പക്ഷിപ്പനി: 30000 താറാവുകളെ കൂടി കൊന്നൊടുക്കും
കോട്ടയം: ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കൂടുതല്‍ താറാവുകളെ കൊല്ലാന്‍ തീരുമാനം. രോഗം ബാധിച്ച 30000 താറാവുകളെ കൂടി കൊന്നുനശിപ്പാക്കാ കലക്ടര്‍ സി.എ ലതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
ഇന്ന് രാവിലെ 10 മുതല്‍ താറാവുകളെ നശിപ്പിക്കുന്നതിന് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ആരംഭിക്കും. അയ്മനം, വെച്ചൂര്‍, പായിപ്പാട്, തലയാഴം, നീണ്ടൂര്‍ പ്രദേശങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി.
ഇതിനായി വെറ്ററിനറി ഡോക്ടര്‍, പൊലിസ്, ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍, അറ്റന്‍ഡര്‍, പഞ്ചായത്തംഗം എന്നിവരടങ്ങിയ വിവിധ സ്‌ക്വാഡുകള്‍ പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. പക്ഷിപ്പനി സ്ഥിരീകരിച്ച സ്‌പോട്ടിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള താറാവുകളെയാണു നശിപ്പിക്കുക.
താറവുകളെ നശിപ്പിക്കുന്നതിന് ആവശ്യമായ മണ്ണെണ്ണ വിതരണം ചെയ്യുന്നതിന് ജില്ലാ സപ്ലൈ ഓഫിസര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി.
5000 താറാവുകള്‍ക്ക് 5 മുതല്‍ 10 വരെ ടണ്‍ വിറക്, 50 കിലോ പഞ്ചസാര, ഒരു ബാരല്‍ മണ്ണെണ്ണ, 500 കി.ഗ്രാം തൊണ്ടും ചിരട്ടയും, പ്രദേശം അണുവിമുക്തമാക്കുന്നതിന് 150 കി. ഗ്രാം ബ്ലീച്ചിംഗ് പൗഡറും കുമ്മായവും എന്നിങ്ങനെയാണ് കണക്കാക്കിയിട്ടുള്ളത്. സ്‌ക്വഡിനുള്ള ഭക്ഷണം, താമസം എന്നിവ പഞ്ചായത്തുകള്‍ ക്രമീകരിക്കണം.
നശീകരണത്തില്‍ പങ്കെടുക്കുന്നവരെ മെഡിക്കല്‍ ചെക്കപ്പിന് വിധേയമാക്കും. ഇതുവരെ 21000 താറാവുകളെയാണ് ജില്ലയില്‍ കൊന്ന് നശിപ്പിച്ചിട്ടുള്ളത്.
യോഗത്തില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ജെ. ഹരിഹരന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ. എം. ദിലീപ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജേക്കബ് വര്‍ഗീസ്, വൈക്കം തഹസില്‍ദാര്‍ എസ് മായ, കോട്ടയം തഹസില്‍ദാര്‍ അനില്‍ ഉമ്മന്‍, വെറ്റിറനറി ഡോക്ടര്‍മാര്‍, ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തു പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വളര്‍ത്തു പക്ഷികളുടെ കടത്ത് നിരോധിച്ചു
കോട്ടയം: അയ്മനം, വെച്ചൂര്‍, തലയാഴം, നീണ്ടൂര്‍, പായിപ്പാട്, കുമരകം എന്നീ പ്രദേശങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രദേശങ്ങളുടെ 10 കി.മി ചുറ്റളവില്‍ താറാവ്, കോഴി, മറ്റു വളര്‍ത്തുപക്ഷികള്‍ എന്നിവയും അവയുടെ കാഷ്ടം, മുട്ട എന്നിവയുടെയും കടത്തിക്കൊണ്ടുപോകല്‍ നിരോധിച്ചതായി കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."