കൈയിലുള്ളത് അസാധു; ജനം നെട്ടോട്ടത്തില്‍
സ്വന്തം ലേഖകന്‍
കോഴിക്കോട്: അഞ്ഞൂറ്, ആയിരം രൂപയുടെ നോട്ടുകള്‍ അസാധുവായതോടെ നഗരത്തിലും നാട്ടിന്‍പുറങ്ങളിലും സാമ്പത്തിക ക്രയവിക്രയം സ്തംഭിച്ചു. അത്യാവശ്യ കാര്യങ്ങള്‍ക്ക് പണം വിനിയോഗിക്കാനാകാതെ ജനം വലഞ്ഞു. നൂറു രൂപാ നോട്ടിനായി ജനം നെട്ടോട്ടത്തിലായിരുന്നു. ചെറുകിട കച്ചവടക്കാരെയും കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഏറെ പ്രയാസത്തിലാക്കി. പച്ചക്കറി, മത്സ്യക്കച്ചവടക്കാരും എന്തുചെയ്യണമെന്നറിയാതെ കുടുങ്ങി. പൊതുഗതാഗത സംവിധാനങ്ങളിലും പ്രതിസന്ധി രൂക്ഷമായിരുന്നു. വീട് നിര്‍മാണത്തിനും വിവാഹത്തിനും മറ്റുമായി സ്വരൂപിച്ചുവച്ച അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് ജനം. മിക്കവരുടെയും കൈയില്‍ ദൈനംദിന ആവശ്യങ്ങള്‍ക്കായി കരുതിവച്ച പണമാണ് ഉപയോഗമില്ലാതെ മാറിയിരിക്കുന്നത്.
നോട്ടുകള്‍ സ്വീകരിക്കുമെന്ന് പറഞ്ഞ പെട്രോള്‍ പമ്പുകളിലും റെയില്‍വേ സ്റ്റേഷനുകളിലും വന്‍ തിരക്ക് അനുഭവപ്പെട്ടു. 500, 1000 എന്നിവയുടെ നോട്ടുകള്‍ എടുക്കുന്നതല്ലെന്ന് ഹോട്ടലുകളിലും മറ്റും ബോര്‍ഡ് തൂങ്ങിയതോടെ വീടിന് പുറത്തിറങ്ങിയവര്‍ ഭക്ഷണം കഴിക്കാന്‍ പോലും നിവൃത്തിയില്ലാത്ത അവസ്ഥയിലായി. കേന്ദ്രസര്‍ക്കാര്‍ തീരുമാനം ബസ് യാത്രക്കാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും തിരിച്ചടിയായി. 500 രൂപയുമായി ബസില്‍ കയറിയവരും കണ്ടക്ടര്‍മാരും തമ്മില്‍ തര്‍ക്കം ഉടലെടുത്തു. കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഉച്ചവരെ ഇത്തരം നോട്ടുകള്‍ എടുത്തിരുന്നില്ല. എന്നാല്‍ പരാതികള്‍ വ്യാപകമായതോടെ അസാധുവാക്കിയ നോട്ടുകള്‍ എടുക്കാമെന്ന് മാനേജിങ് ഡയറക്ടര്‍ പ്രത്യേക നിര്‍ദേശം നല്‍കി. എന്നാല്‍ 500 രൂപയുമായി കൂടുതല്‍ പേര്‍ ബസുകളില്‍ കയറിയത് പ്രശ്‌നം രൂക്ഷമാക്കി. ഇവര്‍ക്ക് ബാക്കി നല്‍കാനാകാതെ കണ്ടക്ടര്‍മാര്‍ കുഴങ്ങി. ചിലര്‍ ടിക്കറ്റിന് പിറകുവശം ബാക്കി തുക എഴുതി അടുത്ത ദിവസം വാങ്ങണമെന്ന് നിര്‍ദേശിച്ചു. ഇത് അംഗീകരിക്കാന്‍ യാത്രക്കാര്‍ തയാറാകാതിരുന്നതോടെയാണ് വഴക്കിലേക്ക് നീങ്ങിയത്.
മെഡിക്കല്‍ സ്റ്റോറുകളിലേക്ക് ആളുകള്‍ കൂട്ടത്തോടെയെത്തി. പത്തും അന്‍പതും രൂപ വില വരുന്ന മരുന്നുകള്‍ക്കായി ആയിരം രൂപയുടെ നോട്ടുകള്‍ നല്‍കിയതോടെ മെഡിക്കല്‍ ഷോപ്പുകളില്‍ തര്‍ക്കത്തിനു കാരണമായി. ആശുപത്രികളില്‍ നോട്ട് എടുക്കാമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശമുണ്ടെങ്കിലും നഗരത്തിലെ വന്‍കിട ആശുപത്രികളില്‍ പോലും നോട്ടുകള്‍ സ്വീകരിച്ചില്ല. സര്‍ക്കാര്‍ ആശുപത്രികളിലെ നോട്ടുകള്‍ എടുക്കേണ്ടതുള്ളൂവെന്ന നിലപാടിലാണ് ആശുപത്രി അധികൃതര്‍. അതേസമയം ചില ആശുപത്രികള്‍ നിലവിലുള്ള നോട്ടുകള്‍ തന്നെ സ്വീകരിച്ച് രോഗികളുടെയും കൂടെയുള്ളവരുടെയും ബുദ്ധിമുട്ട് ഒഴിവാക്കി. പോസ്റ്റ് ഓഫിസുകളില്‍ എടുക്കുമെന്ന പ്രതീക്ഷയില്‍ മാനാഞ്ചിറയിലെ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് ആളുകള്‍ എത്തിയതോടെ 'ഇവിടെ ഇന്ന് പണമിടപാട് ഇല്ല' എന്ന ബോര്‍ഡ് വയ്‌ക്കേണ്ടിവന്നു. പോസ്റ്റ് ഓഫിസില്‍ പണം മാറ്റി നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ടെന്ന വാദവുമായി പലരും പോസ്റ്റല്‍ വകുപ്പിലെ ജീവനക്കാരോട് കയര്‍ത്തതോടെയാണ് ബോര്‍ഡ് വയ്ക്കാന്‍ നിര്‍ബന്ധിതരായത്.
റിസര്‍വ് ബാങ്ക് നിര്‍ദേശപ്രകാരം അടുത്തദിവസം പണം മാറ്റി നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. മത്സ്യ മേഖലയും സംതംഭിച്ചു. ദിവസങ്ങളോളം കടലില്‍ കിടന്ന് മീനുമായെത്തിയിട്ട് കച്ചവടം നടക്കാതായത് വലിയ പ്രതിഷേധമാണ് മത്സ്യത്തൊഴിലാളികളില്‍ ഉണ്ടാക്കിയത്. ജില്ലയില്‍ പുതിയാപ്പ, ബേപ്പൂര്‍, വെള്ളയില്‍, കൊയിലാണ്ടി, ചോമ്പാല്‍ ഹാര്‍ബറുകളിലെല്ലാം കച്ചവടം മുടങ്ങി. അയലും മത്തിയും പോലുള്ള ചെറിയമീനുകളുടെ ചില്ലറ വില്‍പ്പന നടന്നെങ്കിലും അയക്കൂറയും ആവോലിയും പോലുള്ള വലിയ മീനുകള്‍ ഇവിടങ്ങളിലെല്ലാം കെട്ടിക്കിടക്കുകയാണ്. മദ്യഷോപ്പുകള്‍ക്ക് മുന്നിലെ പതിവു ക്യൂവും ഇന്നലെ കണ്ടില്ല. ബീവറേജ്‌സ് കോര്‍പറേഷന്‍, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട് ലെറ്റുകളില്‍ ഇന്നലെ കച്ചവടം പകുതിയായി കുറഞ്ഞു. നോട്ടുകള്‍ അസാധുവാക്കിയതോടെ മദ്യം വാങ്ങാനാകാതെ കുടിയന്‍മാരും നിരാശരായി.
യാത്ര മുടങ്ങി; അന്നവും മുട്ടി
കൈയില്‍ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുമായി യാത്രക്കിറങ്ങിയവരാണ് അക്ഷരാര്‍ഥത്തില്‍ ഏറ്റവും ദുരിതമറിഞ്ഞത്. രാവിലെ നഗരത്തില്‍ ട്രെയിന്‍ ഇറങ്ങിയവരും ദൂരയാത്രക്കാരായി ബസ് സ്റ്റാന്‍ഡുകളില്‍ എത്തിയവരും കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം അറിഞ്ഞ് ഞെട്ടി. ചായ കുടിക്കാന്‍ പോലും പണമില്ലാതെ യാത്രക്കാര്‍ നെട്ടോട്ടമോടി. ചില ഹോട്ടുകളില്‍ 500 രൂപയുടെ നോട്ട് സ്വീകരിച്ചത് ദൂരദിക്കുകളില്‍ നിന്നുമെത്തി നഗരത്തില്‍ കുടുങ്ങിയവര്‍ക്ക് ആശ്വാസമായി. എന്നാല്‍ ഭൂരിഭാഗം യാത്രക്കാരും നൂറ്, അന്‍പത് രൂപയുടെ നോട്ടുകളില്ലാതെ വലഞ്ഞു. ചില്ലറയുണ്ടെങ്കില്‍ കയറിയാല്‍ മതിയെന്നായിരുന്നു ഓട്ടോക്കാരുടെ നിലപാട്. 500, 1000 രൂപ നോട്ടുകള്‍ എടുക്കില്ലെന്ന ബോര്‍ഡുകള്‍ ഹോട്ടലുകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ചില്ലറയില്ലാതെയെത്തിയ പതിവുകാര്‍ക്ക് കടം നല്‍കാനും ഹോട്ടലുകാര്‍ തയാറായി. കോഴിക്കോട്ടെ അറിയപ്പെടുന്ന റഹ്മത്ത് ഹോട്ടലില്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ എടുത്തു. എന്നാല്‍ 350 രൂപയുടെ ഭക്ഷണം കഴിക്കുന്നവര്‍ക്കുമാത്രമേ ഈ സൗകര്യം ലഭിച്ചിള്ളൂ. ഇക്കാര്യം വ്യക്തമാക്കിയുള്ള ബോര്‍ഡും ഹോട്ടലിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
പെട്രോള്‍ പമ്പുകളില്‍ വാക്കുതര്‍ക്കം
കള്ളപ്പണവും കള്ളനോട്ടും തടയുന്നതിന്റെ ഭാഗമായി 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതായി പ്രധാനമന്ത്രി അറിയിച്ചതിന് പിന്നാലെ നഗരത്തിലേക്ക് വാഹനങ്ങളുടെ ഒഴുക്കായിരുന്നു. കൈയിലുള്ള ആയിരവും അഞ്ഞൂറും കൊടുത്ത് പരമാവധി ഇന്ധനം നിറയ്ക്കാനായി ജനം തിരക്കുകൂട്ടി. ഇന്നലെ രാവിലെ ആയപ്പോഴേക്കും മിക്ക പെട്രോള്‍ പമ്പുകളിലും ചില്ലറ ക്ഷാമം രൂക്ഷമായി. ഇതോടെ 500, 1000 രൂപയുടെ നോട്ടുകള്‍ എടുക്കുന്നതില്‍ പമ്പ് അധികൃതര്‍ വിമുഖതകാട്ടി. കൂട്ടത്തോടെ വലിയ നോട്ടുകള്‍ വന്നതിനാല്‍ എല്ലാവര്‍ക്കും ചില്ലറ നല്‍കാന്‍ പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് സാധിക്കാതെ വന്നു. ആയിരം രൂപയ്ക്ക് നൂറു രൂപയുടെ പെട്രോള്‍ അടിക്കാനായി നിരവധി പേര്‍ എത്തിയതാണ് പമ്പുകാരെ ചൊടിപ്പിച്ചത്. ഇതോടെ നോട്ട് എടുക്കില്ലെന്നായി പമ്പിലെ ജീവനക്കാര്‍. ഇതോടെ ഇന്ധനം നിറയ്ക്കാനെത്തിയവരും പമ്പ് അധികൃതരും തമ്മില്‍ വാക്കുതര്‍ക്കമായി. ചിലയിടങ്ങളില്‍ പൊലിസ് എത്തിയാണ് സ്ഥിതി വഷളാകാതെ നോക്കിയത്.
റെയില്‍വേ കൗണ്ടറിലും ചില്ലറക്ഷാമം
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ 500ന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ സ്വീകരിച്ചെങ്കിലും ചില്ലറ ക്ഷാമം ഉദ്യോഗസ്ഥരെയും യാത്രക്കാരെയും ഒരുപോലെ വലച്ചു. ഉച്ചയോടെ മിക്കയിടത്തും ചില്ലറ ക്ഷാമം രൂക്ഷമായി. ആയിരം രൂപയുമായി എത്തി ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ബാക്കി ബാക്കി നല്‍കാന്‍ തുകയില്ലാതെ ജീവനക്കാര്‍ ബുദ്ധിമുട്ടി. ഇതിനിടെ, ചിലര്‍ ചില്ലറയ്ക്കുവേണ്ടി മാത്രമായി റെയില്‍വേ ടിക്കറ്റ് എടുക്കാനെത്തി. ചെറിയ തുകയുടെ ടിക്കറ്റ് എടുത്ത് ചില്ലറ സ്വന്തമാക്കാനുള്ള കുറുക്കുവഴിയായി പലരും റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിയതോടെ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞു. എസ്.ബി.ടി ബ്രാഞ്ചില്‍ നിന്ന് പണം എത്തിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഫലപ്രദമായില്ല. ആര്‍.ബി.ഐയുടെ നിര്‍ദേശമില്ലാതെ പണം നല്‍കാന്‍ കഴിയില്ല എന്നതായിരുന്നു ബാങ്കിന്റെ വിശദീകരണം. വടകര, കൊയിലാണ്ടി സ്റ്റേഷനുകളിലും ചില്ലറ ക്ഷാമം രൂക്ഷമായി. അതേസമയം, റിസര്‍വേഷന്‍ കൗണ്ടറുകളില്‍ കാര്യമായ തടസ്സമുണ്ടായില്ല.
തൊഴിലാളികളുടെ കൂലിയും പ്രശ്‌നം
നോട്ടിന് വിലയില്ലാതായത് നാട്ടിന്‍പുറത്തും പ്രശ്‌നമായി. പറമ്പ് കിളക്കുന്നവനും പാടത്ത് പണിയെടുക്കുന്നവനും കൂലി കൊടുക്കാന്‍ സാധിക്കാതെ ഉടമകള്‍ കടം പറയേണ്ട അവസ്ഥയിലായി. 750 രൂപ വരെയാണ് നാട്ടിന്‍പുറത്തെ കൂലി. അഞ്ഞൂറ് രൂപയില്ലാതെ ഇത്തരം ഇടപാടുകള്‍ നടത്താന്‍ കഴിയാത്ത അവസ്ഥയായി. ഇന്നലെ കൂലി വാങ്ങാതെ അടുത്ത ദിവസം തന്നാല്‍ മതിയെന്ന് പറഞ്ഞാണ് പല തൊഴിലാളികളും മടങ്ങിയത്.
'അഞ്ഞൂറ് തന്നാല്‍ നാനൂറ് തിരികെ തരാം'
കോഴിക്കോട്: അഞ്ഞൂറ് രൂപാ നോട്ട് എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയവരെ 'സഹായിക്കാന്‍' ചിലര്‍ ഇന്നലെ മുന്നോട്ടുവന്നു. സാഹചര്യം മുതലെടുത്ത് പത്തുകാശുണ്ടാക്കാന്‍ മിടുക്കരായ ആളുകളാണ് അഞ്ഞൂറിന്റെ നോട്ട് സ്വീകരിച്ച് സഹായമനസ്‌കരായത്.
അഞ്ഞൂറിന്റെ നോട്ട് സ്വീകരിക്കും, പക്ഷെ ചില്ലറയായി തരികെത തരുക നാനൂറ് രൂപ മാത്രം. നൂറ് രൂപ കമ്മിഷനായി ഇവര്‍ എടുക്കും. നഗരത്തിലെ ചിലയിടത്ത് ഈ കച്ചവടം ഇന്നലെ പൊടിപൊടിച്ചു. ആവശ്യക്കാര്‍ നൂറിന്റെ നഷ്ടമൊന്നും കാര്യമാക്കാതെ കിട്ടിയത് ലാഭമെന്ന് കരുതി ആശ്വസിച്ചു. ഈ കച്ചവടം വരും ദിവസങ്ങളില്‍ും പൊടിപൊടിക്കാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."