ഗുജറാത്തി ടഗ്ഗിലെ അന്യദേശ തൊഴിലാളികള്‍ മുങ്ങി !
കോവളം: ഉടമസ്ഥര്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ഒന്നരവര്‍ഷത്തിലധികമായി വിഴിഞ്ഞത്ത് കുടുങ്ങിക്കിടക്കുന്ന ഗുജറാത്തി ടഗ്ഗിലെ അന്യദേശ തൊഴിലാളികള്‍ മുങ്ങി. ടഗ്ഗിലെ നാല് ജീവനക്കാര്‍ മാസങ്ങളായി ഇവിടെ ദുരിതത്തിലായിരുന്നു. അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ട് പുറംലോകവുമായി അധികം ബന്ധങ്ങളില്ലാതെ ടഗ്ഗിനുള്ളില്‍ കഴിച്ചു കൂട്ടുകയായിരുന്നു ഇവര്‍. ഇതില്‍ ഒരാള്‍ പോര്‍ട്ട് അധികൃതരോട് ഒരാഴ്ചത്തെ അനുമതി വാങ്ങി കഴിഞ്ഞ മാസം നാട്ടിലേക്ക് പോയെങ്കിലും മടങ്ങിയെത്തിയില്ല. പിന്നെയുണ്ടായിരുന്ന മഹാരാഷ്ട്രാ, ആന്ധ്ര സ്വദേശികളായ സായി, രാഘവ്, റോഹിന്‍ എന്നിവരും രണ്ട് ദിവസം മുമ്പ് ആരുമറിയാതെ സ്ഥലം കാലിയാക്കി. ഇവര്‍ക്കൊപ്പം ടഗ്ഗിലുണ്ടായിരുന്ന എന്‍ജിനിയറും മലയാളിയുമായ ശ്രീകുമാര്‍ കോടതിയില്‍ കേസു കൊടുത്തതിനെ തുടര്‍ന്ന് ഇയാളെ നാട്ടിലേക്ക് മടക്കി അയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഒന്നരവര്‍ഷം മുമ്പാണ് എന്‍ജിന്‍ തകരാറിനെതുടര്‍ന്ന് സഹായം ചോദിച്ച് ബ്രഹ്മാക്ഷര എന്ന കൂറ്റന്‍ ഗുജറാത്തി ടഗ്ഗ് വിഴിഞ്ഞത്തെത്തിയത്. അന്ന് ടഗ്ഗിലുണ്ടായിരുന്ന ക്യാപ്റ്റന്‍ അടക്കമുള്ള ജീവനക്കാര്‍ പലകാരണങ്ങളാല്‍ ടഗ്ഗ് വിട്ടു പോയതിന് ശേഷം പകരം കയറിയ ജീവനക്കാരാണ് ഉടമസ്ഥരുടെ നിസ്സഹകരണത്തെ തുടര്‍ന്ന് മാസങ്ങളായി ഇവിടെ കുടുങ്ങിക്കിടന്നത്. ശമ്പളമോ ഭക്ഷണമോ ഇല്ലാതെ ദുരിതത്തിലായ ഇവര്‍ പോര്‍ട്ട് അധികൃതരുടെയും മറ്റുള്ളവരുടെയും സഹായത്താലായിരുന്നു ദിവസങ്ങള്‍ കഴിച്ചു കൂട്ടിയത്.
ശക്തമായ തിരയടിയില്‍പെട്ട് പലപ്രാവശ്യം ആങ്കര്‍ പൊട്ടിച്ച് അപകടഭീഷണി ഉയര്‍ത്തിയ ടഗ്ഗ് വിഴിഞ്ഞത്തെ രണ്ട് വാര്‍ഫിലെയും ബൊള്ളാര്‍ഡുകളും ടയര്‍ ഫെണ്ടറുകളും തകര്‍ത്ത് തുറമുഖ വകുപ്പിന് ലക്ഷങ്ങളുടെ നഷ്ടം വരുത്തിയിരുന്നു.
ടഗ്ഗ് ലേലം ചെയ്ത് വിറ്റ് നഷ്ടപരിഹാരവും ആങ്കറിങ് ഫീസും ഈടാക്കുന്നതോടൊപ്പം ജീവനക്കാരുടെ ശമ്പള കുടിശികയും നല്‍കാമെന്ന പ്രതീക്ഷയില്‍ കോടതിയില്‍ നിന്നുള്ള അനുമതിക്കായി അധികൃതര്‍ കാത്തിരിക്കുന്നതിനിടെയാണ് ജീവനക്കാരുടെ
ഒളിച്ചോട്ടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."