മതകാര്യത്തില്‍ ഭരണാധികാരികള്‍ ഇടപെടേണ്ട: ജിഫ്രി മുത്തുക്കോയ തങ്ങള്‍
കാഞ്ഞങ്ങാട്: മത കാര്യത്തില്‍ ഭരണാധികാരികള്‍ ഇടപെടേണ്ടെന്ന് സമസ്ത ട്രഷറര്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. രാജ്യത്ത് ഏകസിവില്‍ കോഡ് നടപ്പാക്കാന്‍ സര്‍ക്കാര്‍ മുത്വലാഖിന്റെ പേരു പറഞ്ഞു ശരീഅത്തിനെ കടന്നാക്രമിക്കുന്നത് ഭരണാധികാരികള്‍ക്ക് ഭൂഷണമല്ല. കാലികമായ എല്ലാ വിഷയങ്ങള്‍ക്കും ഉതകുന്ന വിധത്തിലാണ് ശരീഅത്ത് നിയമങ്ങള്‍ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളതെന്നും ഇടയ്ക്കിടെ തിരുത്തേണ്ട ആവശ്യമില്ല. സമസ്ത കോര്‍ഡിനേഷന്‍ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി കാഞ്ഞങ്ങാട്ട് സംഘടിപ്പിച്ച ശരീഅത്തു റാലിയും പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശരീഅത്തിന്റെയും മുത്വലാഖിന്റെയും പേരില്‍ ഇസ്‌ലാം മതത്തിനെതിരേ ഉറഞ്ഞു തുള്ളുന്നവര്‍ ഇസ്‌ലാമിക ശരീഅത്ത് എന്താണെന്ന് പഠിക്കാന്‍ തയാറാകണം. സംസ്ഥാന സര്‍ക്കാറായാലും, കേന്ദ്ര സര്‍ക്കാറായാലും ശരീഅത്തിനെതിരേ നീങ്ങിയാല്‍ അതിനെ പ്രതിരോധിക്കാന്‍ സമസ്ത എന്നും മുന്നില്‍ നില്‍ക്കും. എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷനായി. അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ടി.പി.അലിഫൈസി, ബഷീര്‍ വെള്ളിക്കോത്ത്, പാലാക്കി സി.കുഞ്ഞമ്മദ് ഹാജി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."