തലശ്ശേരി @150ട
തലശ്ശേരി: കേരളത്തിലെ ആദ്യ നഗരസഭകളിലൊന്നായ തലശ്ശേരി പിറവിയുടെ നൂറ്റി അന്‍പതാം ജന്മദിനം ആഘോഷിക്കാനൊരുങ്ങുകയാണ്. 1866 നവംബര്‍ ഒന്നിനാണ് തലശേരി നഗരസഭാ കാര്യാലായം നിര്‍മിക്കുന്നത്. പിറന്നാളാഘോഷത്തിന്റെ ഭാഗമായി 150 പദ്ധതികള്‍ നടപ്പാക്കാനാണ് നഗരസഭയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഓരോ പദ്ധതികള്‍ക്കും തുടക്കമിട്ടുകഴിഞ്ഞു.
മൂന്ന്
'സി'കളുടെ നഗരം
സര്‍ക്കസ്, കേക്ക്, ക്രിക്കറ്റ് ഇവയുടെ കേദാരമാണ് തലശ്ശേരി. അറുപതിലെത്തിയ കേരളത്തെ വ്യക്തമായി അടയാളപ്പെടുത്തിയ നഗരം. ഇന്ദുലേഖയിലൂടെ ആദ്യലക്ഷണമൊത്ത മലയാള നോവലും ഇവിടെ പിറന്നു. നാടന്‍ ശീലുകളിലൂടെ മലയാളിയെ ആകര്‍ഷിച്ച രാഘവന്‍ മാഷും സഞ്ജയനും മൂര്‍ക്കോത്ത് രാമുണ്ണിയും മമ്പള്ളി ബാപ്പുവും കീലേരി കുഞ്ഞിക്കണ്ണന്‍ ടീച്ചറുമടക്കമുള്ളവര്‍ സ്വജീവിതം കൊണ്ടു തലശേരിയെ ലോകത്തിന്റെ നെറുകയിലെത്തിച്ചു. തലശ്ശേരി എന്ന പേരിന്റെ ഉത്ഭവത്തിന് തന്നെ പല ഐതിഹങ്ങളുണ്ട്. നിരവധി ചേരികളുടെ(ജനവാസ കേന്ദ്രങ്ങളുടെ) തലസ്ഥാനമായതു കൊണ്ട് തലച്ചേരി എന്ന പേര് തലശ്ശേരിയായെന്നാണ് നിഗമനം. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കേന്ദ്രസ്ഥാനം എന്ന അര്‍ഥത്തില്‍ തലക്കച്ചേരി കാലാന്തരത്തില്‍ തലശ്ശേരിയായതാണെന്നും ഇവ രണ്ടുമല്ല തളിയില്‍ച്ചേരിയാണ് തലശ്ശേരിയായതെന്നും ചിന്തിക്കുന്നവരുമുണ്ട്. ബ്രാഹ്മണര്‍ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശത്തെയാണ് തളി എന്നറിയപ്പെടുന്നത്. ബ്രിട്ടീഷുകാര്‍ തലശ്ശേരിയെ ടെലിച്ചറി എന്ന ഓമനപ്പേരില്‍ വിളിക്കുകയും ചെയ്തു.
ചരിത്രത്തിന്റെ തലയെടുപ്പുകള്‍
ചരിത്ര പട്ടണമെന്ന നിലയില്‍ തലശ്ശേരിയില്‍ ഇന്നും തലയുയര്‍ത്തി നില്‍ക്കുന്ന നിത്യസ്മാരകങ്ങളുടെ പട്ടിക വലുതാണ്. 1708ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാ പിച്ച തലശ്ശേരി കോട്ട, 1870ല്‍ ഇ.എന്‍ ഓവര്‍ബറിയെന്ന ബ്രിട്ടീഷ് ജഡ്ജ് നിര്‍മിച്ച ഓവര്‍ബറീസ് ഫോളി, ബ്രിട്ടീഷ് ഭരണകാലത്ത് മലബാറിലെ പ്രധാന വാണിജ്യ കേന്ദ്രമായ കടല്‍പ്പാലം, ഇംഗ്ലിഷ്-മലയാള നിഘണ്ടുവിന് ജന്മം നല്‍കിയ ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് താമസിച്ച നിട്ടൂരിലെ ഗുണ്ടര്‍ട്ട് ബംഗ്ലാവ്, തിരുവങ്ങാട് ശ്രീരാമ ക്ഷേത്രം, ശ്രീനാരായണ ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ ജഗന്നാഥ ക്ഷേത്രം, ഓടത്തില്‍ പള്ളി, ആദ്യ ഈദ്ഗാഹിന് ആധിത്യം വഹിച്ച സ്റ്റേഡിയം ജുമുആ മസ്ജിദ്, ഇംഗ്ലിഷ് ചര്‍ച്ച്, ബിഷപ്പ് ഹൗസ്, ബ്രണ്ണന്‍ കോളജ് തുടങ്ങി തലശ്ശേരിയുടെ പൗരാണികതയുടെ പ്രശസ്തി ഇന്നും വാനോളം ഉയര്‍ത്തികാട്ടുന്ന ഒട്ടനവധി കേന്ദ്രങ്ങള്‍ ഇവിടെ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്.
പൈതൃക നഗരത്തെ സംരക്ഷിക്കണം:
പി.പി സാജിദ
പൈതൃക നഗരമായ തലശ്ശേരി ഇന്ന് നാശത്തിന്റെ വക്കിലാണെന്നും സംരക്ഷിക്കപ്പെടേണ്ടവര്‍ തന്നെ ചരിത്ര സ്മാരകങ്ങള്‍ നശിപ്പിക്കുകയാണെന്നും നഗരസഭാ പ്രതിപക്ഷ നേതാവും മുസ്‌ലിം ലീഗ് കൗണ്‍സില്‍ പാര്‍ട്ടി ലീഡറുമായ പി.പി സാജിദ. കടല്‍പ്പാലത്തില്‍ തീരദേശ മാലന്യം നിക്ഷേപിച്ച് സഞ്ചാരികള്‍ക്കു പോലും സന്ദര്‍ശിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. നായനാര്‍ കോളനിയിലെ ജനങ്ങളുടെ കഷ്ടപ്പാട് നഗര ഭരണാധികാരികള്‍ കാണുന്നില്ല. പുനര്‍ നിര്‍മിക്കുമ്പോള്‍ ഉണ്ടായ 24 കുടുംബങ്ങള്‍ക്ക് ഇനിയും താമസ സൗകര്യം ഒരുക്കാന്‍ നഗരസഭക്ക് കഴിഞ്ഞിട്ടില്ല. നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയില്‍ കക്കൂസ് ടാങ്ക് നിര്‍മിക്കാത്തതിനാല്‍ മാലിന്യം ഒഴുക്കുന്നത് കടലിലാണെന്നും സാജിദ പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."