ജീവിതം ജപ്തി മുനയില്‍; എന്നിട്ടും ശ്രീജ നടന്നു സ്വര്‍ണത്തിലേക്ക്
കോയമ്പത്തൂര്‍: നടന്നു നേടിയ സ്വര്‍ണ പതക്കവുമായി ശ്രീജ മുണ്ടൂരില്‍ എത്തുമ്പോള്‍ കുടുംബത്തിന് ആകെയുള്ള ഒരു തുണ്ട് ഭൂമിയും കൊച്ചു മണ്‍വീടും നഷ്ടമായേക്കും. ജപ്തിയുടെ നടുവില്‍ അകപ്പെട്ട് ഉലയുന്ന ശ്രീജയെയും കുടുംബത്തെയും പെരുവഴിയിലേക്ക് ഇറക്കിവിടാനുള്ള ഒരുക്കത്തിലാണ് ബാങ്കുകള്‍. ഇന്നലെ പുലര്‍ച്ചെ അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്തത്തില്‍ കെ.ആര്‍ ശ്രീജ 26:21.80 സെക്കന്‍ഡില്‍ കേരളത്തിനായി സ്വര്‍ണത്തിലേക്ക് നടന്നു കയറിയത് ഉള്ളം നീറുന്ന വേദനയുമായി.
ജനിച്ചു വളര്‍ന്ന മണ്ണില്‍ ശ്രീജയ്ക്കും കുടുംബത്തിനും കഴിയാനുള്ള അവകാശം ഏതാനും ദിവസം മാത്രം. അതിനുള്ള കടം വീട്ടിയില്ലെങ്കില്‍ ആകെയുള്ള നാലര സെന്റ് ഭൂമിയും അതിലെ കൊച്ചുവീടും പാലക്കാട് ഭൂപണയ ബാങ്കിനും പുതുപ്പരിയാരം കോ ഓപ്പറേറ്റീവ് ബാങ്കിനും സ്വന്തമാകും.
കൂലിപ്പണിക്കാരനായ മുണ്ടൂര്‍ നെച്ചിപ്പുള്ളി തലക്കാട് പറമ്പില്‍ കൃഷ്ണകുമാര്‍ മക്കളുടെ പഠനത്തിനായാണ് ആകെയുള്ള നാലര സെന്റ് ഭൂമി പണയപ്പെടുത്തി സഹകരണ ബാങ്കില്‍ നിന്നും വായ്പ എടുത്തത്. ഇരു ബാങ്കുകളിലുമായി പലിശയടക്കം നാല് ലക്ഷത്തോളം രൂപയാണ് നിലവിലെ ബാധ്യത. 15 ന് മുന്‍പ് വായ്പ തിരിച്ചടച്ചില്ലെങ്കില്‍ പണയ വസ്തു ജപ്തി ചെയ്യുമെന്ന ബാങ്ക് അധികൃതരുടെ ഭീഷണിയുടെ നിഴലിലാണ് കുടുംബം. വായ്പ തിരിച്ചടയ്ക്കാന്‍ ഒരു വഴിയും കാണാതെ വലയുകയാണ് ഈ കുടംബം. കൃഷ്ണകുമാര്‍ - ഭാഗ്യലക്ഷ്മി ദമ്പതികളുടെ ഇളയപുത്രിയാണ് ശ്രീജ.
കൃഷ്ണകുമാര്‍ കൂലി പണിക്ക് പോയാല്‍ കിട്ടുന്ന തുച്ഛവരുമാനമാണ് കുടുംബത്തിന്റെ ഏക ആശ്രയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."