മധുരം കുറഞ്ഞ് മിഠായിത്തെരുവ്
കോഴിക്കോട്: കഴിഞ്ഞ ഒരാഴ്ചയായി മിഠായിത്തെരുവിന് അല്‍പ്പം മധുരം കുറവാണ്. കറന്‍സി നിരോധനം കാരണം മിഠായിത്തെരുവിലെ മിക്ക വ്യാപാര സ്ഥാപനങ്ങളിലും കച്ചവടം നടക്കുന്നില്ല. ഇതിനാല്‍ വ്യാപാരികളുടെ ജീവിതവും പ്രതിസന്ധിയിലാണ്. ഹോട്ടലുകള്‍, പലഹാരക്കടകള്‍, തുണിക്കടകള്‍, ഫാന്‍സി, ഫൂട്ട്‌വെയര്‍, ഇലക്ട്രോണിക്‌സ്, മൊബൈല്‍ തുടങ്ങി നൂറുകണക്കിനു വ്യാപ്യാര സ്ഥാപനങ്ങളാണ് കോയിന്‍കൊ ബസാറടക്കമുള്ള മിഠായിത്തെരുവിലുള്ളത്. ദിവസവും തിങ്ങിനിറയുന്ന മിഠായിത്തെരുവ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉറങ്ങിക്കിടക്കുകയാണ്. ഇതു കാരണം നിരവധി കുടുംബങ്ങളാണ് ദുരിതത്തിലായത്. കഴിഞ്ഞ ഒരാഴ്ചയായി ദിവസച്ചെലവിനുള്ള കച്ചവടം പോലും നടക്കുന്നില്ലെന്ന് കടയുടമകള്‍ പറയുന്നു.
സാധാരണ ദിവസങ്ങളില്‍ നടക്കുന്ന കച്ചവടത്തിന്റെ 10 ശതമാനം വരെ നടക്കുന്നില്ലെന്നാണ് മിക്ക കച്ചവടക്കാരും പറയുന്നത്. വരുന്നവരാണെങ്കില്‍ 2000 രൂപയുടെ നോട്ടാണ് നല്‍കുന്നത്. ഇതും കച്ചവടത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. 2000 രുപ വാങ്ങുമ്പോള്‍ ബാക്കി കൊടുക്കാനില്ലാത്ത അവസ്ഥയാണ് കച്ചവടക്കാര്‍ നേരിടുന്ന പ്രധാനപ്രശ്‌നം. ഇതേത്തുടര്‍ന്ന് ഉപഭോക്താക്കളെ മടക്കി അയക്കുകയല്ലാതെ കച്ചവടക്കാര്‍ക്ക് മറ്റു മാര്‍ഗമില്ല. ഹോട്ടലുകളിലും സ്ഥിതിയും വ്യത്യസ്തമല്ല. ഉപഭോക്താക്കളില്‍ കൂടുതലും പഴയ നോട്ടുമായാണ് കച്ചവടക്കാരെ സമീപിക്കുന്നത്. കറന്‍സി നിരോധനത്തിന്റെ ആദ്യദിവസങ്ങളില്‍ മനുഷ്യത്വപരമായി ഹോട്ടലുകളിലും മറ്റും പഴയ നോട്ടുകള്‍ എടുത്തിരുന്നു. എന്നാല്‍ ഇതു കച്ചവടക്കാര്‍ക്ക് ഇന്‍കം ടാക്‌സുകാരുടെ രൂപത്തില്‍ വിനയായതോടെ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണിവര്‍.
ചെറുകിട കച്ചവടക്കാരാണ് പ്രധാനമായും പ്രശ്‌നം നേരിടുന്നത്. ദിവസവാടകയ്ക്കുള്ള പണം വരെ മാറ്റിവയ്ക്കാനില്ലാത്ത അവസ്ഥയിലാണ് ഇവര്‍. അതേസമയം സൗജന്യ നിരക്കില്‍ വരെ സാധനങ്ങള്‍ വിറ്റയിക്കുന്ന കാഴ്ചകളും മിഠായിത്തെരുവില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായിട്ടുണ്ട്. തുണിത്തരങ്ങള്‍ വെറും പത്ത് രൂപയ്ക്കു വരെ വില്‍പ്പന നടത്തുകയാണ്. ഇതിനു കാരണമായി കച്ചവടക്കാര്‍ പറയുന്നത് കൂലി കൊടുക്കാനുള്ള പണമെങ്കിലും ലഭിക്കട്ടെയെന്നാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."