ആരോഗ്യ ഉപകേന്ദ്രങ്ങള്‍ നോക്കുകുത്തികളാകുന്നതായി ആക്ഷേപം
കൂട്ടിലങ്ങാടി: പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ക്കു കീഴിലായി വിവിധ പഞ്ചായത്തുകളിലുള്ള ആരോഗ്യ ഉപകേന്ദ്രങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ആക്ഷേപം. പൊതുജനങ്ങള്‍ക്കു സഹായകരമായ ആരോഗ്യപരിരക്ഷാ പ്രവര്‍ത്തനങ്ങള്‍ വേണ്ടപോലെ ഇവിടെ നടക്കാറില്ലെന്നാണ് പരാതി. ലഭ്യമാകുന്ന സേവനങ്ങളും മറ്റും എഴുതിയ ബോര്‍ഡുകളുണ്ടെങ്കിലും പദ്ധതിക്കു സുതാര്യതയില്ലെന്നും ആരോപമുണ്ട്.
ഇവ പലപ്പോഴും അടഞ്ഞുകിടക്കുന്നതായാണ് ആരോപണം. ഒരു ജെ.എച്ച്.ഐയും ഒരു ജെ.പി.എച്ച്.എന്നുമാണ് ഇവിടങ്ങളില്‍ നിയമിക്കപ്പെടാറ്. 5,000 പേര്‍ക്ക് ഒരു സബ്‌സെന്റര്‍ എന്ന തോതിലാണ് അനുവദിച്ചിട്ടുള്ളതെങ്കിലും രണ്ടിരട്ടിയിലധികം പേരാണ് പലയിടത്തും പ്രവര്‍ത്തനപരിധിയിലുള്ളത്. ഇതുകാരണം ജോലിഭാരം കൂടുതലാണെന്നാണ് ഇവിടങ്ങളില്‍ ജോലി ചെയ്യുന്ന ആരോഗ്യ അധികൃതര്‍ പറയുന്നത്.
ഫീല്‍ഡ്‌വര്‍ക്കുകളില്‍ പലതും ബോധവല്‍ക്കരണം, വിവരശേഖരണം തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ്. ജെ.എച്ച്.ഐയും ജെ.പി.എച്ച്.എന്നും ഫീല്‍ഡ്‌വര്‍ക്കുകളില്‍ മാത്രം ഒതുങ്ങുന്നതാണ് പരാതികള്‍ക്കിടയാക്കുന്നത്. രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്കു രണ്ടു വരെയാണ് മിക്ക ഉപകേന്ദ്രങ്ങളിലുമുള്ള ജീവനക്കാര്‍ ഫീല്‍ഡ്‌വര്‍ക്കുകള്‍ ചെയ്യാറുള്ളത്. തുടര്‍ന്ന് അങ്കണവാടികളിലും മറ്റും ബോധവല്‍ക്കരണത്തിനും മറ്റുമായി നീക്കിവയ്ക്കും. ഇവ പലപ്പോഴും നാട്ടുകാര്‍ക്കു ബോധ്യമാകുന്നവിധം സുതാര്യമാകാറില്ലെന്നും ആക്ഷേപമുണ്ട്.
30 വയസിനു മീതെയുള്ളവരിലെ പ്രമേഹം, പ്രഷര്‍ എന്നിവ കണ്ടെത്തി അവരുടെ ആരോഗ്യസംരക്ഷണത്തിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുക, അങ്കണവാടികളിലും പൊതുജനം ആവശ്യപ്പെടുന്ന കേന്ദ്രങ്ങളിലുമെത്തി പകര്‍ച്ചവ്യാധി രോഗങ്ങള്‍ക്കെതിരേ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുക, ജനന, മരണ രജിസ്റ്ററുകള്‍ രേഖപ്പെടുത്തുക, ഇതരസംസ്ഥാന തൊഴിലാളി കേന്ദ്രങ്ങളില്‍ തൊഴിലാളികള്‍ക്കുള്‍പ്പെടെ പൊതുജനങ്ങള്‍ക്കാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുക, ഗര്‍ഭിണി, കുഞ്ഞുങ്ങള്‍ എന്നിവര്‍ക്കായുള്ള പരിരക്ഷയും പ്രതിരോധ കുത്തിവയ്പുകളും എടുപ്പിക്കുക തുടങ്ങിയവയാണ് ജെ.എച്ച്.ഐയുടെ നേതൃത്വത്തില്‍ സബ് സെന്ററുകളുടെ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."