മുര്‍സിയുടെ വധശിക്ഷ റദ്ദാക്കി
കെയ്‌റോ: സൈന്യം അട്ടിമറിച്ച ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ വധശിക്ഷ ഈജിപ്ത് പരമോന്നത കോടതി റദ്ദാക്കി. കേസില്‍ പുനര്‍വിചാരണ നടത്താനും കോടതി ഉത്തരവിട്ടു. മുര്‍സിയുടെ അപ്പീലിലാണ് വിധി. ഹുസ്‌നി മുബാറക്കിനെതിരേ 2011 ലെ പ്രക്ഷോഭത്തിനിടെ ജയില്‍ ചാടിയതടക്കമുള്ള കുറ്റങ്ങളാണ് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റായ മുഹമ്മദ് മുര്‍സിക്കെതിരേ ചുമത്തിയിരുന്നത്. 2011 ജനുവരിയില്‍ മുര്‍സിയെ വാദി നദ്‌റൂന്‍ ജയിലിലടച്ചിരുന്നു. സായുധ സംഘം ജയില്‍ ജീവനക്കാരെ ആക്രമിച്ച് ആയിരത്തോളം തടവുകാരെ മോചിപ്പിച്ചിരുന്നു.
2012 ലാണ് മുര്‍സി ഈജിപ്തിലെ ആദ്യ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്നത്. ഒരു വര്‍ഷം തികയും മുന്‍പേ 2013 ജൂലൈയില്‍ മുഹമ്മദ് മുര്‍സി സര്‍ക്കാരിനെ സൈന്യം അട്ടിമറിച്ചു. മുര്‍സിയുടെ മുസ്‌ലിം ബ്രദര്‍ഹുഡ് പാര്‍ട്ടിയെ നിരോധിക്കുകയും ചെയ്തു.
മുഹമ്മദ് മുര്‍സിയുടെ വിധിക്കൊപ്പം 21 മുസ്‌ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരുടെ ജീവപര്യന്ത്യം ശിക്ഷയും കോടതി റദ്ദാക്കി. ജയില്‍ ചാട്ടം ഉള്‍പ്പെടെ മൂന്ന് കുറ്റങ്ങളില്‍ കീഴ്‌ക്കോടതി മുര്‍സിക്ക് വധശിക്ഷ വിധിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ പരമോന്നത കോടതി റദ്ദാക്കിയത്. നേരത്തെ ഈജിപ്ത് ഗ്രാന്റ് മുഫ്തി ഷാവി ആലമും മുര്‍സിയും 98 മറ്റു പ്രതികളും ഉള്‍പ്പെടെയുള്ളവരുടെ വധശിക്ഷ ശരിവച്ചിരുന്നു.
2015 മെയിലാണ് മുര്‍സിയും പ്രമുഖ പണ്ഡിതന്‍ ഖദ്‌റാവിയും ഉള്‍പ്പെടെ100 ലേറെ പേര്‍ക്കെതിരേ ശിക്ഷ വിധിച്ചത്. ഖത്തര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കി എന്നായിരുന്നു കേസ്. വിവിധ കേസുകളിലായി 20 വര്‍ഷം തടവും വധശിക്ഷയുമാണ് കീഴ്‌ക്കോടതി വിധിച്ചത്.
സൈനിക അട്ടിമറിക്ക് ശേഷം ഈജിപ്ത് കോടതികളുടെ വിധികള്‍ പക്ഷപാതപരമാണെന്ന് ആംനെസ്റ്റി ഇന്റര്‍നാഷനല്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചിരുന്നു. ആയിരക്കണക്കിന് ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും നിരവധി പേരെ തൂക്കിലേറ്റുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."