നിലമ്പൂര്‍ ജോയിന്റ് ആര്‍.ടി ഓഫിസ് പരാധീനതകളുടെ നടുവില്‍ വീര്‍പ്പുമുട്ടുന്നു
നിലമ്പൂര്‍: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വാഹന രജിസ്‌ട്രേഷന്‍ നടക്കുന്ന ജോയിന്റ് ആര്‍.ടി ഓഫിസുകളിലൊന്നായ നിലമ്പൂരിലെ ജോയിന്റ് ആര്‍.ടി ഓഫിസ് പരാധീനതകള്‍ക്ക് നടുവില്‍. ഫീസിന് നല്‍കാന്‍ റസീപ്റ്റ് പോലുമില്ലാത്ത അവസ്ഥയിലാണ്.
ഒരു വര്‍ഷത്തിനിടയില്‍ മൂന്നാം കണ്ണ് പരിശോധനയിലൂടെ മാത്രം 23,76,600 രൂപ സര്‍ക്കാര്‍ ഖജനാവിലേക്ക് നല്‍കിയ ആര്‍.ടി ഓഫിസിന്റെ സ്ഥിതിയാണിത്. മൂന്ന് മാസമായി റസീപ്റ്റ് ഇല്ലാത്തതിനാല്‍ പേപ്പറില്‍ എഴുതിയാണ് ഫീസ് അടച്ചവര്‍ക്ക് നല്‍കുന്നത്.
ആര്‍സി ലാമിനേറ്റ് ചെയ്യുന്നതിനുള്ള പൗച്ച് ഇല്ലാത്തതിനാല്‍ കൃത്യസമയത്ത് നല്‍കാനാകുന്നില്ല. മാസം ആയിരത്തിഅഞ്ഞൂറോളം വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്യുന്നത്. ഇതില്‍ 98 ശതമാനവും ഇരുചക്രവാഹനങ്ങളാണ്. ആര്‍സിയില്‍ പതിപ്പിക്കാനുള്ള ഹോളോഗ്രാം എത്തിയിട്ട് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. അതും ആവശ്യത്തിന് തികയില്ല.
ബാറ്ററി മാറ്റാത്തതിനാല്‍ യുപിഎസ് ഉപയോഗശൂന്യമാണ്. ഇത് ജോലിയെ സാരമായി ബാധിക്കുന്നുവെന്ന് ജീവനക്കാര്‍ പറയുന്നു. ആര്‍.ടി ഓഫിസിലെ ഓരോ സേവനങ്ങള്‍ക്കും സര്‍വിസ് ചാര്‍ജ് ഈടാക്കുന്നുമുണ്ട്. ദിവസേന 1500ല്‍ പരം ഫോട്ടോ അടക്കമുള്ള നോട്ടിസുകളാണ് മോട്ടോര്‍ വാഹനവകുപ്പ് നിയമം ലംഘിക്കുന്നവര്‍ക്ക് അയക്കുന്നത്.
ഇതിനായി കുടുംബശ്രീയില്‍ നിന്നും രണ്ടുപേരെ നിയമിച്ചിരുന്നു. ഇവര്‍ ഇക്കാര്യം ഭംഗിയായി നിര്‍വഹിച്ചിരുന്നുവെങ്കിലും ലാഭകരമല്ലെന്ന് പേര് പറഞ്ഞ് ഇവരെയും ആര്‍.ടി.ഒ പിരിച്ചുവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."