യുനൈറ്റഡിന് ജയം; പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ അവസാന പോരാട്ടത്തില്‍ ബേണ്‍മൗത്തിനെതിരേ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ജയം. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് യുനൈറ്റഡ് വിജയിച്ചത്. ജയത്തോടെ 38 കളികളില്‍ നിന്ന് 66 പോയിന്റോടെ അഞ്ചാംസ്ഥാനത്ത് ഫിനിഷ് ചെയ്യാനും യുനൈറ്റഡിന് സാധിച്ചു. എന്നാല്‍ കഴിഞ്ഞ കളിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി സ്വാന്‍സിയോട് സമനില വഴങ്ങിയതിനാല്‍ ചാംപ്യന്‍സ് ലീഗ് യോഗ്യത നേടാന്‍ യുനൈറ്റഡിന് സാധിച്ചില്ല. ഗോള്‍ വ്യത്യാസത്തില്‍ സിറ്റി യുനൈറ്റഡിനേക്കാള്‍ ബഹുദൂരം മുന്നിലാണ്.
നേരത്തെ രണ്ടു ദിവസം മുന്‍പ് നടക്കേണ്ടിയിരുന്ന മത്സരം സ്റ്റേഡിയത്തില്‍ സംശയകരമായ സാഹചര്യത്തില്‍ പൊതി കണ്ടെത്തിയതിനെ തുടര്‍ന്ന് ചൊവ്വാഴ്ച്ച അര്‍ധരാത്രിയിലേക്ക് മാറ്റുകയായിരുന്നു. നാലാം സ്ഥാനം ലഭിക്കില്ലെന്ന ഉറപ്പുണ്ടായിട്ടും മികച്ച പ്രകടനമാണ് യുനൈറ്റഡ് പുറത്തെടുത്തത്. എന്നാല്‍ ആദ്യ നാല്‍പ്പതു മിനുട്ടിനിനുള്ളില്‍ ഫിനിഷിങിലെ പോരായ്മ കാരണം അക്കൗണ്ട് തുറക്കാന്‍ യുനൈറ്റഡിന് സാധിച്ചില്ല. 43ാം മിനുട്ടില്‍ വെയ്ന്‍ റൂണിയാണ് യുനൈറ്റഡിന്റെ അക്കൗണ്ട് തുറന്നത്. യുവാന്‍ മാറ്റയുടെ മനോരമായ മുന്നേറ്റത്തില്‍ പന്ത് ലഭിച്ച റാഷ്‌ഫോര്‍ഡ് റൂണിക്ക് പന്ത് മറിച്ച് നല്‍കി. റൂണി മികച്ചൊരു ഷോട്ടിലൂടെ പന്ത് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. 10 മത്സരങ്ങള്‍ക്ക് ശേഷം റൂണി നേടുന്ന ഗോളായിരുന്നു ഇത്. യുനൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ താരം നേടുന്ന 100ാം ഗോള്‍ കൂടിയായിരുന്നു ഇത്.
രണ്ടാം പകുതിയില്‍ യുനൈറ്റഡ് ഉണര്‍ന്നു കളിച്ചു. ആന്റണി മാര്‍ഷലായിരുന്നു യുനൈറ്റഡിന്റെ മുന്നേറ്റങ്ങളെ നയിച്ചത്. 74ാം മിനുട്ടില്‍ റാഷ്‌ഫോര്‍ഡ് ടീമിന്റെ ലീഡ് ഉയര്‍ത്തി. റൂണിയുടെ പാസില്‍ നിന്നായിരുന്നു ഗോള്‍. 87ാം മിനുട്ടില്‍ ആഷ്‌ലി യങ് കൂടി ഗോള്‍ നേടിയതോടെ യുനൈറ്റഡ് പട്ടിക തികച്ചു. അവസാന നിമിഷം ബേണ്‍മൗത്ത് ഗോളിനായി നിരന്തരം ശ്രമിച്ചു. ഈ സമ്മര്‍ദത്തില്‍ നിന്ന് യുനൈറ്റഡ് സ്മാളിങിലൂടെ സെല്‍ഫ് ഗോള്‍ വഴങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."