അങ്കണവാടിയില്‍ രണ്ടരവയസുകാരന് മര്‍ദനം; ആയക്കെതിരേ പൊലിസ് കേസെടുത്തു
കാട്ടാക്കട: രണ്ടര വയസുകാരനു അങ്കണവാടിയില്‍ ആയയുടെ മര്‍ദനം. കുറ്റിച്ചല്‍ കോട്ടൂര്‍ എരുമക്കുഴി കെ.പി ഭവനില്‍ രാഗേഷ് ബാബു-അശ്വതി ദമ്പതികളുടെ മകന് ദേവനന്ദന് (രണ്ടര) ആണ് മര്‍ദനത്തിനിരയായത്. മാതാപിതാക്കളുടെ പരാതിയില്‍ പൊലിസ് കേസെടുത്തു.
എരുമക്കുഴിയിലെ അങ്കണവാടിയില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. ഉച്ചയ്ക്ക് കുട്ടിയുടെ അമ്മ അങ്കണവാടിയില്‍ എത്തിയപ്പോള്‍ കുഞ്ഞ് നിര്‍ത്താതെ കരയുകയായിരുന്നു. ആയയോട് കാര്യം തിരക്കിയപ്പോള്‍ വെള്ളം കുടിക്കാത്തതിന് ഒരു അടി കൊടുത്തുവെന്ന് പറഞ്ഞു. തുടര്‍ന്ന് അശ്വതി കുഞ്ഞിന്റെ ശരീരം പരിശോധിച്ചപ്പോള്‍ മുതുകിലും കൈയിലും കാലിലുമായി അടിയേറ്റ പാടുകള്‍ കണ്ടു. പാടുകള്‍ തടിച്ചു ചുമന്നിരുന്നു. വീട്ടിലെത്തി ബന്ധുക്കളെ വിവരം അറിയിച്ചശേഷം നെയ്യാര്‍ഡാം പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. ഭക്ഷണം തിരുകി കയറ്റാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ വായില്‍ മുറിവുണ്ടായതായും മാതാപിതാക്കള്‍ പൊലിസിനോട് പറഞ്ഞു.
കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി നെയ്യാര്‍ഡാം എസ്.ഐ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ഇന്ന് അങ്കണവാടിക്കു മുന്നില്‍ ധര്‍ണ നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."