കരിദിനം: പ്രാഥമിക സഹകരണ ബാങ്കുകള്‍ അടഞ്ഞ് കിടന്നു
എടപ്പാള്‍: പിന്‍വലിച്ച കറന്‍സികള്‍ മാറ്റി നല്‍കാന്‍ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് അനുമതി നല്‍കാത്ത കേന്ദ്ര സര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും നയത്തില്‍ പ്രതിഷേധിച്ച് മേഖലയിലെ പ്രാഥമിക സഹകരണ ബാങ്കുകള്‍ ഇന്നലെ അടച്ചിട്ട് കരിദിനം ആചരിച്ചു.
കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ജീവനക്കാര്‍ ആരോപിച്ചു. സഹകരണ ബാങ്കുകളില്‍ പണം നിക്ഷേപിച്ചവര്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബുദ്ധിമുട്ടിലാണ്. അസാധുവായ നോട്ടിനു പകരം സഹകരണ ബാങ്കുകള്‍ക്ക് പണം നല്‍കാത്തതിനാല്‍ നിക്ഷേപകര്‍ക്കു തുക മടക്കി നല്‍കാന്‍ സാധിച്ചിരുന്നില്ല.
ഇത് പലപ്പോഴും വാക്കേറ്റങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പലബാങ്കുകളും കൈവശമുണ്ടായിരുന്ന നൂറ് രൂപയും അവയ്ക്ക് താഴെയുമുള്ള കറന്‍സി ഉപയോഗപെടുത്തി ഉപഭോക്താക്കള്‍ക്ക് നല്‍കിയത്.ആയിരം രൂപമാത്രമാണ് ഒരു ഉപഭോക്താവിന് നല്‍കിയിരുന്നത്.
കരുതലിലുണ്ടായിരുന്ന പണം തീര്‍ന്നതോടെ കഴിഞ്ഞ ദിവസം തന്നെ പണം നല്‍കുന്നതും നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതും നിര്‍ത്തിയിരുന്നു.
ജില്ലാ ബാങ്കിലാണ് പ്രാഥമിക സഹകരണ ബാങ്കുകള്‍ പണം നിക്ഷേപിക്കുന്നതും തിരിച്ചെടുക്കുന്നതും. എന്നാല്‍ ജില്ലാ ബാങ്കില്‍ ആവശ്യത്തിനു തുക ലഭിക്കാതിരുന്നതാണ് നിലവിലെ പ്രതിസന്ധിക്കു കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."