സക്കീര്‍ ഹുസൈന് ഗുണ്ടയല്ലെന്ന് കോടിയേരി; ആണെന്ന് സര്‍ക്കാര്‍: സിപിഎമ്മില്‍ പുതിയ വിവാദം
കൊച്ചി: വ്യവസായിയെ തടഞ്ഞുവച്ചു ഭീഷണിപ്പെടുത്തിയ കേസില്‍ പൊലിസ് തേടുന്ന സി.പി.എം കളമശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന് ഗുണ്ടയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരി സക്കീര്‍ ഹുസൈന് ക്ലീന്‍ചിറ്റ് നല്‍കിയിരിക്കുന്നത്.
സക്കീര്‍ ഹുസൈനെതിരെ 14 ക്രിമിനല്‍ കേസുണ്ടെന്നും അയാളെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണെന്നും മാധ്യമങ്ങളും ചില രാഷ്ട്രീയനേതാക്കളും പ്രചാരണം നടത്തുന്നത് സിപിഐ എമ്മിനെ വികൃതപ്പെടുത്തുന്നതിനുവേണ്ടിയാണെന്നു കോടിയേരി ലേഖനത്തില്‍ പറയുന്നു.
ഈ കേസുകളെല്ലാം ജനകീയപ്രശ്നങ്ങളുമായി ബന്ധപ്പെട്ട പ്രക്ഷോഭസമരങ്ങളില്‍ പങ്കെടുത്തതിന് മുന്‍ യുഡിഎഫ് ഭരണകാലത്ത് രാഷ്ട്രീയമായി ചുമത്തപ്പെട്ടതാണ്.
പ്രക്ഷോഭസമരങ്ങളില്‍ പങ്കെടുത്ത നൂറുകണക്കിനു സിപിഐ എം പ്രവര്‍ത്തകരെ യുഡിഎഫ് സര്‍ക്കാര്‍ കാപ്പനിയമപ്രകാരം ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത്തരം തോന്ന്യാസഭരണനയത്തിന്റെ ഭാഗമായാണ് സിപിഐ എം ഏരിയ സെക്രട്ടറിയായിരുന്ന സക്കീര്‍ ഹുസൈനെയും 14 കേസില്‍ പ്രതിയാക്കിയതെന്ന് കോടിയേരി പറയുന്നു.
എന്നാല്‍ സക്കീര്‍ ഹുസൈന് ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.
ഇതോടെ സക്കീര്‍ ഹുസൈനിനെച്ചൊല്ലി സര്‍ക്കാറും പാര്‍ട്ടിയും രണ്ടുതട്ടിലാണെന്ന ധ്വനി പുറത്തുവന്നു.
വെണ്ണല സ്വദേശിയായ ജൂബി പൗലോസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സക്കീര്‍ ഹുസൈന് നല്കിയ ഹരജിയില്‍ എറണാകുളം സൗത്ത് സി.ഐ സിബി ടോമാണ് ഇക്കാര്യം വ്യക്തമാക്കി പത്രിക നല്‍കിയത്.
വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ ഇയാളെ കസ്റ്റഡിയില്‍ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കേസിന്റെ ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കരുതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
തൃക്കാക്കര സ്വദേശിനിയായ ഷീല തോമസ് എന്ന വ്യവസായിക്കെതിരേ നല്കിയ കേസുകള്‍ പിന്‍വലിക്കാന്‍ പ്രതികള്‍ ജൂബിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നാണ് സക്കീര്‍ ഹുസൈനെതിരായ കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."