കടലാടിപ്പാറ ഖനനം: സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി
നീലേശ്വരം: കടലാടിപ്പാറയില്‍ ബോക്‌സൈറ്റ് ഖനാനുമതിക്കായി ശ്രമിക്കുന്ന ആശാപുര കമ്പനിയുടെ പരാതി പ്രകാരം കേന്ദ്ര വനം പരിസ്ഥിതി, ഖന മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ കടലാടിപ്പാറയിലെത്തി പഠനം നടത്തിയതു സംബന്ധിച്ചു സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. സുപ്രഭാതം വാര്‍ത്തയുടെ അടിസ്ഥാനത്തിലാണു അന്വേഷണം.
കഴിഞ്ഞ രണ്ടാഴ്ചയായി കേന്ദ്ര സംഘം മംഗളൂരു താമസിച്ചു ബസിലും മറ്റുമായി സ്ഥലത്തെത്തിയാണു പഠനം നടത്തിയത്. പാരിസ്ഥിതികാഘാത പഠനം നടത്താന്‍ സാഹചര്യമൊരുക്കുന്നില്ലെന്ന കമ്പനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണു പഠനം. സ്ഥലത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഫോട്ടോകളും തെളിവിനായി സംഘം ശേഖരിച്ചിരുന്നു.
കേന്ദ്രസംഘം സ്ഥലത്തെത്തി പഠനം നടത്തിയത് സ്‌പെഷ്യല്‍ ബ്രാഞ്ചും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്നു പ്രദേശത്തുണ്ടായേക്കാവുന്ന പ്രതിഷേധങ്ങളും സ്‌പെഷ്യല്‍ ബ്രാഞ്ച് വിഭാഗം നിരീക്ഷിച്ചു വരികയാണ്. സ്ഥലത്തെ നിലവിലുള്ള സ്ഥിതി അപ്പപ്പോള്‍ വകുപ്പു മേധാവിക്കു റിപ്പോര്‍ട്ടു ചെയ്യുന്നുമുണ്ട്.
അതേസമയം പ്രാദേശിക ഭരണകൂടത്തിന്റേയും ജനങ്ങളുടേയും എതിര്‍പ്പിനെ മറികടന്നു കേന്ദ്രസംഘം രഹസ്യമായി പഠനം നടത്തിയതിനെതിരേ പ്രതിഷേധം ശക്തമാണ്. വരും ദിവസങ്ങളില്‍ യോഗം ചേര്‍ന്നു ഭാവികാര്യങ്ങള്‍ തീരുമാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."