കാണാതായ ഫയലുകള്‍ സംബന്ധിച്ച് നഗരസഭ യോഗത്തില്‍ ബഹളം
കൊച്ചി : കാണാതായ ഫയലുകള്‍ സംബന്ധിച്ച് നഗരസഭ യോഗത്തില്‍ ബഹളം. ബഹളത്തെ തുടര്‍ന്ന് മേയര്‍ കൗണ്‍സില്‍ അവസാനിച്ചതായി പ്രഖ്യാപിച്ച് ഇറങ്ങിപ്പോയി. നഗരസഭയിലെ ഫയലുകള്‍ കാണാതായ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മേയര്‍ സൗമിനി ജെയിന്‍ നിരാകരിച്ചതാണ് ബഹളത്തിന് കാരണം.
കഴിഞ്ഞ ശനിയാഴ്ച ജോലി ചെയ്യാന്‍ സന്നദ്ധരായി എത്തിയ ഉദ്യോഗസ്ഥരെ ജോലിചെയ്യാന്‍ സമ്മതിക്കാതെ സെക്രട്ടറി പുറപ്പെടുവിച്ച സര്‍ക്കുലര്‍ ഉയര്‍ത്തിയാണ് പ്രതിപക്ഷം വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടത്. അവധി ദിവസത്തില്‍ ജോലി ചെയ്യുന്നവര്‍ ഫയലുകള്‍ കാണാതായാല്‍ ഉത്തരം പറയേണ്ടി വരുമെന്നും നഗരസഭയില്‍ നിന്ന് മുന്‍പ് കാണാതായ ഫയലുകളെ കുറിച്ച് വിജിലന്‍സും അഴിമതിവിരുദ്ധ വിഭാഗവും അന്വേഷണം നടത്തുകയാണെന്നും റിട്ടയേര്‍ഡ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ ഫയലുകള്‍ സൂക്ഷിച്ചിട്ടുളളതായും സര്‍ക്കുലറില്‍ പറയുന്നു.
പ്രതിപക്ഷ നേതാവ് കെ.ജെ ആന്റണി, എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ വി.പി ചന്ദ്രന്‍, ബെനഡിക്ട് ഫെര്‍ണാണ്ടസ് എന്നിവരാണ് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടത്. എന്നാല്‍ കഴിഞ്ഞ കൗണ്‍സിലിന്റെ കാലവധിയില്‍ കാണാതായ ഫയലുകള്‍ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുതിയതായി വീണ്ടും ഒരന്വേഷണം സാധ്യമല്ലെന്നായിരുന്നു മേയറുടെ മറുപടി.
പിന്നീട് സൂപ്രണ്ടിംഗ് എന്‍ജിനിയറെ അന്വേഷണത്തിന്റെ ചുമതല ഏല്‍പ്പിച്ചുവെന്ന് അറിയിച്ചുവെങ്കിലും പ്രതിപക്ഷം പിന്‍മാറിയില്ല. ഇതോടെ കൗണ്‍സില്‍ അവസാനിച്ചതായി പ്രഖ്യാപിച്ച് മേയര്‍ ഇറങ്ങിപ്പോയത്.
ഉദ്യോഗസ്ഥരെ മുഴുവന്‍ കള്ളന്മാരാക്കുന്ന സര്‍ക്കുലറാണ് മേയറും സെക്രട്ടറിയും ചേര്‍ന്ന് പുറത്തിറക്കിയതെന്ന് വി.പി ചന്ദ്രന്‍ പറഞ്ഞു. ഏതൊക്കെ ഫയലുകളാണ് നഷ്ടമായതെന്ന് മേയര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ഭരണ സമിതിയുടെ കാലത്ത് ഫയലുകള്‍ ചാക്കില്‍ കെട്ടി കളഞ്ഞത് സി.കെ പീറ്ററും, പി.എസ് പ്രകാശും ഓര്‍മ്മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."