പൊതുനിരത്തുകള്‍ ബാറാക്കി കുടിയന്മാര്‍; ഈ മദ്യക്കുപ്പികള്‍ ഇനിയെന്തു ചെയ്യും ? !
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മദ്യപന്‍മാര്‍ക്ക് കുടിച്ചുല്ലസിക്കാന്‍ സ്ഥലമില്ലാതായതോടെ പൊതുനിരത്തുകള്‍ മദ്യശാലകളായി മാറി. നഗരത്തിലെ എല്ലാ ഇടറോഡുകളിലും മദ്യക്കുപ്പികള്‍ നിറഞ്ഞ സ്ഥിതിയാണ്.
മാലിന്യ നിര്‍മാര്‍ജ്ജനമാണ് നഗരസഭയുടെ നിലവിലെ തലവേദനയെങ്കില്‍ വരാനിരിക്കുന്നത് നിരത്തുകളില്‍ അടിഞ്ഞുകൂടുന്ന കുപ്പികളുടെ നിര്‍മാര്‍ജനമായിരിക്കും. ബാറുകളില്‍ കയറി മദ്യപിക്കാന്‍ പണമില്ലാത്തവരുടെ പ്രധാന ഇടങ്ങളായി പൊതു നിരത്തുകള്‍ മാറിയിരിക്കുകയാണ്.
ബിവറേജസില്‍ നിന്നുവാങ്ങുന്ന മദ്യം ഇരുട്ടിന്റെ മറവില്‍ നിരത്തുകളില്‍ വെച്ചുതന്നെ കുടിക്കുകയാണ് ഭൂരിഭാഗംപേരും. മദ്യപിച്ചു വാഹനമോടിക്കുന്നവരെ പിടിക്കുന്ന പൊലിസ് പക്ഷേ, തെരുവില്‍ ഇരുട്ടിന്റെ മറ പിടിച്ച് മദ്യപിക്കുന്നവരെ കണ്ട ഭാവം പോലും കാണിക്കുന്നില്ല.
മദ്യം വാങ്ങി നിരത്തുകളിലേക്കിറങ്ങുന്ന മദ്യപര്‍ അടുത്തുള്ള കടയില്‍ നിന്നും പ്ലാസ്റ്റിക് ഗ്ലാസ്സും സംഘടിപ്പിച്ച് ഇരുട്ടിന്റെ മറവുകളില്‍ വെച്ചുതന്നെ സേവിക്കും. ഒഴിഞ്ഞകുപ്പികള്‍ അവിടെ നിക്ഷേപിക്കുകയും ചെയ്യുന്നു. റോഡരികിലെ വൈദ്യുത പോസ്റ്റുകള്‍, ഓടകള്‍, മാലിന്യം വലിച്ചെറിയുന്ന സ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ഇപ്പോള്‍ മദ്യക്കുപ്പികളുടെ കൂമ്പാരമാണ്. മഴക്കാലമായാല്‍ നഗരത്തിലെ മാലിന്യ വാഹകിളായ ഓടകള്‍ അടയുന്നത് പ്ലാസ്റ്റിക്കുകള്‍ കൊണ്ടാണെങ്കില്‍ ഇനി അതിനോടൊപ്പം ഒഴിഞ്ഞ മദ്യക്കുപ്പികളുമുണ്ടാകും. വീടുകള്‍-ഫ്‌ളാറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങള്‍ വഴിയും മദ്യക്കുപ്പികള്‍ നിരത്തുകളിലെത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."