ആലക്കോട് പ്രാഥമികാരോഗ്യ കേന്ദ്ര മന്ദിരം ഉദ്ഘാടനം 12ന്
തൊടുപുഴ: ആലക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ മന്ദിരം 12ന് മന്ത്രി കെ.കെ ശൈലജ നാടിന് സമര്‍പ്പിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജെറി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പി .ജെ ജോസഫ് എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 95 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ മന്ദിരം നിര്‍മിച്ചത്.
12ന് രാവിലെ 11 ന് ആലക്കോട് ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ പി.ജെ ജോസഫ് എം.എല്‍.എ അധ്യക്ഷനാവും. അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം.പി മുഖ്യപ്രഭാഷണം നടത്തും. ദിനംപ്രതി 150 ലേറെ രോഗികള്‍ ആശ്രയിക്കുന്ന ആലക്കോട് പ്രാഥമികാരോഗ്യ കേന്ദ്രം 2013 ഫെബ്രുവരി 23ന് ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് കത്തി നശിച്ചിരുന്നു. തുടര്‍ന്ന് ഗ്രാമപഞ്ചായത്തിന്റെ കുടുംബശ്രീ ഓഫീസ് കെട്ടിടത്തിലായിരുന്നു താല്‍ക്കാലിക പ്രവര്‍ത്തനം.
രണ്ടു നിലകളിലുള്ള മന്ദിരമാണ് പി.എച്ച്.സിക്കായി നിര്‍മിച്ചത്. ഇതില്‍ താഴത്തെനിലയിലെ വൈദ്യുതീകരണം അടക്കമുള്ള പണികള്‍ പൂര്‍ത്തീകരിച്ചു. ലാബോറട്ടറി ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സ്ഥലസൗകര്യം പുതിയ മന്ദിരത്തിലുണ്ട്. ലാബ് സൗകര്യങ്ങള്‍ അനുവദിക്കുന്നതിന് മന്ത്രിക്ക് നിവേദനം നല്‍കാനും ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തിട്ടുണ്ട്.സ്വാഗതസംഘം കണ്‍വീനര്‍ ടോമി കാവാലം, വൈസ് പ്രസിഡന്റ് സഫിയ മുഹമ്മദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എമ്മാനുവല്‍ മത്തായി, ബിജു ജോസഫ്, മിനി മൈക്കിള്‍, സനൂജ സുബൈര്‍, ജെയ്‌മോന്‍ അബ്രാഹം, റെജി സേവി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഐസക് ഡാനിയേല്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സോജന്‍ വര്‍ഗീസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."