തര്‍ക്കം തീര്‍പ്പാക്കുന്നതുവരെ സുശീലിന് ദേശീയ ക്യാംപില്‍ പ്രവേശനമില്ല
ന്യൂഡല്‍ഹി: 74 കിലോ വിഭാഗത്തിലെ ഒളിംപിക് യോഗ്യത സംബന്ധിച്ച തര്‍ക്കത്തില്‍ സുശീല്‍കുമാര്‍ റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയെ സമീപിച്ചു. കഴിഞ്ഞ ദിവസം സുശീലിന്റെ വിഷയത്തില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ഇതിന് പുറമേ കോടതിയില്‍ നിയമപോരാട്ടത്തിന് നില്‍ക്കാതെ പരിശീലനത്തില്‍ ശ്രദ്ധിക്കണമെന്നും കോടതി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് സുശീലും അദ്ദേഹത്തിന്റെ കോച്ച് മഹാബലി സത്പാലും റെസ്‌ലിങ് ഫെഡറേഷനെ സമീപിച്ചത്.
എന്നാല്‍ അനുകൂല നിലപാടല്ല അസോസിയേഷന്റേതെന്നറിയുന്നു. നരസിങ് യാദവിന് പകരം സുശീലിനെ 74 കിലോയില്‍ മത്സരിപ്പിക്കാന്‍ സാധിക്കില്ല.
യോഗ്യതയ്ക്കായി ഇരുവരും തമ്മിലുള്ള മത്സരം അസംബന്ധമാണ്. യോഗ്യത നേടിയ താരത്തെ മാറ്റുക എന്നത് പ്രായോഗികമല്ല. ഇതുസംബന്ധിച്ച് അസോസിയേഷന്റെ മറുപടി ഹൈക്കോടതിക്ക് നല്‍കുമെന്നും കോടതിയുടെ തീരുമാനമായിരിക്കും അന്തിമമെന്നും റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ സിങ് പറഞ്ഞു. കോടതി ഇക്കാര്യത്തില്‍ തീര്‍പ്പുണ്ടാക്കുന്നതുവരെ സുശീലിനെ ദേശീയ ക്യാംപില്‍ പരിശീലനത്തിന് അനുവദിക്കില്ലെന്നും ഭൂഷണ്‍ വ്യക്തമാക്കി.
അതേസമയം ഫെഡറേഷനുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം പുറത്തെത്തിയ സുശീല്‍ തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
നരസിങ് എനിക്ക് സഹോദരനെ പോലെയാണ്. നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിനെതിരേയുള്ള ട്രയല്‍സില്‍ ജയിച്ചാല്‍ മാത്രമേ യോഗ്യത ലഭിക്കൂവെന്ന അവസ്ഥയിലാണ് താന്‍. എന്നാല്‍ ഇക്കാര്യത്തില്‍ അസോസിയേഷനോട് യാതൊരു എതിര്‍പ്പുമില്ല. ട്രയല്‍സ് സംബന്ധിച്ച തന്റെ നിലപാട് അസോസിയേഷനോട് വ്യക്തമാക്കി കഴിഞ്ഞു. ഇനി അവരാണ് നിലപാടെടുക്കേണ്ടതെന്നും സുശീല്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വിഷയത്തില്‍ വ്യത്യസ്ത മറുപടിയായിരുന്നു സുശീലിന്റെ കോച്ചും ഭാര്യാപിതാവുമായ സത്പാല്‍ സിങിന്റേത്.
ആരാണ് മികച്ച താരം എന്നത് സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ട്. ട്രയല്‍സില്‍ ആരു ജയിക്കുന്നുവോ അയാള്‍ റിയോയിലേക്ക് പോയാല്‍ ആ പ്രശ്‌നമൊഴിവാക്കാം. ട്രയല്‍സ് ഒഴിവാക്കി നരസിങ് റിയോയില്‍ മത്സരിച്ച് തോറ്റാല്‍ അത് വന്‍ വിവാദത്തിന് വഴിവെക്കും. ജനങ്ങള്‍ എന്തുകൊണ്ട് ട്രയല്‍സ് നടത്തിയില്ലെന്ന് ചോദിക്കും. ഇതൊഴിവാക്കാന്‍ ഈ മത്സരം ആവശ്യമാണെന്നും സത്പാല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."