സക്കീര്‍ ഹുസൈനെ ന്യായീകരിച്ച് കോടിയേരി
കൊച്ചി: യുവവ്യവസായിയെ തട്ടിക്കൊണ്ടുപോകുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ അന്വേഷണം നേരിടുന്ന സി.പി.എം കളമശ്ശേരി മുന്‍ ഏരിയ സെക്രട്ടറിയായിരുന്ന സക്കീര്‍ ഹുസൈനെ ന്യായീകരിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമീപകാലത്ത് സി.പി.എമ്മിനെതിരേ ഉയര്‍ന്ന വിവാദങ്ങളില്‍ വിശദീകരണം നല്‍കി പാര്‍ട്ടി മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് കോടിയേരി സക്കീര്‍ ഹുസൈനെ ന്യായീകരിക്കുന്നത്.
സക്കീര്‍ ഹുസൈനെതിരേ 14 ക്രിമിനല്‍ കേസുകള്‍ നിലവില്‍ ഉണ്ടെന്നും ഇയാളെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണെന്നും മാധ്യമങ്ങളും ചില രാഷ്ട്രീയ നേതാക്കളും പ്രചാരണം നടത്തുകയാണെന്നും സി.പി.എമ്മിനെ വികൃതപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇത്തരം പ്രചാരണങ്ങളെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു.
ജനകീയ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പ്രക്ഷോഭ സമരങ്ങളില്‍ പങ്കെടുത്തതിന് യു.ഡി.എഫ് ഭരണകാലത്ത് രാഷ്ട്രീയമായി ചുമത്തപ്പെട്ടവയാണ് ഈ കേസുകള്‍. യു.ഡി.എഫിന്റെ തോന്ന്യാസഭരണത്തിന്റെ ഭാഗമായാണ് സക്കീര്‍ ഹുസൈനെ 14 കേസുകളില്‍ പ്രതിയാക്കിയതെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു.
യുവതിയില്‍ നിന്നും മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലിസ് അറസ്റ്റ് ചെയ്ത ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് കറുകപ്പിളളി സിദ്ദിഖ് പാര്‍ട്ടി അംഗമല്ലെന്നും പാര്‍ട്ടിയുടെയും ബഹുജനസംഘടനകളുടെയും പല പരിപാടികളിലും അനുഭാവിയെന്ന നിലയില്‍ പങ്കെടുക്കുക മാത്രമാണ് ഇയാള്‍ ചെയ്തിട്ടുളളതെന്നും കോടിയേരി ലേഖനത്തില്‍ വിശദീകരിക്കുന്നു.
സക്കീര്‍ ഹുസൈന്‍ കളമശേരി പൊലിസ് സ്റ്റേഷനിലെ റൗഡി പശ്ചാത്തലമുളളവരുടെ പട്ടികയില്‍പെട്ട ആളാണെന്ന് പൊലിസ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഇക്കാര്യം പൊലിസ് കോടതിയില്‍ ബോധിപ്പിച്ചത്.
കളമശേരി പൊലിസ് സ്റ്റേഷനില്‍ പതിനൊന്നും തൃക്കാക്കര പൊലിസ് സ്റ്റേഷനില്‍ നാലും ഉള്‍പ്പെടെ പതിനഞ്ച് കേസുകളില്‍ സക്കീര്‍ ഹുസൈന്‍ പ്രതിയാണെന്നും പൊലിസ് കോടതിയില്‍ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."