ദുരിതജീവിതത്തിനു വിടനല്‍കി ശിവരാമന്‍പിള്ള നാട്ടിലേക്ക് മടങ്ങി
ജിദ്ദ: ഗുരുതര രോഗങ്ങള്‍ മൂലം നാട്ടിലേയ്ക്കു മടങ്ങാനാകാതെ വലഞ്ഞ 65കാരന്‍ സാമൂഹിക പ്രവര്‍ത്തകരുടെയും ഇന്ത്യന്‍ എംബസിയുടെയും സഹായത്തോടെ, നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്കു മടങ്ങി.
കൊല്ലം സ്വദേശിയായ ശിവരാമന്‍ പിള്ളയാണു മടങ്ങിയത്. 1993 ലാണു പിള്ള സഊദിയില്‍ പ്രവാസിയായി എത്തുന്നത്. 23 വര്‍ഷം ഒരേ സ്‌പോണ്‍സറുടെ കീഴില്‍ ലേബറായി ജോലി നോക്കി. പലപ്പോഴും മോശം അവസ്ഥകളെ നേരിടേണ്ടി വന്നപ്പോഴും നാട്ടിലുള്ള കുടുംബത്തെ ഓര്‍ത്ത് ജോലിയില്‍ പിടിച്ചു നിന്നു. എന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ മോശമായിക്കൊണ്ടിരുന്നു. കഴിഞ്ഞ ആറു വര്‍ഷമായി നാട്ടില്‍ പോകാന്‍ സ്‌പോണ്‍സര്‍ ശിവരാമന്‍പിള്ളയെ അനുവദിച്ചില്ല. ആറു മാസമായി ശമ്പളം കിട്ടാതെയായി. ഒടുവില്‍ ശമ്പളത്തിനു വേണ്ടി തര്‍ക്കിച്ചപ്പോള്‍ താമസിക്കുന്ന സ്ഥലത്തു നിന്നു സ്‌പോണ്‍സര്‍ ഇറക്കി വിട്ടു.
ജീവിതം വഴി മുട്ടിയ അവസ്ഥയില്‍, ശിവരാമന്‍പിള്ള, ചില സുഹൃത്തുക്കളുടെ ഉപദേശപ്രകാരം നവയുഗം ജീവകാരുണ്യപ്രവര്‍ത്തകനായ സക്കീര്‍ ഹുസൈനെ ബന്ധപ്പെട്ടു സഹായം അഭ്യര്‍ഥിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ സഹായത്തോടെ കോബാര്‍ ലേബര്‍ കോടതിയില്‍ സ്‌പോണ്‍സര്‍ക്കെതിരേ പരാതി നല്‍കി. എന്നാല്‍ സ്‌പോണ്‍സര്‍ തുടര്‍ച്ചയായി ഹാജരാകാത്തതിനെത്തുടര്‍ന്ന് കേസ് അസീസിയ കോടതിയിലേക്കു മാറ്റി. അവിടെയും സ്‌പോണ്‍സര്‍ ഹാജരാകാത്ത അവസ്ഥ വന്നപ്പോള്‍, കേസ് ദമാമിലെ ഹൈക്കോടതിയിലെത്തി.
കേസ് നീണ്ടു പോകുന്നതിനിടയില്‍ ഇദ്ദേഹത്തിനു ഹൃദ്രോഗമുണ്ടായി. ആശുപത്രിയിലെത്തി പരിശോധിച്ചപ്പോള്‍ കിഡ്‌നിക്കും തകരാറുണ്ടെന്നും കൂടുതല്‍ ചികിത്സയ്ക്കായി നാട്ടില്‍ കൊണ്ടു പോകണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
തുടര്‍ന്നു ഷിബുകുമാര്‍ പിള്ളയെ മെഡിക്കല്‍ രേഖകളും ഡോക്റ്ററുടെ സര്‍ട്ടിഫിക്കറ്റുമായി ദമാം തര്‍ഹീലില്‍ പോയി. തുടര്‍ന്നാണ് അധികൃതര്‍ എക്‌സിറ്റ് അടിച്ചു നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."