കോട്ടമലയില്‍ വീണ്ടും പാറമടലോബി പിടിമുറുക്കി
പാലാ : ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തില്‍ കോട്ടമലയില്‍ പാറമട ലോബി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുന:രാരംഭിച്ചു. നാട്ടുകാരുടെയും രാമപുരം പഞ്ചായത്ത് ഭരണസമിതിയുടെയും എതിര്‍പ്പ് ലംഘിച്ചാണ് റവന്യു-പൊലിസ് കൂട്ടുകെട്ടില്‍ കോട്ടമലയില്‍ ഇന്നലെ നിര്‍മാണം നടന്നത്. ഇതേത്തുടര്‍ന്ന് നിര്‍മാണത്തില്‍ മലയുടെ താഴ്‌വാരത്തില്‍ താമസിക്കുന്ന വീട്ടുകാരുടെ ജീവനു ഹാനികരമാകുന്ന വിധത്തില്‍ കല്ല് പതിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് ഷൈനി സന്തോഷ് പാറമടക്ക് പഞ്ചായത്ത് നല്‍കിയ ലൈസന്‍സ് താത്കാലികമായി റദ്ദ് ചെയ്തു.
കോട്ടമലയിലെ പാറമടയ്ക്ക് കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നല്‍കിയ പ്രവര്‍ത്തനാനുമതിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെയും പ്രവര്‍ത്തനങ്ങള്‍ നടന്നത്. കോട്ടയം, ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയിലൂടെ കോട്ടമലയിലേക്ക് വഴി നിര്‍മിക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടന്നത്.
റോഡ് വെട്ടുന്ന യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത നിലയിലും പാറകള്‍ പൊട്ടിച്ച് അടര്‍ത്തിമാറ്റിയ വസ്ഥയിലുമായിരുന്നു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഭാഗത്തുനിന്നും 300 മീറ്റര്‍ താഴെയായി വലിയ ഉരുളന്‍ കല്ല് താഴ്ക്ക് പതിച്ച പാടുകളും കണ്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോട്ടമലയ്ക്ക് മുന്‍പ്രസിഡന്റിന്റെ കാലത്ത് സെക്രട്ടറി അനുവദിച്ച ലൈസന്‍സ് റദ് ചെയ്തത്.
ഇന്നലെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നതോടെ പാലാ ആര്‍.ഡി.ഒയെയും രാമപുരം പൊലിസിലും പരാതിപ്പെട്ടെങ്കിലും പഞ്ചായത്തിനും കോട്ടമല സമരസമിതിക്കും നിരാശയായിരുന്നു ഫലം.
കോട്ടമലയ്ക്ക് നിര്‍മാണ അനുമതി റദ്ദ് ചെയ്യാന്‍ പ്രസിഡന്റിന് അധികാരമില്ലെങ്കിലും സെക്രട്ടറിയുടെയും അസി. സെക്രട്ടറിയുടെ അഭാവത്തില്‍ അടിയന്തര പ്രാധാന്യമുള്ള സാഹചര്യത്തില്‍ പ്രസിഡന്റിന് താത്കാലികമായി ലൈസന്‍സ് റദ്ദ് ചെയ്യാമെന്ന പഞ്ചായത്ത് രാജ് ചട്ടമനുസരിച്ചാണ് പാറമടയ്ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയിരിക്കുന്നത്.
പൈതൃകവും സംരക്ഷിത പ്രദേശവുമായ കോട്ടമലയിലെ പാറമടയ്ക്ക് അനുമതി നല്‍കിയത് വന്‍ജനകീയ സമരത്തിന് ഇടയാക്കിയിരുന്നു. ഭരണസമിതിയുടെ എതിര്‍പ്പിനെ മറികടന്ന് മുന്‍സെക്രട്ടറി പാറമടക്ക് ലൈസന്‍സ് അനുദിച്ചിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ ജനകീയ സമരത്തിന് രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും പിന്തുണ നല്‍കി. കുറിഞ്ഞി പള്ളി വികാരി ഉള്‍പ്പെടെ ജനകീയ സമരത്തില്‍ അറസ്റ്റിലായതോടെ ജനം പ്രക്ഷുബ്ധരായി. ഏറെ വിവാദങ്ങള്‍ ഉയര്‍ന്നതോടെ പ്രസിഡന്റ് ബൈജു ജോണ്‍ രാജിവച്ചിരുന്നു. തുടര്‍ന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കാനം രാജേന്ദ്രന്‍, ബിനോയ് വിശ്വം, വൈക്കം വിശ്വന്‍, ഉഴവൂര്‍ വിജയന്‍ തുടങ്ങി പ്രമുഖര്‍ കോട്ടമലയിലെത്തി നിര്‍മ്മാണം തുടരാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ദിവസങ്ങള്‍ക്കകമാണ് കോട്ടമലയുടെ ഏറ്റവും മുകളിലൂടെ പാറമട ലോബി തുടര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുന്നത്.
കോട്ടമലയുടെ സംരക്ഷണത്തിനായി രാമപുരം പഞ്ചായത്ത് നിവാസികളും ജനപ്രതിനിധികളും ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും ഒരു നിര്‍മാണ പ്രവര്‍ത്തനവും അനുവദിക്കില്ലെന്നും ഉദ്യോഗസ്ഥര്‍ ആവശ്യമായ നടപടിയെടുത്തില്ലെങ്കില്‍ ജനങ്ങളുമായെത്തി നിര്‍മ്മാണം തടയുമെന്നും പഞ്ചായത്തംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനപ്രതിനിധികള്‍ക്ക് വിലനല്‍കാത്ത ഉദ്യോഗസ്ഥ കൂട്ടയ്മയാണ് കോട്ടമലയിലെ ലോബിയെ സഹായിക്കുന്നതെന്നും അവര്‍ ആരോപിച്ചു. പ്രസിഡന്റ് ഇന്‍ ചാര്‍ജ് ഷൈനി സന്തോഷ്, ജീനസ് നാഥ്, മത്തച്ചന്‍, മിനി ശശി, അരുണ്‍ ബേബി, ജാന്‍സി ഫിലിപ്പോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."