ബാങ്കിലുള്ള പണം പിന്‍വലിക്കാന്‍ കഴിയാതെ രോഗി വലയുന്നു
മേപ്പയ്യൂര്‍: വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കായി ബാങ്കില്‍ നിക്ഷേപിച്ച പണം പിന്‍വലിക്കാന്‍ കഴിയാതെ രോഗി വലയുന്നു. മേപ്പയ്യൂര്‍ വടുവന്‍ കുന്നുമ്മല്‍ ബാബുവിന്റെ മകന്‍ ഷിബിനാണ് കറന്‍സി നിയന്ത്രണം വിനയായത്. നിര്‍ധന കുടുംബാംഗമായ ഷിബിനിന്റെ ചികിത്സാ ചെലവിനായി നാട്ടുകാര്‍ ചേര്‍ന്ന് ഇരുപതുലക്ഷം രൂപ പിരിച്ചെടുത്തിരുന്നു. ഗ്രാമീണ്‍ ബാങ്ക് മേപ്പയ്യൂര്‍ ബ്രാഞ്ചിലാണ് ഈ പണം നിക്ഷേപിച്ചിരിക്കുന്നത്.
അതേസമയം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍ നിന്ന് ഷിബിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് തിയതി നല്‍കിയിരിക്കുന്നത് 22നാണ്. ശസ്ത്രക്രിയക്ക് മുന്‍പുള്ള ചികിത്സയ്ക്ക് കോഴിക്കോട് വാടകയ്ക്ക് വീടെടുത്ത് താമസിക്കുകയാണ് ഇപ്പോള്‍ ഷിബിനും കൂടുംബവും. പിതാവ് ബാബുവാണ് ഷിബിന് വൃക്ക ദാനം ചെയ്യുന്നത്. ചികിത്സാ ചെലവിനുള്ള പണം പിന്‍വലിക്കാന്‍ കഴിയാതെ ദയനീയ അവസ്ഥയിലാണ് ഈ കടുംബം. ഒരാഴ്ചയില്‍ ഇരുപതിനായിരം രൂപ മാത്രമേ കറന്‍സി നിയന്ത്രണം കാരണം അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാന്‍ കഴിയൂ. ഇനി ഷിബിന്റെ ശസ്ത്രക്രിയക്ക് പത്തുദിവസം മാത്രമാണ് ബാക്കിയുള്ളത്. ഈ ദിവസമാകുമ്പോഴേക്ക് പണം പിന്‍വലിക്കാനുള്ള നെട്ടോട്ടത്തിലാണ് ഷിബിന്‍ ചികിത്സാ സഹായ കമ്മിറ്റി കണ്‍വീനര്‍ പ്രജീഷും നാട്ടുകാരും കുടുംബാംഗങ്ങളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."