സി.ടി.സ്‌കാന്‍
എക്‌സറേയെ കുറിച്ച് അറിയാമല്ലോ. എക്‌സറേയുടെ പ്രധാനപ്പെട്ട ന്യൂനത ഒരു കോണില്‍നിന്നുള്ള ചിത്രം മാത്രമേ ലഭിക്കുകയുള്ളൂവെന്നതാണ്. എന്നാല്‍ സി.ടി.സ്‌കാനിങില്‍ (കംപ്യൂട്ടറൈസ്ഡ് ടോമോഗ്രാഫി) 360 ഡിഗ്രിയിലുള്ള വ്യത്യസ്ത കോണുകളില്‍നിന്നുള്ള ചിത്രം ലഭിക്കും. എക്‌സറേ ട്യൂബ് ,എക്‌സറേ ഡിറ്റക്റ്റര്‍ എന്നിവ അടങ്ങിയ സ്‌കാനിങ് യൂണിറ്റും സ്‌കാനിങ് നിയന്ത്രണവിധേയമാക്കുന്ന കണ്‍സോള്‍, ഇമേജ് പ്രൊസസര്‍ എന്നിവയടങ്ങുന്ന കംപ്യൂട്ടര്‍ എന്നിവയാണ് സി.ടി.സ്‌കാനറില്‍ ഉപയോഗപ്പെടുത്തുന്നത്. എക്‌സറേ ട്യൂബും ഡിറ്റക്റ്ററും ശരീരത്തിനു ചുറ്റും കറങ്ങി എക്‌സറേ രശ്മികള്‍ക്കുണ്ടാകുന്ന ബലക്ഷയം കണക്കാക്കിയാണ് സ്‌കാനിങ് ചിത്രം ലഭിക്കുന്നത്. ശരീരം പൂര്‍ണമായും സ്‌കാന്‍ ചെയ്യാന്‍ സി.ടി.ക്ക് കഴിയും.
ഇങ്ങനെയെടുക്കുന്ന ഓരോ ചിത്രവും കംപ്യൂട്ടറിലൂടെ കൂട്ടിയോജിപ്പിക്കപ്പെട്ട് ആ ഭാഗത്തിന്റെ ത്രിമാന ചിത്രം ലഭ്യമാക്കും. സ്‌കാനിങ്് നടക്കുമ്പോള്‍ തന്നെ കംപ്യൂട്ടര്‍ മോണിറ്ററിലൂടെ ചിത്രം നമുക്ക് കാണാന്‍ സാധിക്കുന്നു. എന്നാല്‍ മാരകമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍ പല തവണ സ്‌കാനിങിന് വിധേയമാകുന്നത് ആരോഗ്യ വിദഗ്ധര്‍ വിലക്കുന്നുണ്ട്. ശരീരഭാഗം മുഴുവന്‍ സ്‌കാന്‍ ചെയ്യുമ്പോള്‍ മറ്റ് അസുഖങ്ങളുണ്ടാകുന്നതായി പഠനങ്ങള്‍ പറയുന്നു. രോഗിയുടെ അടുത്തുതന്നെ നില്‍ക്കേണ്ടി വരുമ്പോള്‍ സ്‌കാനിങ് വിദഗ്ധര്‍ ഈയം കൊണ്ടുള്ള കോട്ടുകള്‍ ധരിച്ച് റേഡിയേഷനില്‍നിന്നുള്ള സുരക്ഷ ഉറപ്പു വരുത്താറുണ്ട്.
ഹൃദയവും
സി.ടി.സ്‌കാനും
ഹൃദയസംബന്ധമായ അസുഖങ്ങള്‍ കണ്ടെത്താന്‍ സി.ടി.സ്‌കാനുകള്‍ ഉപയോഗിക്കാറുണ്ട്. തുടര്‍ച്ചയായി രോഗിയുടെ ശരീരം മുന്നോട്ടുനീക്കിയും ഘട്ടം ഘട്ടമായി മുന്നോട്ടു നീക്കിയും സ്‌കാന്‍ ചെയ്യുന്ന വിധമുണ്ട്. ഹൃദയമിടിപ്പ് 65 ല്‍ താഴെ നിലനിര്‍ത്തിയാണ് സ്‌കാന്‍ ചെയ്യുന്നത്. ഇതിനായി പ്രത്യേക മരുന്നുകള്‍ നല്‍കിവരുന്നു. നൈട്രേറ്റ് ഗുളികകള്‍ ഉപയോഗപ്പെടുത്തി ഹൃദയ ധമനികള്‍ വികസിപ്പിക്കാറുണ്ട്. അയോഡിന്‍ അടങ്ങിയ രാസപദാര്‍ഥം കുത്തിവയ്ക്കുന്ന പതിവും ഉണ്ട്. ആധുനികമായ ഇലക്ട്രോണ്‍ ബീന്‍ സി.ടി.സ്‌കാനറുകള്‍ ഉപയോഗിച്ച് ഹൃദയത്തിന്റെ സ്‌കാനിങ് നടത്താന്‍ നൂറു മില്ലി സെക്കന്റില്‍ താഴെമാത്രമേ ആവശ്യമുള്ളൂ.
വൈദ്യശാസ്ത്ര
രംഗത്ത്
വൈദ്യശാസ്ത്ര രംഗത്ത് സി.ടി.സ്‌കാന്‍ വ്യാപകമായിത്തുടങ്ങിയിട്ട് ഏറെ നാളായിട്ടില്ല. ബ്രിട്ടീഷ് എന്‍ജിനീയറായ ഗോഡ് ഫ്രെ ഹോണ്‍സ്ഫീല്‍ഡ്, സൗത്ത് ആഫ്രിക്കന്‍ ബോണ്‍ ഫിസിസ്റ്റായ അലന്‍ മക്‌ലോര്‍ഡ് കോര്‍മാക് എന്നിവര്‍ ചേര്‍ന്നാണ് സി.ടി.സ്‌കാനിങ് വിദ്യ ലോകത്തിനു സമ്മാനിച്ചത്. 1979ലാണ് ഇവര്‍ക്ക് നൊബേല്‍ സമ്മാനം ലഭിക്കുന്നത്. കൂടുതലായും സി.ടി.സ്‌കാന്‍ അറിയപ്പെട്ടിരുന്നത് കമ്പ്യൂട്ടര്‍ ആക്‌സിയല്‍ ടോമോഗ്രാഫി (ഇീാുൗലേറ അഃശമഹ ഠീാീഴൃമുവ്യ )എന്ന പേരിലാണ്.
ഗുണവും ദോഷവും
കൃത്യതയുള്ള ഇമേജ് സ്‌കാനിങാണ് സി.ടി.യിലൂടെ ലഭിക്കുന്നത്. എക്‌സറേയെപ്പോലെ ഒന്നിലധികം ദൃശ്യങ്ങളെ ഒന്നിനുമുകളില്‍ ഒന്നായി കാണപ്പെടുന്നില്ല. ഒരേസമയം എല്ലുകള്‍, രക്തധമനികള്‍ എന്നിവയുടെ ഇമേജിങ് നടത്താന്‍ സാധിക്കുന്നു. ചുരുങ്ങിയ സമയം മതിയാകും ഒരു സ്‌കാനിംഗിന്.
ഉയര്‍ന്ന തോതിലുള്ള റേഡിയേഷനാണ് സി.ടി.സ്‌കാനിന്റെ ദോഷവശം. ഗര്‍ഭിണികളായ സ്ത്രീകളില്‍ നടത്തുന്ന സ്‌കാനിങ് മൂലം കുഞ്ഞിനേയും റേഡിയേഷന്‍ ബാധിക്കും. ഉയര്‍ന്ന തോതിലുള്ള റേഡിയേഷന്‍ ഡി.എന്‍.എയെ തകരാറിലാക്കുകയോ അര്‍ബുദത്തിന് കാരണമാകുകയോ ചെയ്യുന്നു.
രക്താര്‍ബുദം,ശ്വാസകോശം, ആമാശയം എന്നിവയിലെ അര്‍ബുദങ്ങളും റേഡിയേഷന്‍ മൂലം സംഭവിക്കുന്നു. സി.ടി.സ്‌കാനിങ് നടത്തുമ്പോള്‍ കുത്തിവയ്ക്കുന്ന മരുന്നുകള്‍ പല രോഗങ്ങള്‍ക്കും ശാരീരിക പ്രശ്‌നങ്ങള്‍ക്കും കാരണമാകാറുണ്ട്്.
അലന്‍ മക്‌ലോര്‍ഡ് കോര്‍മാക്
സൗത്ത് ആഫ്രിക്കന്‍ അമേരിക്കന്‍ ഫിസിസ്റ്റാണ് കോര്‍മാക്. സൗത്ത് ആഫ്രിക്കയിലെ ജോണ്‍സ്ബര്‍ഗിലാണ് അദ്ദേഹത്തിന്റെ ജനനം. ഫിസിക്‌സില്‍ ബിരുദവും ക്രിസ്റ്റലോഗ്രാഫിയിലും ബിരുദാനന്തര ബിരുദവും നേടിയശേഷം കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ രണ്ടു വര്‍ഷം ഗവേഷണം. 1966 ല്‍ അമേരിക്കന്‍ പൗരത്വം സ്വീകരിച്ചു.
പാര്‍ട്ടിക്കിള്‍ ഫിസിക്‌സിലായിരുന്നു തുടര്‍ന്ന് അദ്ദേഹം പ്രവര്‍ത്തനം നടത്തിയിരുന്നെങ്കിലും എക്‌സറേ അനുബന്ധ വിഷയങ്ങളിലുള്ള തുടര്‍ഗവേഷണം സി.ടി.സ്‌കാനിങിന്റെ കണ്ടെത്തലിലേക്കു നയിച്ചു. 1998 മെയ് 7 ന് കാന്‍സര്‍ ബാധിച്ച് അദ്ദേഹം മരണമടഞ്ഞു.
ഗോഡ് ഫ്രെ ഹോണ്‍സ്ഫീല്‍ഡ്
ഗോഡ് ഫ്രെ ന്യൂബോള്‍ഡ് ഹോണ്‍സ്ഫീല്‍ഡ് എന്നാണ് മുഴുവന്‍ പേര്. ഇംഗ്ലീഷ് ഇലക്ട്രിക്കല്‍ എന്‍ജിനീയറായിരുന്നു ഹോണ്‍സ്ഫീല്‍ഡ്. സി.ടി.സാകാനിങില്‍ ഉപയോഗിക്കുന്ന റേഡിയോ ഡെന്‍സിറ്റി അളക്കാനുള്ള ഏകകമായ ഹോണ്‍സ്ഫീല്‍ഡ് യൂണിറ്റ് ഇദ്ദേഹത്തിന്റെ പേരുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഇംഗ്ലണ്ടിലാണ് ഹോണ്‍സ്ഫീല്‍ഡിന്റെ ജനനം. രണ്ടാം ലോക മഹായുദ്ധത്തിനു മുന്‍പ് യു.കെ.യിലെ റോയല്‍ എയര്‍ ഫോഴ്‌സില്‍ സേവനമനുഷ്ടിക്കവേ റഡാറിനെക്കുറിച്ചും ബേസിക് ഇലക്ട്രോണിക്‌സിനെക്കുറിച്ചും പഠനംനടത്തി. യുദ്ധത്തിനു ശേഷം ലണ്ടനിലെ ഫാരഡെ ഹൗസ് ഇലക്ട്രിക് എന്‍ജിനീയറിംഗ് കോളജില്‍ ചേര്‍ന്ന് ബിരുദം നേടി.
1958 മുതല്‍ കമ്പ്യൂട്ടര്‍ സംബന്ധമായ പഠനത്തില്‍ മുഴുകുകയും ബ്രിട്ടനിലെ ആദ്യത്തെ കംപ്യൂട്ടര്‍ നിര്‍മിത ട്രാന്‍സിസ്റ്ററായ ഋങകഉഋഇ 1100 ന്റെ നിര്‍മാണത്തില്‍ മികച്ച സംഭാവനകള്‍ നല്‍കി. 1971 ല്‍ വൈദ്യശാസ്ത്ര രംഗത്ത് സി.ടി.സ്‌കാനറിനെ പരിചയപ്പെടുത്തുകയും 1975 ല്‍ ഹോള്‍ ബോഡി സ്‌കാനര്‍ നിര്‍മിക്കുകയും ചെയ്തു. 2004 ആഗസ്റ്റ് 12 ന് ഹോണ്‍സ്ഫീല്‍ഡ് അന്തരിച്ചു.
ചരിത്രവും വര്‍ത്തമാനവും
നിര്‍മാണകാലത്ത് സി.ടി.സ്‌കാനറുകളില്‍ രോഗിയുടെ ശരീരത്തിലൂടെ കടന്നു പോകുന്ന എക്‌സറേ തരംഗങ്ങളെ പിടിച്ചെടുത്ത് കംപ്യൂട്ടറിലേക്കു കടത്തി വിടുന്ന ഒരു ഡിറ്റക്റ്ററായിരുന്നു ഉണ്ടായിരുന്നത്. പിന്നീടു വന്ന സ്‌കാനറുകളില്‍ ഡിറ്റക്റ്ററുകളുടെ എണ്ണം ക്രാമാതീതമായി വര്‍ധിപ്പിച്ചു.
ഇന്ന് നിരവധി ഡിറ്റക്റ്ററുകള്‍ പല നിരകളില്‍ ഘടിപ്പിച്ച രീതിയിലായതിനാല്‍ സ്‌കാനിങ് യൂണിറ്റിന്റെ ഒരു കറക്കത്തില്‍ തന്നെ നിരവധി ചിത്രങ്ങളെടുക്കാന്‍ (മള്‍ട്ടി സ്ലൈസുകള്‍) സാധിക്കുന്നു. നൂറിലേറെ സ്ലൈസുകള്‍ ഒരേസമയം സ്‌കാന്‍ ചെയ്ത് ചിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കുന്ന സ്‌കാനറുകള്‍ ഇന്ന് ഉപയോഗത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."