മഹിളാ അസോസിയേഷനും ഇന്ത്യന്‍ വനിതകളും
സയന്‍സിന്റെയും ടെക്‌നോളജിയുടെയും മുന്നേറ്റത്തിനിടയിലും ബുദ്ധിജീവികളെ ഇസ്്‌ലാമിക ശരീഅത്ത് ആകര്‍ഷിക്കുന്നത് സഹിക്കാത്തവരും പൊറുക്കാത്തവരും സംഘപരിവാറിനിടയില്‍ ഇന്നും സജീവമാണ്. ഊഴം കിട്ടുമ്പോഴെല്ലാം ഏക സിവില്‍കോഡ് പൊടിതട്ടി അവര്‍ എടുത്തിടുന്നു. ബുദ്ധിജീവിയായ സഖാവ് ഇ.എം.എസ് പോലും ഇതില്‍ അകപ്പെട്ടുപോയതു നാം മറന്നിട്ടില്ല.
അബ്ദുല്‍ ഹമീദ് ദല്‍വായി, മൈമൂനാ മൂല്ല, മുഹമ്മദലി ചഗ്ല പോലുള്ള ബുദ്ധിജീവിക്കോട്ട് ധരിച്ച മുസ്്‌ലിം നാമധാരികളെ ഏക സിവില്‍കോഡിനായി മുന്‍പ് ഇറക്കിയിരുന്നു. അവരെയൊന്നും മതേതര ഇന്ത്യയുടെ മുഖത്ത് മുറിവേല്‍പിക്കാന്‍ കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല. സ്ത്രീപീഡനത്തിനും അവരുടെ പിന്നാക്കാവസ്ഥയ്ക്കും കാരണം ഇന്ത്യയില്‍ നിലനില്‍ക്കുന്ന ശരീഅത്താണെന്ന ധ്വനിയാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ആഭിമുഖ്യത്തിലുള്ള മഹിളാ അസോസിയേഷന്‍ പ്രകടിപ്പിക്കുന്നത്. ഈയിടെ കാസര്‍കോട് സമാപിച്ച സമ്മേളനത്തിലും ഈ പല്ലവി തന്നെയാണവര്‍ ആവര്‍ത്തിച്ചത്.
എന്നാല്‍, ഒന്നര നൂറ്റാണ്ട് മുമ്പ് ഇന്ത്യന്‍ വനിതകളുടെ സ്ഥിതി എത്ര പരിതാപകരമായിരുന്നു? ഭര്‍ത്താവിന്റെ മരണാനന്തരം ജീവിക്കാനര്‍ഹതയില്ല. താഴ്ന്ന ജാതികളില്‍ ഭര്‍ത്താവിന്റെ സ്വത്തിനു അവകാശമില്ല. സ്വന്തം പുത്രിമാരും സഹോദരിമാരും ഇസ്്‌ലാമിന്റെ സമത്വ ഭാവനയില്‍ ആകൃഷ്ടരായി ഇസ്്‌ലാമിലേക്ക് കടന്നുവന്നു.
പെണ്‍കുട്ടികളെ വധിക്കരുത്, പെണ്ണിന് അനന്തരാവകാശം നല്‍കണമെന്നുള്ള മുസ്്‌ലിം വ്യക്തിനിയമം പരിഷ്‌കൃത സമൂഹത്തില്‍ മാറ്റമുണ്ടാക്കി. മതത്തിന്റെ പേരിലുള്ള ജീര്‍ണതകള്‍ ഇല്ലാതാക്കി, സതി അവസാനിപ്പിച്ചു. വിധവാ വിവാഹം ആരംഭിച്ചു. 1955 ല്‍ ഹിന്ദു വിവാഹബില്ല് നടപ്പായി. കുടുംബസ്വത്തില്‍ ആണിനെപോലെ പെണ്ണിനും അവകാശം ലഭിച്ചു. 1956 ല്‍ ഹിന്ദു പിന്തുടര്‍ച്ചാവകാശ ബില്ല് നടപ്പായി. ഇതിനെല്ലാം പ്രചോദനം മുസ്്‌ലിം വ്യക്തിനിയമമായിരുന്നു. ഹിന്ദു പിന്തുടര്‍ച്ചാവകാശ പരിഷ്‌കാരം ഇനിയും സ്വീകരിക്കാത്ത സമൂഹം ഇന്ത്യയിലുണ്ട്.
കര്‍ണാടകയിലും മറ്റുമുണ്ടായിരുന്ന ദേവദാസി സമ്പ്രദായത്തിനും മാറ്റമുണ്ടായി. ഇതെല്ലാം മഹാപാതകമായി എണ്ണുന്ന നിയമസംഹിതയാണ് മുസ്്‌ലിം വ്യക്തിനിയമം. വിവാഹമോചനത്തിനു കോടതി കയറുന്നതാണ് ഹിന്ദു നിയമത്തില്‍ ഏകമാര്‍ഗം. മുസ്്‌ലിം വ്യക്തിനിയമത്തില്‍ അനുരഞ്ജനത്തിന്റെ എല്ലാ മാര്‍ഗവും അടയുമ്പോഴാണ് വിവാഹമോചനം അനുവദിക്കപ്പെടുന്നത്. ഭര്‍ത്താവ് ഭാര്യക്കെതിരേ അപകീര്‍ത്തിപ്പെടുത്തുന്ന സ്വഭാവ ദൂഷ്യം ആരോപിച്ചു അവരുടെ ഭാവി ജീവിതം നശിപ്പിക്കുകയാണ് കോടതി കയറ്റം മൂലമുണ്ടാവുന്നത്. വിവാഹമോചനം (ത്വലാഖ്) എന്ന ഗുരുതരമായ സാഹചര്യം ഒഴിവാക്കാനാണ് മുസ്്‌ലിം വ്യക്തിനിയമം ഉദ്ദേശിക്കുന്നതും നിര്‍ദേശിക്കുന്നതും.
ട്രിപ്പിള്‍ ത്വലാഖ് (മുത്വലാഖ്) മുസ്‌ലിം വ്യക്തിനിയമം പ്രോത്സാഹിപ്പിക്കുന്നില്ല. അതു ശരീഅത്ത് തൃപ്തിപ്പെടുന്ന രീതിയിലുമല്ല. പക്ഷേ, മുത്വലാഖ് ഉപയോഗിച്ചാല്‍ നിയമപരമായി അത് പ്രാബല്യത്തില്‍ വരുകയും ചെയ്യും. ഉമര്‍ ഫാറൂഖിന്റെ കാലം മുതല്‍ നടപ്പുള്ളതാണ് ഇത്. പ്രമുഖരായ സ്വഹാബികള്‍ ഉമറി(റ)നോട് യോജിക്കുകയാണുണ്ടായത്. ഒരേയിരിപ്പില്‍ മൂന്ന് ത്വലാഖും (മുത്വലാഖ്) സാധുവാകുമെന്നാണ് കര്‍മശാസ്ത്ര വീക്ഷണം. അതില്‍ മദ്ഹബിന്റെ പണ്ഡിതന്മാര്‍ക്കിടയില്‍ ഭിന്നവീക്ഷണമില്ല. ഒറ്റപ്പെട്ടവരുടെ ശബ്ദം പ്രസക്തവുമല്ല.
എന്നാലിത് ശരീഅത്ത് പ്രോത്സാഹിപ്പിക്കുന്നില്ല. ബിദഇയും നിഷിദ്ധവുമായ ത്വലാഖിലാണ് മുത്വലാഖു പരിഗണിക്കുന്നത്. ജീവനാംശം കിട്ടാന്‍ വക്കീലുമാരുടെയും കോടതിയുടെയും മുന്‍പില്‍ ഇത് എത്തിച്ചേരുന്നു. 21 മുസ്്‌ലിം രാഷ്ട്രത്തില്‍ ഇത് വിലക്കിയിട്ടുണ്ടെന്ന് പറയുന്നത് ശരിയല്ല. പ്രോത്സാഹിപ്പിക്കുന്നില്ലെന്നു മാത്രം. മുത്വലാഖിനു അനുകൂലമായാണ് സുപ്രിംകോടതിയില്‍ ഓള്‍ ഇന്ത്യാ മുസ്്‌ലിം പേഴ്‌സനല്‍ ബോര്‍ഡ് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ മുസ്്‌ലിംകളുടെ ശബ്്ദമാണത്. ഇന്നേവരെ മുത്വലാഖും ബഹുഭാര്യത്വവും മുസ്്‌ലിം സമുദായത്തില്‍ വ്യാപകമായിട്ടുണ്ടെന്നു സര്‍ക്കാര്‍ ഒരു പഠനവും നടത്തിയിട്ടില്ല. ഈ വിഷയം പണ്ഡിതന്മാര്‍ ഇടപെടേണ്ടതും ചര്‍ച്ച ചെയ്യേണ്ടതുമാണ്. രാഷ്ട്രീയക്കാരല്ല തീരുമാനിക്കേണ്ടത്. ചില മുസ്്‌ലിം രാഷ്ട്രങ്ങളില്‍ സ്വീകരിച്ചുവരുന്ന മദ്ഹബിന്റെ വീക്ഷണം മാറ്റി വൈരുധ്യം വരാതെ മറ്റു മദ്ഹബിലെ ഉദാര നിയമം സ്വീകരിക്കാറുണ്ട്. ഇതാണ് അവിടെ ശരീഅത്ത് മാറ്റിയെന്ന പ്രോപഗണ്ട നിദാനം.
നീതിബോധമുള്ളവര്‍ക്ക് കരുതലോടെ അനിവാര്യഘട്ടത്തില്‍ മാത്രം അനുവദിക്കപ്പെട്ടതാണ് ബഹുഭാര്യത്വം. ഇത് ഇസ്്‌ലാമിന്റെ നിര്‍ബന്ധ കല്‍പനയൊന്നുമല്ല. വ്യക്തിനിയമം ദുരുപയോഗപ്പെടുത്തുന്നവരുണ്ടാകാം. സിവില്‍, ക്രിമിനല്‍ നിയമങ്ങളുടെ സംരക്ഷണത്തിനു പൊലിസും പട്ടാളവുമുണ്ടായിട്ടും ഈ നിയമം ദുരുപയോഗപ്പെടുത്തുന്നവരുണ്ട്. ഈ സംരക്ഷണം ശരീഅത്ത് നിയമങ്ങള്‍ക്കില്ല. മൂല്യബോധവും ദൈവഭയവും സൃഷ്ടിക്കുക മാത്രമാണ് ഇതിനു പരിഹാരം.
തിയോസഫിക്കല്‍ സൊസൈറ്റിയിലൂടെ ശ്രദ്ധേയയായ ഡോ. ആനിബസന്റ് പറയുന്നു: 'സ്ത്രീകളെ സംബന്ധിക്കുന്ന ഇസ്്‌ലാമിക നിയമങ്ങള്‍ ഇംഗ്ലണ്ടില്‍ ചിലവശം അനുകരിക്കപ്പെട്ടപ്പോള്‍ അതു നീതിപൂര്‍വകമായ നിയമമാണെന്നു വ്യക്തമായി. സ്വത്ത് സമ്പാദ്യം, അനന്തരാവകാശം, വിവാഹമോചനം തുടങ്ങിയവയിലുള്ള ഇസ്്‌ലാമിക നിയമം പാശ്ചാത്യ നിയമങ്ങളേക്കാള്‍ ഉന്നതമാണ്. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് അത് കല്‍പിക്കുന്ന ആദരവും പരിഗണനയും മറ്റൊരു നിയമത്തിലും ഞാന്‍ കണ്ടിട്ടില്ല.' (ദി ലൈഫ് ആന്റ് ടീച്ചിങ് ഓഫ് മുഹമ്മദ് -പേ. 3)
സ്ത്രീ പ്രശ്‌നങ്ങള്‍ക്കുള്ള ഒറ്റമൂലികയാണ് ഏക സിവില്‍കോഡ് എന്നു കേട്ടാല്‍ തോന്നും, ഏക പീനല്‍കോഡ് തന്നെ ഇന്ത്യയില്‍ ഒരു ശക്തമായ സമൂഹം പരാജയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. മാന്യതയുള്ള മഹിളകളുടെ അഭിമാനവും ചാരിത്ര്യവും സംരക്ഷിക്കപ്പെടുന്നില്ല. ഇതിന്നുവേണ്ടത് നൈതിക മൂല്യങ്ങളും സദാചാര ജീവിതവും പുനഃസ്ഥാപിക്കപ്പെടുകയാണ്.
ഏക സിവില്‍കോഡല്ല ഇന്നത്തെ മൗലിക പ്രശ്‌നം, ഇന്ത്യയില്‍ തന്നെ നൂറ്റാണ്ടുകളായി മുസ്്‌ലിംകളും ഹിന്ദുക്കളും അവരുടെ ആചാരങ്ങളും സവിശേഷതകളും നിലനിര്‍ത്തി ജീവിക്കുന്നു. ഓരോ സമൂഹത്തെയും അവരുടെ പ്രൗഢമായ സംസ്‌കാരവും പാരമ്പര്യവും വ്യക്തിത്വവും നിലനിര്‍ത്താനും പുലര്‍ത്താനും അനുവദിക്കുകയാണ് വേണ്ടത്.
സ്ത്രീകളുടെ അടിസ്ഥാന പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിന് പകരം ശരീഅത്തിനെ ആക്രമിക്കുന്നതും വിവാദങ്ങള്‍ സൃഷ്ടിക്കുന്നതും മഹിളാ അസോസിയേഷന്റെ പരാജയം തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."