ജില്ലാ പൊലിസ് മേധാവിയുടെ ജനസൗഹൃദ സദസില്‍ പരാതി പ്രളയം
തൊടുപുഴ: ജില്ലാ പൊലിസ് മേധാവിയുടെ നേതൃത്വത്തില്‍ നടത്തിയ ജനസൗഹൃദ സദസില്‍ ഉയര്‍ന്നത് ബസില്‍ ഇരിക്കാന്‍ അനുവദിക്കാത്ത കണ്ടക്ടര്‍മാര്‍ക്കെതിരെ മുതല്‍ കൈയേറ്റങ്ങളെക്കുറിച്ച് വരെയുളള പരാതി. വിദ്യാലയങ്ങളിലെ മയക്കുമരുന്നു വലയും ആശങ്ക ഉണര്‍ത്തിയ ചര്‍ച്ചയായി.
വിവിധ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലയിലെ സ്‌കൂളുകളിലേയും കോളേജുകളിലേയും പി.ടി.എ മീറ്റിങ്ങുകളില്‍ സബ് ഇന്‍സ്‌പെക്ടര്‍മാര്‍ പങ്കെടുക്കണമെന്ന് ജില്ലാ പൊലിസ് മേധാവി എ.വി ജോര്‍ജ് നിര്‍ദേശിച്ചു. എം.എസ്.ഡബ്ല്യു യോഗ്യതയുള്ള പൊലിസ് ഓഫീസറുടെ കൗണ്‍സിലിംഗ് സേവനം തൊടുപുഴ ജനമൈത്രിയില്‍ ലഭ്യമാണെന്നും ഉപയോഗപ്പെടുത്തണമെന്നും എസ്.പി പറഞ്ഞു.
പഠനവും ജോലിയും കഴിഞ്ഞു വരുന്ന പെണ്‍കുട്ടികള്‍ക്ക് നഗരത്തില്‍ സുരക്ഷിതത്വം ഇല്ല എന്ന ആരോപണവുമായി വിദ്യാര്‍ഥിനി രംഗത്തെത്തി. പലപ്പോഴും ആറ് മണി കഴിഞ്ഞെത്തുമ്പോള്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവര്‍ മോശമായി പെരുമാറുന്നുവെന്ന് വിദ്യാര്‍ഥിനി പറഞ്ഞു.
കുടുംബ ബന്ധം ഊട്ടി ഉറപ്പിച്ചില്ലെങ്കില്‍ സമൂഹം നാശത്തിലേക്ക് കൂപ്പുകുത്തുമെന്ന് മുഖ്യ പ്രഭാഷണത്തില്‍ ജില്ലാ പൊലിസ് മേധാവി അഭിപ്രായപ്പെട്ടു. പുതു തലമുറക്കുമേണ്ടി മാതാപിതാക്കളും അധ്യാപകരും സമയം കണ്ടെത്തണം. പൊലിസുകാര്‍ അഴിമതിക്കാരാകുന്നെങ്കില്‍ സമൂഹവും ഒരു കാരണമാണെന്ന് എ.വി.ജോര്‍ജ് പറഞ്ഞു.
എഴുതി തയ്യാറാക്കിയ ഏഴ് പരാതികള്‍ ഉള്‍പ്പടെ 17 ഓളം പരാതികള്‍ സദസില്‍ ഉന്നയിക്കപ്പെട്ടു. ആദ്യ പരാതി നല്‍കിയത് വാര്‍ഡ് കൗണ്‍സിലര്‍ രേണുകാ രാജശേഖരനാണ്. മൂന്ന് മാസങ്ങള്‍ക്ക മുമ്പ് ബ്ലേഡ് മാഫിയ അക്രമിച്ച ഓട്ടോറിക്ഷാ തൊഴിലാളിയുടേയും കുടുംബത്തിന്റേയും പരാതിക്ക് പോലീസ് ഇതുവരെ നടപടി എടുത്തില്ലെന്നായിരുന്നു രേണുകയുടെ ആരോപണം. എത്രയും പെട്ടെന്ന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് പൊലിസ് മേധാവി ഉറപ്പ് നല്‍കി.
ചര്‍ച്ചയില്‍ കമ്മ്യൂണിറ്റി പൊലിസിന്റേയും റസിഡന്റ്‌സ് അസോസിയേഷന്‍ പൊലിസ് യൂണിറ്റിന്റേയും പ്രാധാന്യത്തെക്കുറിച്ച് അധ്യക്ഷനും ട്രാക് പ്രസിഡന്റുമായ എം.സി.മാത്യു സംസാരിച്ചു. കഞ്ചാവ് വലയില്‍പ്പെടുന്ന കുട്ടികളെ പിടിക്കുന്ന പൊലിസ് അവയുടെ ഉറവിടം കണ്ടെത്താന്‍ എന്ത് നടപടി സ്വീകരിക്കുന്നുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ.ഇ.എ റഹീം ചോദിച്ചു
ട്രാഫിക് സിഗ്‌നലുകള്‍ പ്രവര്‍ത്തിക്കാത്തത്, ഓട്ടോറിക്ഷാഉന്തുവണ്ടി കച്ചവട കൈയേറ്റം, കസ്റ്റഡി മര്‍ദ്ദനം മുതലായ പരാതികളും ഉയര്‍ന്നു. തൊടുപുഴ പൊലിസ് സ്റ്റേഷനില്‍ വിവരാകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷക്ക് മറുപടി നല്‍കാതെ മോശമായി പെരുമാറിയെന്ന് ആരോപിച്ച് വിദ്യാര്‍ഥിയും രംഗത്ത് വന്നു. ഗാന്ധി സ്‌ക്വയര്‍ ഭാഗത്ത് മദ്യപര്‍ അശ്ലീല പ്രദര്‍ശനം നടത്തുന്നു, ഗതാഗത നിയമം ലംഘിച്ചുള്ള വാഹനയാത്ര എന്നിവയും പരാതിയായി.ബസ് കാലിയായാലും ഇരിക്കാന്‍ അനുവദിക്കാതെ തൊടുപുഴ - മൂവാറ്റുപുഴ റൂട്ടിലെ ബസുകാര്‍ വിവേചനം കാണിക്കുന്നതായും വിദ്യാര്‍ഥികള്‍ പരാതി പറഞ്ഞു.ഡിവൈ.എസ്.പി എന്‍.എന്‍.പ്രസാദ്, സി.ഐ.എന്‍.ജി.ശ്രീമോന്‍, എസ്.ഐ ജോബിന്‍ ആന്റണി,ജനമൈത്രി എസ്.ഐ സാജന്‍, സണ്ണി തെക്കേക്കര, ഇ.എ.പി വേണു, കെ.കെ.ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."