സംഘര്‍ഷം രൂക്ഷം: ഹൂതി നേതാവടക്കം നിരവധി മരണം
റിയാദ്: യമനില്‍ വിമത വിഭാഗമായ ഹൂതികളുമായുണ്ടായ സംര്‍ഷങ്ങളില്‍ പ്രമുഖ ഹൂതി നേതാവടക്കം നിരവധി പേര് കൊല്ലപ്പെട്ടു. ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലില്‍ ഹറാദ പോരാട്ട വിഭാഗത്തിലെ നേതാവായ മുഹമ്മദ് അലി അര്ജലിയാണ് കൊല്ലപ്പെട്ട പ്രമുഖന്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അറബ് സഖ്യസേനയുടെ സഹായത്തോടെ യമന്‍ ഔദ്യോഗിക സൈന്യം ശക്തമായ മുന്നേറ്റങ്ങളാണ് നടത്തിയത്.
മിദി, തവാല്‍ അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളില്‍ ശക്തമായ ഷെല്‍ ആക്രമണങ്ങളാണ് ഇരു വിഭാഗവും നടത്തിയത്. സാലിഹ് വിഭാഗവും ഹൂതി വിഭാഗവും തമ്പടിച്ചിട്ടുള്ള മേഖലകളാണിത്. കര, വ്യോമ, നാവിക ശക്തികള്‍ ഉപയോഗിച്ചുള്ള അതിശക്തമായ ഷെല്‍ ആക്രമണങ്ങളില്‍ ഉന്നത റാങ്കിലുള്ള സൈനികരടക്കം നിരവധി പേര് കൊല്ലപ്പെടുകയും പരുക്കേല്‍ക്കുകയും ചെയ്തതായി ഗ്രൗണ്ട് മിലിട്ടറി വിഭാഗം വ്യക്തമാക്കി. കൂടാതെ നിരവധി സൈനിക വാഹനങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്.
മറ്റൊരു സംഭവത്തില്‍ ഹറാദയുടെ കിഴക്ക ഭാഗമായ ബാക്കിര്‍ അല്‍ മിര്‍ പ്രദേശത്ത് അറബ് സഖ്യസേന നേരിട്ട് നടത്തിയ വ്യോമാക്രമണത്തില്‍ ഡസന്‍ കണക്കിന് ഹൂതികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ശക്തമായ ആക്രമണത്തിനിടെ സഊദിയെ ലക്ഷ്യമാക്കി ഹൂതികള്‍ തൊടുത്തുവിട്ട മിസൈല്‍ സഊദി പ്രതിരോധ സേന അതിര്‍ത്തിയില്‍ വച്ച് തകര്‍ത്തു. സഊദി അതിര്‍ത്തി പ്രദേശമായ ജിസാനെ ലക്ഷ്യമാക്കിയാണ് മിസൈല്‍ ആക്രമണം നടന്നതെന്ന് സഊദി പ്രതിരോധസേന വെളിപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."