വിമുക്ത ഭടനെ പൊലിസ് ബിന്‍ ലാദന്‍ എന്ന് വിളിച്ചു ആക്ഷേപിച്ചതായി പരാതി
പൊലിസിന്റെ ക്രൂരമായ മര്‍ദനത്തെ കുറിച്ചും മുന്‍ സൈനികനെ ആക്ഷേപിക്കുന്നതിനെ കുറിച്ചും മുഖ്യമന്ത്രി, ഡി.ജി.പി, തൃശൂര്‍ പൊലിസ് ഐ.ജി, ചാലക്കുടി ഡി.വൈ.എസ്.പി എന്നിവര്‍ക്ക് അഫ്‌സല്‍ പരാതിയും നല്‍കിയിട്ടുണ്ട്
കൊടകര: 1987 ഇല്‍ പഞ്ചാബ് സുവര്‍ണ്ണ ക്ഷേത്രത്തില്‍ നടന്ന സൈനിക നടപടിയില്‍ പങ്കെടുത്ത് രാഷ്ട്രപതിയുടെ സുരക്ഷാ സേവാ പുരസ്‌കാരം കരസ്ഥമാക്കിയ വിമുകത ഭടന്‍ പന്തല്ലൂര്‍ കാഞ്ഞിരപ്പറമ്പില്‍ അക്ബറിനെ കൊടകര പൊലിസ് ബിന്‍ ലാദന്‍ എന്ന് വിളിച്ചു ആക്ഷേപിക്കുന്നതായും, ഇദ്ദേഹത്തിന്റ മകനെ കള്ള കേസില്‍ കുടുക്കി ക്രൂരമായി മര്‍ദിച്ചതായും സൈനികന്റെ ഭാര്യ റംലത്ത്, മകന്‍ അഫ്‌സല്‍, സുഹൃത്തുക്കളായ ആല്‍ഫി വര്‍ഗ്ഗീസ്, നിഖില്‍ കൃഷ്ണ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു. കൊടകര പൊലിസില്‍ ജോലി ചെയ്യുന്ന ജെയ്‌സണ്‍ എന്ന പൊലിസുകാരനെതിരെ ഏതാനും നാളുകള്‍ക്ക് മുമ്പ് മുന്‍ സൈനികനായ പന്തല്ലൂര്‍ കാഞ്ഞിരപ്പറമ്പില്‍ അക്ബര്‍ പരാതി നല്‍കിയിരുന്നു. ഇതിനു ശേഷം ജെയ്‌സണ്‍ അക്ബറിന്റെ കുടുംബത്തെ കേസില്‍ കുടുക്കുമെന്ന് പല തവണ ഭീഷണിപ്പെടുത്തിയതായും അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റ് മാസം അവസാനം സ്വന്തം വീടിന്റെ മുന്നില്‍ സുഹൃത്തുക്കളുമായി സംസാരിച്ചു നിന്നതിനു ഫൈസലിന്റെയും സുഹൃത്തുക്കളുടെയും പേരില്‍ കൊടകര പൊലിസ് പെറ്റി കേസ് എടുത്തതായും ഈ കേസില്‍ സമന്‍സ് നല്‍കാതെ വാറന്റ് ആയി എന്നറിയിച്ചു ഫൈസലിനെ കൊടകര പൊലിസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി എസ്.ഐയും പൊലിസുകാരും ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നും ഇവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. പൊലിസിന്റെ ക്രൂരമായ മര്‍ദനത്തെ കുറിച്ചും മുന്‍ സൈനികനെ ആക്ഷേപിക്കുന്നതിനെ കുറിച്ചും മുഖ്യമന്ത്രി, ഡി.ജി.പി, തൃശൂര്‍ പൊലിസ് ഐ.ജി, ചാലക്കുടി ഡി.വൈ.എസ്.പി എന്നിവര്‍ക്ക് അഫ്‌സല്‍ പരാതിയും നല്‍കിയിട്ടുണ്ട്.
അഫ്‌സലിന്റെ പരാതി തനിക്ക് കിട്ടിയതായും കോടതി വാറന്റ് ഉള്ളതിനാലാണ് അയാളെ പൊലിസ് പിടികൂടിയതെന്നും ചാലക്കുടി ഡി.വൈ.എസ്.പി പി.വാഹിദ് പറഞ്ഞു. പരാതിയില്‍ പറഞ്ഞിട്ടുള്ള മറ്റു കാര്യങ്ങളെ കുറിച്ച് അന്വേഷിക്കുമെന്നും ഡി.വൈ.എസ്.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."