തുറവൂര്‍ പാടശേഖരങ്ങളില്‍ കോടികളുടെ അഴിമതിയെന്ന് ആരോപണം
തുറവുര്‍: പാടശേഖരങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മറവില്‍ കോടികളുടെ അഴിമതിയെന്ന് ആരോപണം .നമ്പാഡിന്റെ സഹായത്തോടെ രണ്ടു കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് തുറവൂര്‍ പടശേഖരങ്ങളില്‍ നടക്കുന്നത് .തുറവൂര്‍ കര്‍ഷക സംഘങ്ങളാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്യം നല്‍കുന്നത്.
പാടശേഖരങ്ങളുടെ പുറംബണ്ടുകള്‍ ബലപ്പെടുത്തുക ,പുറംതോടുകളുടെ ആഴം കൂട്ടുക ,പാടശേഖരങ്ങളിലെ ജല നിര്‍ഗമന നിയന്ത്രണത്തിനായി സ്ലൂയിസുകള്‍ നിര്‍മ്മിക്കുക എന്നിവയാണ് പദ്ധതിയില്‍പ്പെടുത്തി നടപ്പാക്കേണ്ടത്.എന്നാല്‍ ഇതിനു പകരം പാടശേഖരത്തിലെ പുറംതോടിന്റെ ആഴം കൂട്ടാതെ ചെളി ഉപയോഗിച്ച് അശാസ്ത്രീയമായി പുറംബണ്ട് നിര്‍മ്മിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇതിനു പുറമേ നിലവിലുള്ള ചെളിനീക്കം ചെയ്യാതെ ഇതിന്റെ പുറത്താണ് സ്ലൂയിസുകള്‍ നിര്‍മ്മിക്കുന്നത് .
ചെറിയ മഴയില്‍പ്പോലും നിലവിലെ പുറംബണ്ടുകളും ഇപ്പോള്‍ നിര്‍മ്മിക്കുന്ന സ്ലൂയിസുകളും മുങ്ങിപ്പോകാവുന്ന അവസ്ഥയാണ്. വര്‍ഷങ്ങളായി തരിശുകിടക്കുന്ന നൂറുകണക്കിന് ഏക്കര്‍ ഭൂമി കൃഷിയോഗ്യമാക്കാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മാത്രം നടത്തുന്നത് വന്‍ അഴിമതി ലക്ഷ്യമാക്കിയാണെന്ന് കര്‍ഷകര്‍ പറയുന്നു.
മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘമാണ് ഇവിടുത്തെ പ്രവര്‍ത്തനങ്ങളുടെ പദ്ധതികള്‍ തയ്യാറാക്കുന്നതും ,ഫണ്ട് അനുവദിപ്പിക്കുന്നതും ,നടപ്പിലാക്കുന്നതും .ഇതിന്റെ ഒരു വിഹിതം പറ്റി എല്ലാ അഴിമതിക്കും മൗനസമ്മതം നല്‍കുകയാണ് കര്‍ഷകസംഘങ്ങള്‍ .തുറവൂര്‍ പാടശേഖരങ്ങളില്‍ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ അഴിമതി അന്വഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."