തമിഴ്‌നാട് സര്‍ക്കാര്‍ പ്രസവാവധി ആറ് മാസത്തില്‍ നിന്ന് ഒന്‍പത് മാസമാക്കി ഉയര്‍ത്തി
ചെന്നൈ: വനിത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രസവാവധി ആറ് മാസത്തില്‍ നിന്ന് 9 മാസമായി ഉയര്‍ത്തി തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിറക്കി. 'മെറ്റേണിറ്റി ലീവ്' വര്‍ധിപ്പിക്കാമെന്ന് രണ്ട് മാസം മുമ്പ് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഉറപ്പ് നല്‍കിയിരുന്നു.
ഇതോടെ വനിത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആറ് മാസത്തിന് (180 ദിവസം) പകരം 9 മാസം (270ദിവസം) പ്രസവാവധി ലഭിക്കും. അടിസ്ഥാന ചട്ടങ്ങളിലുള്ള അത്യാവശ്യ ഭേദഗതികള്‍ പിന്നീട് വേറെ തന്നെ നടത്തുമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
രണ്ട് കുട്ടികളില്‍ കുറവുള്ള വനിത ജീവനക്കാര്‍ക്ക് 9 മാസം ശമ്പളത്തോടു കൂടിയ പ്രസവാവധി ലഭിക്കും. ജീവനക്കാരിയുടെ താല്‍പര്യമനുസരിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവുമായി അവധി തരംതിരിച്ചെടുക്കാനും സാധിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
സെപ്തംബര്‍ 1 ന് തെരഞ്ഞെടുപ്പ് വാഗ്ദാന പ്രകാരം പ്രസവാവധി ആറ് മാസത്തില്‍ നിന്നും ഒന്‍പത് മാസമാക്കുമെന്ന ജയലളിത ഉറപ്പ് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."