മിഷേലിനെതിരേ വംശീയ ആക്രമണം നടത്തിയ മേയര്‍ രാജിവച്ചു
ക്ലേ കൗണ്ടി(യു.എസ്): യു.എസ് പ്രഥമ വനിത മിഷേല്‍ ഒബാമയ്ക്കു നേരെ വംശീയ അധിക്ഷേപം നടത്തിയ വെസ്റ്റ് വിര്‍ജിനിയയിലെ ചെറു പട്ടണമായ ക്ലേ കൗണ്ടി മേയര്‍ ബെവ്ലി വാലിങ്സ് രാജിവച്ചു. മിഷേല്‍ ഒബാമയെ ഹൈഹീലിട്ട ആള്‍ക്കുരങ്ങ് എന്ന പോസ്റ്റിനോട് മേയര്‍ ബെവ്ലി വാലിങ്സ് അനുകൂലിച്ചതാണ് വിവാദമായത്. ഡൊണാള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയായിരുന്നു ബെവ്ലിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
വെര്‍ജിനിയ ഡവലപ്മെന്റ് കോര്‍പറേറ്റ് ഡയറക്ടര്‍ പമേല ടെയ്ലറാണ് മിഷേലിനെതിരേ വംശീയവിദ്വേഷത്തിലൂന്നിയ ഫേസ്ബുക്ക് പോസ്റ്റ് നടത്തിയത്. വൈറ്റ് ഹൗസില്‍ സുന്ദരിയും പ്രൗഢയുമായ ഒരു സ്ത്രീ പ്രഥമവനിതയായി സ്ഥാനമേല്‍ക്കുന്നതില്‍ സന്തോഷം തോന്നുന്നു. ഹൈഹീല്‍ ചെരുപ്പുമിട്ട് ഒരു മനുഷ്യക്കുരങ്ങിനെ കണ്ട് മടുത്തുപോയി എന്നായിരുന്നു പമേലയുടെ ഫേസ്ബുക് പോസ്റ്റ്.
ഈ പോസ്റ്റിനോട് അനുകൂലമായി ബെവര്‍ലി വേലിങ് കുറിപ്പിട്ടത് വിവാദം ആളിക്കത്താനിടയാക്കി. സംഭവം വാര്‍ത്തയായതോടെ ഫേസ്ബുക്ക് ഇവരുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. ഇരുവരും മാപ്പുപറയുകയും ചെയ്തു. വംശീയ അധിക്ഷേപം നടത്തിയ രണ്ട് വനിതകളേയും തല്‍സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് സോഷ്യല്‍ മീഡിയയില്‍ ശക്തമായി ആവശ്യമുയര്‍ന്നിരുന്നു. ഇവരെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് 1.5 ലക്ഷം പേര് ഒപ്പുവച്ച ഓണ്‍ലൈന്‍ പരാതിയും ലഭിച്ചു. തുടര്‍ന്നാണ് മേയര്‍ രാജിവച്ചത്. മേയറുടെ വിവാദ പരാമര്‍ശത്തില്‍ മിഷേലിനോടും മറ്റും മാപ്പു ചോദിക്കുന്നതായി ക്ലേ കൗണ്ടി ടൗണ്‍ കൗണ്‍സില്‍ അംഗം ജെയ്സണ്‍ ഹബ്ബാര്‍ഡും ജോഷ്വ ഷാമ്പ്ലിനും പറഞ്ഞു. അതേസമയം തന്റെ പ്രസ്താവന വിവാദമാക്കുന്നവര്ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ടെയ്ലര് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."