്വേഷണ സംഘത്തില്‍ നിന്ന് തെറ്റുമറച്ചു വയ്ക്കാനായി ഹിലരി ഈ ഇമെയിലുകള്‍ നശിപ്പിച്ചിട്ടില്ലെന്നും അതിനാല്‍ ക്രിമിനലായ കുറ്റം ഹിലരി ചെയ്‌തെന്ന് കരുതാനാവില്ലെന്നും കോമി വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."