അംബാനിയും അദാനിയും നേരത്തെ അറിഞ്ഞെന്ന് ബി.ജെ.പി എം.എല്‍.എ
ന്യൂഡല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിക്കുന്ന വിവരം വ്യവസായികളായ മുകേഷ് അംബാനിയും ഗൗതം അദാനിയും നേരത്തെ തന്നെ അറിഞ്ഞിരുന്നുവെന്ന് രാജസ്ഥാനിലെ ബി.ജെ.പി നേതാവും എം.എല്‍.എയുമായ ഭവാനി സിങ് വെളിപ്പെടുത്തി. ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാതെ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടിയെയും ബി.ജെ.പി എം.എല്‍.എ വിമര്‍ശിച്ചു.
ആവശ്യത്തിന് നോട്ടുകള്‍ അച്ചടിക്കാതെയാണു സര്‍ക്കാരിന്റെ പ്രഖ്യാപനം. അര്‍ധരാത്രിയില്‍ ഇന്ധനവില വര്‍ധിപ്പിക്കുന്നതു പോലെയായി സര്‍ക്കാരിന്റെ നടപടി. എന്നാല്‍ നോട്ട് നിരോധനം പ്രഖ്യാപിക്കും മുമ്പ് തന്നെ നരേന്ദ്രമോദി സര്‍ക്കാര്‍ വ്യവസായ ഭീമന്‍മാരായ അംബാനിക്കും അദാനിക്കും ഈ വിവരം ചോര്‍ത്തിനല്‍കി. അതിനാല്‍ അവര്‍ക്ക് മുന്നൊരുക്കങ്ങള്‍ സ്വീകരിക്കാന്‍ സമയവും ലഭിച്ചു. നിരോധിച്ച നോട്ടിനു പകരമായി ഇറക്കിയ പുതിയ നോട്ടുകള്‍ ഒട്ടും നിലവാരമില്ലാത്തവയാണ്.
ഇതില്‍ ക്രമക്കേട് നടന്നിരിക്കാന്‍ സാധ്യതയുണ്ടെന്നും കോട്ട ജില്ലയിലെ ലദ്പുര മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമായ ഭവാനി സിങ് പറഞ്ഞു. ഇദ്ദേഹം ഇക്കാര്യങ്ങള്‍ പറയുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയകളിലൂടെ പ്രചരിക്കുന്നുമുണ്ട്.
അല്‍പ്പം കൂടി സാവകാശം അനുവദിച്ചായിരുന്നു ഇങ്ങിനെയൊരു തീരുമാനം കൈക്കൊള്ളേണ്ടിയിരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നേരത്തെ രാജസ്ഥാനില്‍ പഠിക്കുന്ന ബിഹാരി വിദ്യാര്‍ഥികളുടെ ക്രമിനല്‍ പശ്ചാത്തലം പരിശോധിക്കണമെന്നും കഷണ്ടി വരാന്‍ സാധ്യതയുള്ളതിനാല്‍ ആരും ഹെല്‍മെറ്റ് ധരിക്കരുതെന്നുമുള്ള ഇദ്ദേഹത്തിന്റെ പ്രസ്താവനകള്‍ വിവാദമായിരുന്നു. അതേസമയം വീഡിയോയെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതു ഓഫ് റെക്കോഡില്‍(അനൗദ്യോഗികമായ സംഭാഷണം) പറഞ്ഞതാണെന്നും വീഡിയോയിലെ ദൃശ്യങ്ങളെല്ലാം താന്‍ പറഞ്ഞതല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."