കര്‍ണാടകക്കാരനായ മോഷ്ടാവ് കണ്ണൂരില്‍ അറസ്റ്റില്‍
കണ്ണൂര്‍: കര്‍ണാടക സ്വദേശിയായ മോഷ്ടാവ് പാപ്പിനിശ്ശേരിയില്‍ അറസ്റ്റിലായി. കര്‍ണാടക മടിക്കേരി പുത്താണിനഗരത്തെ ചന്ദ്രകുമാര്‍ എന്ന കുമാറിനെയാണ് (35) ഡിവൈ.എസ്.പി കെ.കെ മൊയ്തീന്‍കുട്ടി, വളപട്ടണം സി.ഐ ടി.പി ശ്രീജിത്ത്, എസ്.ഐ ശ്രീജിത്ത് കൊടേരി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസും എസ്.പിയുടെ ക്രൈംസ്‌ക്വാഡും ചേര്‍ന്നു പിടികൂടിയത്. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ നിരവധി കവര്‍ച്ചാകേസുകളില്‍ പ്രതിയാണ് ഇയാളെന്നു പൊലിസ് പറഞ്ഞു.
കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയവെ ജാമ്യത്തിലിറങ്ങി കഴിഞ്ഞ ഏപ്രില്‍ 15നു കണ്ണൂര്‍ ചിറക്കലിലെ പാറായി ബാബുവിന്റെ വീട്ടില്‍നിന്നു 30 പവന്‍ ഇയാള്‍ കവര്‍ച്ച നടത്തിയതായി പൊലിസ് പറഞ്ഞു. പാപ്പിനിശ്ശേരിയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് സംശയാസ്പദ സാഹചര്യത്തില്‍ കണ്ട ഇയാളെ പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണു കുപ്രസിദ്ധ മോഷ്ടാവാണെന്നു തെളിഞ്ഞത്.
ബാബു കുടുംബസമേതം കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനത്തിനു പോയപ്പോഴാണു കവര്‍ച്ച നടത്തിയത്. സംഭവത്തില്‍ ഇയാള്‍ക്കൊപ്പം രണ്ടു സഹായികള്‍കൂടിയുള്ളതായും ഇവര്‍ക്കായി തിരച്ചില്‍ നടത്തിവരികയാണെന്നും പൊലിസ് പറഞ്ഞു. കര്‍ണാടകയിലെ സുള്ള്യയില്‍ സുഹൃത്തിനെ സോഡാകുപ്പി കൊണ്ടു കുത്തിക്കൊലപ്പെടുത്തിയ കേസിലാണു ചന്ദ്രകുമാര്‍ ജയില്‍ശിക്ഷ അനുഭവിച്ചുവന്നിരുന്നത്.
വയനാട് പുല്‍പ്പള്ളിയിലെ റേഷന്‍കടയ്ക്കു സമീപമാണ് ഇയാളുടെ നിലവിലെ താമസം. പിടിയിലായ ഇയാളുടെ കൈയില്‍നിന്നു രണ്ടു മോതിരം കണ്ടെടുത്തു. ഇയാളുമായി നടത്തിയ തെളിവെടുപ്പില്‍ കണ്ണൂരിലെ ജ്വല്ലറിയില്‍നിന്നു മൂന്നുപവന്റെ രണ്ടു വളകളും കണ്ടെടുത്തു. മോഷ്ടിക്കുന്ന സ്വര്‍ണം കണ്ണൂര്‍, മാനന്തവാടി, കര്‍ണാടകയിലെ എരുമാട് എന്നിവിടങ്ങളിലെ ജ്വല്ലറികളിലാണു വിറ്റിരുന്നതെന്നും പൊലിസ് വ്യക്തമാക്കി. കക്കൂസ് ടാങ്ക് വൃത്തിയാക്കാനുണ്ടോയെന്ന് അന്വേഷിച്ചു നടന്നാണു ചന്ദ്രകുമാര്‍ കവര്‍ച്ച നടത്താന്‍ വീടുകള്‍ കണ്ടെത്തുന്നതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."