ശബരിമല തീര്‍ഥാടനം: ശൗചാലയങ്ങളിലെ അമിത ഫീസ് ഈടാക്കുന്നതിനും മാലിന്യം പുറംതള്ളലിനുമെതിരേ നടപടി
എരുമേലി: ശൗചാലയ കരാറുകാര്‍ ശബരിമല തീര്‍ഥാടകരോട് അമിത ഫീസ് ഈടാക്കുന്നതിനും, ശൗചാലയ മാലിന്യങ്ങള്‍ തോട്ടിലേക്കും മറ്റും പുറംതള്ളുന്നതിനുമെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പി.സി ജോര്‍ജ്ജ് എം.എല്‍.എ. ഇന്നലെ എരുമേലി ദേവസ്വം ഹാളില്‍ നടന്ന അവസാനവട്ട ശബരിമല അവലോകന യോഗത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് ആരോഗ്യ, റവന്യു അധികൃതര്‍ക്ക് എം.എല്‍.എ കര്‍ശന നിര്‍ദേശം നല്കിയത്.
തീര്‍ത്ഥാടന കാലത്ത് എരുമേലി ദേവസ്വം ശൗചാലയങ്ങളില്‍ മാത്രം കര്‍ശന നടപടികള്‍ സ്വീകരിക്കുമെങ്കിലും എരുമേലിയിലേയും സമീപ പ്രദേശങ്ങളിലേയും സ്വകാര്യ ശൗചാലയ നടത്തിപ്പുകാര്‍ ശബരിമല തീര്‍ഥാടകരെ കൊള്ളയടിക്കുകയാണന്ന് യോഗത്തില്‍ ആക്ഷേപം ഉയര്‍ന്നു.
ദേവസ്വം അഞ്ച് രൂപയാണ് നിശ്ചയിച്ചിരിക്കുന്നത് എന്നാല്‍ തിരക്ക് വര്‍ദ്ധിക്കുന്നതോടെ സ്വകാര്യ ശൗചാലയ നടത്തിപ്പുകാര്‍ ഇരുപത് മുതല്‍ നാല്പത് രൂപവെരെ ഈടാക്കുന്നതായി കഴിഞ്ഞ വര്‍ഷം പരാതി ഉയര്‍ന്നിരുന്നു. ശൗചാലയങ്ങളിലേയും ,ഹോട്ടലുകളിലേയും മാലിന്യം എരുമേലി വലിയതോട്ടിലേക്ക് ഒഴുക്കുന്നതായി യോഗത്തില്‍ അയ്യപ്പസേവാ സമാജം സെക്രട്ടറി എസ് മനോജ് പറഞ്ഞു. വലിയതോടിന് സമീപമുള്ള കക്കൂസുകളുടെ പൈപ്പുകള്‍ എല്ലാം തന്നെ തോട്ടലേക്ക് തുറന്നാണ് സ്ഥാപിച്ചിരിക്കുന്നത്.
ഇതിനെ തുടര്‍ന്നാണ് ഇങ്ങനെയുള്ള ശൗചാലയങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് എം.എല്‍.എ യോഗത്തില്‍ അറിയിച്ചത്.പേട്ടതുള്ളല്‍ പാതയിലെ ഹോട്ടലുകളിലെ അടുപ്പുകള്‍ പാതയോട് ചേര്‍ന്നിരിക്കുന്നത് അപടകടമാണന്നും ഇത് നീക്കം ചെയ്യണമെന്നും ആവശ്യമുയര്‍ന്നു. വെജിറ്റേറിയന്‍ ഹോട്ടലുകളില്‍ ഇറച്ചിയും മറ്റും വിളമ്പുന്നത് തടയണമെന്നുള്ള ആവശ്യത്തില്‍ യോഗത്തില്‍ തീരുമാനമായില്ല.
തീര്‍ഥാടന കാലത്തെ ശുചീകരണത്തിനായി 125 വിശുദ്ധിസേനാ അംഗങ്ങളെ നിയമിച്ചു. പുകയില ഉല്‍പന്നങ്ങളുടെ വില്‍പന തടയുന്നതിനായി ശക്തമായ നടപടികള്‍ സ്വീകരിച്ചതായി എക്‌സൈസ് അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. എരുമേലിയിലെയും പരിസര പ്രദേശങ്ങളിലേയും റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതായി പൊതുമരാമത്ത് അധികൃതര്‍ അറിയിച്ചു. മാലിന്യ സംസ്‌കരണത്തിന് വിപുലമായ സംവിധാനം ഒരുക്കിയിട്ടുണ്ടന്ന് പഞ്ചായത്ത് അധികൃതര്‍ യോഗത്തില്‍ പറഞ്ഞു. വലിയതോട് ശുചീകരണം രണ്ട് ദിവസത്തിനുളളില്‍ പൂര്‍ത്തീകരിക്കുമെന്ന് ഇറിഗേഷന്‍ വിഭാഗം യോഗത്തില്‍ പറഞ്ഞു. പി.സി ജോര്‍ജ്ജ് എം.എല്‍.എ അധ്യക്ഷനായി.
ആര്‍.ഡി.ഒ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് കൃഷ്ണകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം മാഗി ജോസഫ്, കോരൂത്തോട് പഞ്ചായത്ത് പ്രസിഡന്റ് സുധീര്‍, മറ്റ് ജനപ്രതിനിധികള്‍, ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ പി എന്‍ ശ്രീകുമാര്‍ ,വിവിധ സര്‍ക്കാര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."