സഊദിയിലേക്ക് വീട്ടുവേലക്കാര്‍; ഉയര്‍ന്ന പ്രായപരിധി 44 വയസ്
ജിദ്ദ: ഇന്ത്യയില്‍നിന്നു സഊദിയിലേക്കു റിക്രൂട്ട് ചെയ്യപ്പെടുന്ന വീട്ടുവേലക്കാരികളുടെ പരമാവധി പ്രായപരിധി 44 ആക്കി കുറച്ചു. ഈ പ്രായപരിധിക്കപ്പുറത്തുള്ള വനിതകള്‍ക്കു സഊദിയിലേക്കു ഗാര്‍ഹിക തൊഴില്‍ വിസ അനുവദിക്കുകയില്ലെന്നും സഊദി കോണ്‍സുലേറ്റ് അറിയിച്ചു. നേരത്തെ, അന്‍പതു വയസായിരുന്നു സഊദിയില്‍ വീട്ടുജോലിക്കാര്‍ക്കുള്ള ഉയര്‍ന്ന പ്രായപരിധി. ഇനി മുതല്‍ 44 വയസിനു താഴെയുള്ളവര്‍ക്കേ ഈ ജോലി ചെയ്യാനാകൂ.
44 വയസിനു മുകളിലുള്ളവരുടെ വിസ അപേക്ഷകള്‍ മുംബൈയിലെ സഊദി കോണ്‍സുലേറ്റ് നിരസിച്ചുതുടങ്ങി. നിശ്ചിത പ്രായം കഴിഞ്ഞാല്‍ ഇവര്‍ക്കു ജോലിയില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സാധിക്കില്ലെന്നതാണ് പ്രായപരിധിയായി 44 വയസാക്കി കുറയ്ക്കാന്‍ കാരണമായി അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. 30 വയസ് പൂര്‍ത്തിയായവരെ മാത്രമേ വിദേശരാജ്യങ്ങളിലേക്കു ഗാര്‍ഹിക തൊഴിലിനു കൊണ്ടുപോകാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍നിലവില്‍ അനുവാദം നല്‍കുന്നുള്ളൂ.
നേരത്തെ ഇന്ത്യ-സഊദി തൊഴില്‍കരാറിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍, മറ്റു വിസകളില്‍ പ്രായക്കുറവുള്ള വനിതകളെ റിക്രൂട്ട് ചെയ്യുന്നതിനു നിലവില്‍ തടസങ്ങളൊന്നുമില്ല. അതേസമയം, പുതിയ വ്യവസ്ഥ ഇന്ത്യയില്‍നിന്നുള്ള ഗാര്‍ഹിക വേലക്കാരികളുടെ റിക്രൂട്ട്‌മെന്റിനെ സാരമായി ബാധിക്കുമെന്നാണ് ഇതുമായി ബന്ധപ്പെട്ട ഏജന്റുമാര്‍ പറയുന്നത്. നേരത്തെ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിചെയ്തു പരിചയമുള്ള എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ലാത്ത വനിതകളാണ് സഊദിയിലേക്കുള്ള വിസ അപേക്ഷകരില്‍ ഭൂരിഭാഗവും. ഇവരില്‍ അധികവും 44 വയസിനു മുകളിലുള്ളവരുമാണ്. പുതിയ സഹചര്യങ്ങളില്‍ ഇന്ത്യയില്‍നിന്നുള്ള ഗാര്‍ഹിക മേഖലയിലെ വനിതകളുടെ എണ്ണത്തില്‍ വരുംവര്‍ഷങ്ങളില്‍ ഗണ്യമായ കുറവുണ്ടാകാനും സാധ്യത യുണ്ട്.
ഗാര്‍ഹിക വേലക്കാരികള്‍ക്കു വിസയടിക്കണമെങ്കില്‍ സഊദിയിലെ സ്‌പോണ്‍സര്‍മാരോ സഊദി ഏജന്റോ ഇന്ത്യയിലെ ഏജന്റുമാര്‍ക്കു നല്‍കുന്ന ഫീസിന്റെ രേഖകളും വിസ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണമെന്നും കോണ്‍സുലേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."