ബാങ്കുകള്‍ തുറന്നു; പണം പിന്‍വലിക്കാന്‍ വന്‍ തിരക്ക്
കോട്ടയം: ഒരു ദിവസത്തെ അവധിക്കുശേഷം ബാങ്കുകള്‍ തുറന്നപ്പോള്‍ ജനം നെട്ടോട്ടത്തിലായിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി രാവിലെ മുതല്‍ വന്‍തിരക്കായിരുന്നു ജില്ലയിലെ വിവിധ ബാങ്കുകളില്‍. കൈയിലുള്ള അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ മാറിയെടുക്കാനായി എല്ലാവരും എത്തിയപ്പോള്‍ ക്യൂ ഓഫിസുകളില്‍ നിന്നും പുറത്തേക്ക് നീങ്ങി.
കോട്ടയം ഹെഡ് പോസ്റ്റ് ഓഫിസില്‍ ഉച്ചവരെ നീണ്ട നിരയായിരുന്നു. ഇന്നലെ മുതല്‍ എല്ലായിടത്തും രണ്ടായിരത്തിന്റെ പുത്തന്‍ നോട്ടുകളും എത്തി. ആദ്യമായി പുതിയ നോട്ടുകിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു ചിലര്‍. എന്നാല്‍ മറ്റുചിലരാകട്ടെ വലിയതുക എങ്ങനെ മാറ്റിയെടുക്കുമെന്ന ചിന്തയിലാണ്.
രണ്ടായിരത്തിന്റെ നോട്ടുമായി ചന്തയില്‍ പോകാന്‍ വിഷമിക്കേണ്ടി വരുമെന്ന നിലപാടായിരുന്നു സ്ത്രീകള്‍ക്ക്. പുതിയ നോട്ട് കൈയില്‍ കിട്ടിയതോടെ ചില്ലറയാക്കാനായി നെട്ടോട്ടമോടുന്നവരുടെയും എണ്ണം കുറവല്ല. കഴിഞ്ഞ രണ്ടു ദിവസമായി എ.ടി.എമ്മും പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ പണം പിന്‍വലിക്കാന്‍ ബാങ്കിലെത്തിയവര്‍ നിരവധിയായിരുന്നു. എന്നാല്‍ നിശ്ചിത തുകമാത്രമേ പിന്‍വലിക്കാനാവുവെന്നതു പലരെയും കുരുക്കിലാക്കി.
ശമ്പളം ബാങ്കുവഴി ലഭിക്കുന്നവരും പ്രതിസന്ധിയിലായിരുന്നു.അക്കൗണ്ടില്‍ പണം എത്തിയിട്ടും പിന്‍വലിക്കാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു ഭൂരിഭാഗം പേരും. നഗരത്തില്‍ സ്റ്റേ ചെയ്ത് ജോലിചെയ്യുന്ന പലരുടെയും അക്കൗണ്ട് മറ്റു സ്ഥലങ്ങളിലായതിനാല്‍ പണം പിന്‍വലിക്കാനാവാതെ ഇക്കൂട്ടരും ബുദ്ധിമുട്ടി.
ജോലിക്കാര്‍ക്കു ദിവസക്കൂലി നല്‍കാന്‍ പോലും പലരും ഇന്നലെ പെടാപ്പാടുപെടുകയായിരുന്നു.കൂടാതെ, ജില്ലയില്‍ വിവിധ മെഡിക്കല്‍ സ്‌റ്റോറുകളിലും ഇന്നലെയും വന്‍ പ്രതിസന്ധി നേരിട്ടു. മരുന്നു വാങ്ങിയാല്‍ ബാക്കി നല്‍കാന്‍ കഴിയാതെ സ്റ്റോറുടമകളും ക്യത്യമായി പണം നല്‍കാന്‍ കഴിയതെ സാധാരണക്കാരും ബുദ്ധിമുട്ടി. മുന്നൂറ് രൂപയ്ക്കു മുകളില്‍ വില വരുന്ന മരുന്ന് വാങ്ങിയാല്‍ പലര്‍ക്കും പണം നല്‍കാന്‍ കഴിയാത്ത അവസഥയായിരുന്നു. പലപ്പോഴും ചെറിയ തുക വേണ്ടെന്ന് വെക്കേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന് മെഡിക്കല്‍ സ്‌റ്റോര്‍ ഉടമകള്‍ പറഞ്ഞു. ഗ്രാമിണമേഖലയിലെ സ്ത്ഥി മറിച്ചല്ല. 1000,500ന്റെയും നോട്ടുകള്‍ മാറാനായി നീണ്ടകൃുവാണ് രാവിലെ മുതല്‍ ഗ്രാമിണമേഖലയിലെ ബാങ്കുകളില്‍ കാണപ്പെട്ടത്. വൈകുന്നേരമായതോടുകൂടി നോട്ടുകള്‍ മാറി കിട്ടാതെ നിരവധി പേര്‍ നിരാശരായി വീട്ടിലേക്ക് മടങ്ങി.
ഇന്നലെയും വൃാപാര മേഖല സംഭനാവ്സ്ഥയിലായിരുന്നു. വരുംദിവസങ്ങളില്‍ വ്യാപാരം പാടെ നിന്നുപോകുമെന്നാണ് വിലയിരുത്തല്‍. ഡെബിറ്റ്, ക്രെഡിറ്റ് ബാങ്ക് വഴി ഇടപാട് നടത്താമെന്നാണ് വാഗ്ദാനമെങ്കിലും ഗ്രാമീണ മേഖലകളിലടക്കമുള്ള കടകളില്‍ ഇതിനുള്ള സംവിധാനമൊന്നുമില്ലാതാനും പണിക്കൂലിയായി 1000,500ന്റെ നോട്ടുകള്‍ കിട്ടിയ കൂലിപ്പണിക്കാരും ദുരിതത്തിലായി. ഇതോടെ അരിവാങ്ങാന്‍പോലും ഗതിയില്ലാത്ത അവസ്ഥയിലായി ഇവര്‍.
പമ്പുകളില്‍ പോയാല്‍ പണം മാറ്റിവാങ്ങാം എന്ന് കരുതി ഇന്ധനം നിറയ്ക്കുവാന്‍ പോയവരും വെട്ടിലായി.. വലിയ നോട്ടുകള്‍ അങ്ങോട്ട് എടുക്കും, ബാക്കി തിരികെ തരികയില്ല എന്നാണു പമ്പുകാരുടെ നിലപാട്. പെട്രോള്‍ പമ്പുകളിലും 500ലും ആയിരത്തിലും കുറഞ്ഞ് പെട്രോള്‍ അടിക്കില്ലെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. അതോടെ എല്ലാ ഇരുചക്രവാഹനങ്ങളിലും ഇന്നലെ ഫുള്‍ ടാങ്ക് പെട്രോള്‍ ആയിരുന്നു നിറച്ചത്. പലയിടത്തും ടാങ്കുകള്‍ നിറഞ്ഞു കവിഞ്ഞൊഴുകി. കടം നല്‍കുന്ന വ്യാപാരികള്‍, വായ്പ വാങ്ങിയവര്‍ തിരികെ നല്‍കുന്ന കാശ് പിന്നെ മതിയെന്നു പറഞ്ഞ് മടക്കി അയയ്ക്കുന്നവര്‍ തുടങ്ങിയവ ഇന്നലത്തെ കാഴ്ചകളായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."