പത്രപ്രവര്‍ത്തകരെന്ന വ്യാജേന ആറരലക്ഷം രൂപ തട്ടിയെടുത്തതായി പരാതി
കോഴിക്കോട്: പത്രപ്രവര്‍ത്തകരെന്ന വ്യാജേന കെട്ടിടയുടമയുടെ കൈയില്‍ നിന്ന് ആറരലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. നടക്കാവ് ഈസ്റ്റ്ഹില്‍ റോഡില്‍ പേള്‍സ് ഗാര്‍ഡന്‍ വീട്ടില്‍ ശിഹാബുദ്ദീന്റെ പണമാണ് നഷ്ടമായത്.
ശിഹാബുദ്ദീന്റെ ഭാര്യാ പിതാവ് അബ്ദുസ്സമദിന്റെ ഉടമസ്ഥതയിലുള്ള മലപ്പുറം പെരിന്തല്‍മണ്ണയിലെ ഷാലിമാര്‍ ബില്‍ഡിങ് വാങ്ങാന്‍ സന്നദ്ധരാണെന്നും ഇടപാട് സംബന്ധിച്ച ചെലവിനത്തിന്റെ അഡ്വാന്‍സ് നല്‍കണമെന്നും പറഞ്ഞാണ് സ്ഫുലിംഗം മാഗസിന്റെ റിപ്പോര്‍ട്ടര്‍മാരെന്ന പേരിലെത്തിയവര്‍ പണം തട്ടിയത്.
ശിഹാബുദ്ദീന്റെ പരാതി പ്രകാരം കോഴിക്കോട് ആനിഹാള്‍ റോഡ് വളപ്പില്‍ ഹൗസില്‍ വിനയന്‍, മേരിക്കുന്ന് നന്നങ്ങാടത്ത് ഹൗസില്‍ ജുനൈസ്, പയ്യന്നൂര്‍ ദാറുസ്സലാം വീട്ടില്‍ അബ്ദുല്‍ ഖാദര്‍, കോഴിക്കോട് സ്വദേശി അനീഷ് എന്നിവര്‍ക്കെതിരേ ചേവായൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. കെട്ടിട വില്‍പ്പനയുടെ മറവില്‍ ആറരലക്ഷം രൂപ തട്ടിയെടുത്ത പ്രതികള്‍ സംസ്ഥാനത്ത് പലയിടങ്ങളിലും സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് ശിഹാബുദ്ദീന്‍, ഭാര്യാപിതാവ് അബ്ദുസ്സമദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
പത്രപ്രവര്‍ത്തകരെന്ന് സ്വയം പരിചയപ്പെടുത്തിയ വിനയനും ജുനൈസും മാസികയിലൂടെ തങ്ങള്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുന്നുണ്ടെന്ന് ഷിഹാബുദ്ദീനെ അറിയിക്കുകയും ദിവസങ്ങള്‍ക്ക് ശേഷം മുന്‍മന്ത്രിയുടെ മരുമകനെന്ന് അവകാശപ്പെട്ട് കരീം ഹാജി എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാള്‍ക്കൊപ്പം ശിഹാബുദ്ദീന്റെ വീട്ടിലെത്തുകയുമായിരുന്നു. ഇയാളുടെ യഥാര്‍ഥ പേര് അബ്ദുല്‍ ഖാദറെന്നാണെന്ന് പിന്നീട് അന്വേഷിച്ചപ്പോള്‍ മനസിലായതായും ഇവര്‍ പറഞ്ഞു.
കഴിഞ്ഞ ഓഗസ്റ്റ് 10ന് സ്ഥലമിടപാട് സംബന്ധിച്ച ചെലവിലേക്കും മറ്റുമായി പത്തുലക്ഷം രൂപ ആവശ്യമുണ്ടെന്ന് ഇരുവരും അറിയിച്ചു. തുടര്‍ന്ന് ഓഗസ്റ്റ് 13ന് രാത്രി എട്ടിന് മലാപ്പറമ്പില്‍ വച്ച് ശിഹാബുദ്ദീന്‍ പണം നല്‍കി.
സ്ഥലമിടപാട് നടക്കാതെ വന്നപ്പോള്‍ കൊടുത്ത പണം തിരികെ ചോദിച്ചതിന് പ്രതികള്‍ ഭീഷണിപ്പെടുത്തിയതായും ക്രൈം മാസികയുടെ എഡിറ്ററെന്ന് പരിചയപ്പെടുത്തിയ അനീഷ് ഇവര്‍ക്ക് വേണ്ടി മധ്യസ്ഥചര്‍ച്ച നടത്തിയതായും ശിഹാബുദ്ദീന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."