ജില്ലയിലെ എ.ടി.എമ്മുകളില്‍ പണമില്ല; ഓടി വലഞ്ഞ് ജനം
സ്വന്തം ലേഖകന്‍
കൊല്ലം: നോട്ടുകള്‍ അസാധുവാക്കിയതിന് പിന്നാലെയുണ്ടായ സാമ്പത്തിക പ്രതിസന്ധി ജില്ലയിലും രൂക്ഷമായി തുടരുന്നു.
പഴയ 500, 1000 നോട്ടുകള്‍ മാറിയെടുക്കാനുള്ളവരുടേയും പണം പിന്‍വലിക്കാനുളളവരുടേയും തിരക്ക് ജില്ലയിലെ ബാങ്കുകള്‍ക്ക് മുന്നില്‍ കൂടിവരുന്ന കാഴ്ചയാണിപ്പോള്‍. കരുനാഗപ്പള്ളി വവ്വാക്കാവില്‍ ഇടപാടുകാരുടെ തിക്കിലും തിരക്കിലും എസ്.ബി.ടിയുടെ ചില്ല് തകര്‍ന്നു. വന്‍തിരക്കു കാരണം കുറെ ആളുകളെ ബാങ്കിനുള്ളിലേക്ക് കടത്തിവിട്ടതിന് ശേഷം ബാങ്ക് മാനേജര്‍ വാതില്‍ അടച്ച് കുറ്റിയിട്ടിരുന്നു. പുറത്തുനിന്നുണ്ടായ ഉന്തിലും തള്ളിലും ചില്ലു വാതില്‍ തകര്‍ന്ന് വീഴുകയായിരുന്നു. പുതിയകാവിലും ബാങ്കിന്റെ ചില്ലുതകര്‍ന്നതായി പറയുന്നു.
ഇതിനിടയില്‍ ജില്ലയിലെ എ.ടി.എമ്മുകള്‍ കുറച്ചുമാത്രമേ ഇന്നലെയും തുറന്ന് പ്രവര്‍ത്തിച്ചുള്ളു. പല എ.ടി.എമ്മുകളും ഇപ്പോഴും കാലിയാണ്. പണം നിറച്ച എ.ടി.എമ്മുകള്‍ ഉച്ചക്കുമുന്‍പുതന്നെ കാലിയായി. ഇന്നലെ രാവിലെ എ.ടി.എമ്മുകളില്‍ പണമെത്തുമെന്ന വിശ്വാസത്തിലെത്തിയവരധികവും നിരാശരായി മടങ്ങി. തപാലോഫിസുകളിലും നോട്ട് മാറ്റിയെടുക്കാനുള്ള തിരക്ക് വര്‍ധിച്ചിട്ടുണ്ട്.
അതേസമയം 2,000 രൂപ യുടെ പുതിയ ലഭിച്ചവരാകട്ടെ ചില്ലറയാക്കാന്‍ ബുദ്ധിമുട്ടുകയാണ്.
രണ്ടാംശനിയാഴ്ച ആണെങ്കിലും ബാങ്കുകള്‍ ഇന്നലെ നാലുമണിവരെ പ്രവര്‍ത്തിച്ചു. അസാധുവായ നോട്ടുകള്‍ 4000 രൂപയ്ക്ക് വരെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് ബാങ്കുകളില്‍ നിന്ന് മാറാം. എന്നാല്‍ എ.ടി.എമ്മുകളില്‍ ഉണ്ടായിരുന്ന 500 രൂപ, 1000 രൂപ നോട്ടുകള്‍ മാറ്റി 50 രൂപ, 100 രൂപ നോട്ടുകള്‍ നിറയ്ക്കുമെന്നാണു നേരത്തേ പറഞ്ഞിരുന്നത്. പക്ഷേ, ജനങ്ങളുടെ ആവശ്യത്തിനുസരിച്ചുള്ള തുക നിറയ്ക്കാനായില്ല. നേരത്തേ രണ്ടുദിവസത്തേക്കുള്ള തുക ഒരു എ.ടി.എമ്മില്‍ നിറയ്ക്കാമായിരുന്നു. ചെറിയ നോട്ടുകളായതോടെ ദിവസം മൂന്നുതവണയെങ്കിലും നിറച്ചാലേ പറ്റൂ എന്നായി. ഇതിനു മാത്രം വാഹനങ്ങളും ജീവനക്കാരുമടക്കമുള്ള സംവിധാനം ബാങ്കുകള്‍ക്കോ പണം നിറയ്ക്കുന്ന ഏജന്‍സികള്‍ക്കോ ഇല്ലാത്തതാണ് ജനത്തെ ബുദ്ധിമുട്ടിക്കുന്നത്.
ഗവണ്‍മെന്റ് ആശുപത്രികള്‍, ഫാര്‍മസികള്‍, റെയില്‍വേ ടിക്കറ്റ് , സര്‍ക്കാര്‍ ബസുകള്‍, വിമാനടിക്കറ്റ്, മെട്രോ റെയില്‍, ഹൈവേകളിലെയും റോഡുകളിലെയും ടോള്‍, റെയില്‍വേയിലെ ഭക്ഷണം, വൈദ്യുതിബില്‍, വെള്ളക്കരം, പാചകവാതക സിലിന്‍ഡര്‍, ഗവണ്‍മെന്റ് മില്‍ക്ക് ബൂത്ത്, ശ്മശാനങ്ങള്‍, കോടതി ഫീസ്, കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും നികുതികള്‍, പിഴകള്‍, ഫീസ്, ചാര്‍ജ് എന്നിവ അടയ്ക്കല്‍. കോഓപ്പറേറ്റീവ് സ്‌റ്റോറുകളിലെ ഇടപാടുകള്‍ എന്നിവയ്ക്ക് നാളെവരെ നിലവിലുള്ള പണം ഉപയോഗിച്ചു ഇടപാടു നടത്താനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."