കനത്ത മഴ: ശ്രീലങ്കയില്‍ മണ്ണിടിച്ചിലില്‍ ഇരുനൂറിലേറെ കുടുംബങ്ങളെ കാണാതായി
കൊളംബൊ: കനത്ത മഴയെത്തുടര്‍ന്ന് ശ്രീലങ്കയില്‍ മണ്ണിടിഞ്ഞ് ഇരുനൂറിലേറെ കുടുംബങ്ങളെ കാണാതായി. അപകടത്തില്‍പ്പെട്ട മുന്നൂറോളം പേര്‍ മരിച്ചിരിക്കാമെന്നാണ് ഇവിടെ രക്ഷാപ്രവര്‍ത്തനം നടക്കുന്ന റെഡ് ക്രോസ് സേന നല്‍കുന്ന സൂചന. 37 പേര്‍ മരിച്ചതായി സൈനിക കേന്ദ്രം സ്ഥരീകരിച്ചിട്ടുണ്ട്. കെഗല്ലെ ജില്ലയിലെ അരനായകയിലാണ് സംഭവം.
220 കുടുംബങ്ങളാണ് മണ്ണിനടിയില്‍പ്പെട്ടിരിക്കുന്നതെന്ന് റെഡ് ക്രോസ് പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ എത്ര പേര്‍ അപകടത്തില്‍പ്പെട്ടെന്ന് ഇവര്‍ വ്യക്തമാക്കുന്നില്ല. ഏതാണ്ട് 1,000- 1,500 പേര്‍ മണ്ണിനടിയില്‍പ്പെട്ടിരിക്കാമെന്നാണ് നിഗമനം. സംഭവത്തില്‍ 300- 400 പേര്‍ മരിച്ചിരിക്കാമെന്നാണ് കരുതുന്നതെന്ന് റെഡ് ക്രോസ് ശ്രീലങ്കയുടെ ഡയരക്ടര്‍ ജനറല്‍ നെവില്ലെ നാനയാക്കര പറഞ്ഞു.
പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ആയിരത്തിലധികം പേരെ ചെറിയ പരുക്കുകളോടെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന് സൈനിക വക്താവ് ജയനാഥ് ജയവീര പറഞ്ഞു. ബോട്ടുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.
കനത്ത മഴ തുടരുന്നതിനാല്‍ ഇനിയും അപകട സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. 1,35,000 പേരെ ഇതിനകം താല്‍ക്കാലിക ക്യാമ്പുകളിലേക്ക് മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ഇനിയും മഴയുണ്ടാകാമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്നാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."