നോട്ട് നിരോധനം: മുന്നറിയിപ്പുമായി മമതയും കെജ്‌രിവാളും
ന്യൂഡല്‍ഹി: നോട്ട് നിരോധനവിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനു ശക്തമായ മുന്നറിയിപ്പുമായി ആം ആദ്മി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും. നോട്ടുകള്‍ നിരോധിച്ച നടപടി മൂന്നുദിവസത്തിനകം പിന്‍വലിച്ചില്ലെങ്കില്‍ കടുത്ത പ്രതിഷേധം നേരിടേണ്ടി വരുമെന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും മുന്നറിയിപ്പ് നല്‍കി. പ്രതിഷേധിക്കുന്നവരെ ജയിലിലടയ്ക്കുന്ന സമീപനമാണ് സര്‍ക്കാരിനുള്ളതെന്ന് മമത പറഞ്ഞു.
നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ ഞങ്ങളെ ജയിലിലടക്കൂ. അല്ലെങ്കില്‍ വെടിവയ്ക്കൂ. എന്തായാലും ഈ പോരാട്ടം തുടരും. രാജ്യത്തെ വില്‍ക്കാനാണ് നരേന്ദ്രമോദി ശ്രമിക്കുന്നത്.
1975ലെ അടിയന്തിരവസ്ഥയെക്കാള്‍ മോശമായ സാഹചര്യത്തിലേക്കാണ് രാജ്യം പോയിക്കൊണ്ടിരിക്കുന്നത്. അവര്‍ക്ക് രാജ്യത്തെ വില്‍ക്കണം. ഭരണഘടന ഇല്ലാതാക്കണം. എന്നാല്‍ അത് അനുവദിക്കില്ലെന്നും മമത പ്രഖ്യാപിച്ചു. ഡല്‍ഹിയിലെ പച്ചക്കറി മൊത്തവ്യാപാര സ്ഥലമായ ആസാദ്പുര്‍ മാന്‍ഡിയിലാണ് തൃണമൂല്‍- ആം ആദ്മി പ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
രാജ്യത്ത് ഇതിന് മുമ്പ് ഇത്തരമൊരു അവസ്ഥ ഉണ്ടായിട്ടുണ്ടോ? ആദ്യം 4500 രൂപ ലഭിക്കുമെന്ന് മോദി പറഞ്ഞു. ഇപ്പോഴത് രണ്ടായിരമാക്കി. മോദിയുടെ തലക്ക് എന്തോ ഗുരുതരമായ പ്രശ്‌നമുണ്ട്. അദ്ദേഹം ജനങ്ങള്‍ക്ക് ഭിക്ഷ നല്‍കുകയാണ്. സ്വന്തം മുഖത്ത് കരിമഷി പുരണ്ട നരേന്ദ്രമോദി ജനങ്ങളുടെ വിരലില്‍ ഇപ്പോള്‍ മഷിപുരട്ടുകയാണെന്നും മമത പരിസഹസിച്ചു. സാധാരണക്കാര്‍ ബാങ്കുകള്‍ക്ക് മുന്നില്‍ വരിനിന്ന് കഷ്ടപ്പെടുമ്പോള്‍ വിജയ്മല്യ ലണ്ടനില്‍ സുഖവാസത്തിലാണെന്ന് എ.എ.പി നേതാവ് കെജ്‌രിവാള്‍ പറഞ്ഞു.
മല്യയെ രക്ഷപ്പെടാന്‍ സഹായിച്ചത് നരേന്ദ്രമോദിയാണ്. നോട്ട്പിന്‍വലിക്കാനുള്ള തീരുമാനത്തിന്റെ പേരില്‍ ആളുകള്‍ മരിക്കുന്നു. കല്യാണങ്ങള്‍ മുടങ്ങുന്നു. ആരാണ് ഈ മരണത്തിന് ഉത്തരവാദികള്‍. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ കുംഭകോണമാണ് നോട്ട്പിന്‍വലിച്ച സംഭവം. ജനങ്ങള്‍ എല്ലാവരും കൂടി 10 ലക്ഷം കോടി തുക ബാങ്കില്‍ നിക്ഷേപിക്കുന്നു. അതിന്റെ ബലത്തില്‍ മോദി തന്റെ വ്യവസായികളായ സുഹൃത്തുക്കളുടെ എട്ടു ലക്ഷം കോടിയുടെ വായ്പ എഴുതിത്തള്ളുന്നു. 40ലേറെ പേര്‍ ബാങ്കുകള്‍ക്ക് മുന്നില്‍ വരിനില്‍ക്കുന്നതിനിടെ മരിച്ചു. ഇതാണോ മോദിയുടെ രാജ്യസ്‌നേഹം. രാജ്യത്തെ മൊത്തം കച്ചവടവും തകര്‍ന്നു. വിപണിയില്‍ ഇറക്കാന്‍ ആരുടെ കൈയിലും പണമില്ലെന്നും കെജ്്‌രിവാള്‍ പറഞ്ഞു.
ജനങ്ങള്‍ വിഡ്ഡികളാണെന്ന് കരുതരുത്. ബാങ്കുകള്‍ക്കും എ.ടി.എം കൗണ്ടറുകള്‍ക്കും മുന്നില്‍ വരിനില്‍ക്കുന്നത് രാജ്യസ്‌നേഹമാണെന്ന് ഇനിയും പറയരുത്.
ജനങ്ങളുടെ ക്ഷമ പരീക്ഷിക്കാതെ മൂന്നുദിവസത്തിനകം തീരുമാനം പിന്‍വലിക്കുക. അല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കി.
പ്രതിഷേധപരിപാടിക്കു പിന്നാലെ ഇരുവരും ഡല്‍ഹിയിലെ റിസര്‍വ്വ് ബാങ്ക് ആസ്ഥാനത്തെത്തി അധികൃതരുമായി കൂടിക്കാഴ്ച നടത്തി. ഡിസംബര്‍ 30 വരെ മാറ്റി വാങ്ങാവുന്ന കറന്‍സിയുടെ മൂല്യം 4500 രൂപയില്‍ നിന്നും രണ്ടായിരം രൂപയായി കുറച്ചത് സര്‍ക്കാരിന്റെ കൈയില്‍ പണമില്ലാത്തത് കൊണ്ടാണെന്നു മമത ബാനര്‍ജി പറഞ്ഞു.
ചോദ്യാവലി അടങ്ങിയ കുറിപ്പ് കെജ്‌രിവാള്‍ ബാങ്ക് അധികൃതര്‍ക്ക് കൈമാറി. പുതിയ നോട്ടുകള്‍ അടിക്കാന്‍ റിസര്‍വ് ബാങ്കിനുള്ള ശേഷി പൂര്‍ത്തിയാക്കാന്‍ എത്രദിവസം വേണ്ടി വരും, എത്രത്തോളം കറന്‍സികള്‍ ഇതിനകം അച്ചടിച്ചു വിതരണം നടത്തി എന്നീ ചോദ്യങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. അച്ചടിച്ച് വിതരണം നടത്തിയ നോട്ടുകളുടെ മൂല്യത്തെ പറ്റി റിസര്‍വ് ബാങ്ക് അധികൃതര്‍ക്ക് അറിയില്ല എന്ന വസ്തുത ദുരൂഹത ഉണ്ടാക്കുന്നുവെന്നു കെജ്‌രിവാള്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."