നോട്ട് അസാധു: കര്‍ഷകര്‍ക്കു കേന്ദ്രം പ്രത്യേക പരിഗണന നല്‍കണമെന്നു മന്ത്രി സുനില്‍കുമാര്‍
കാസര്‍കോട്: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ട് അസാധുവാക്കിയതിനാല്‍ സംസ്ഥാനത്തു കാര്‍ഷികരംഗത്തുണ്ടായ പ്രശ്‌നങ്ങള്‍ പ്രത്യേക പരിഗണന നല്‍കി കേന്ദ്രസര്‍ക്കാര്‍ പരിഹരിക്കണമെന്നു കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍.
കാസര്‍കോട് ആത്മ പ്രൊജക്ട് ഡയറക്ടറേറ്റു കെട്ടിടം, ജൈവകൃഷി പരിശീലന കേന്ദ്രം, ആര്‍.എ.ടി.ടി.സി ഉപകേന്ദ്രം എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കര്‍ഷകര്‍ക്കു സബ്‌സിഡി ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകരുത്. നെല്ലിന്റെ വിലയായി 130 കോടി രൂപ കൃഷി വകുപ്പ് ട്രഷറിയില്‍ അടച്ചിട്ടുണ്ട്. അതു കര്‍ഷകര്‍ക്കു ലഭിക്കുന്നതിനു തടസമുണ്ടാകരുതെന്നും മന്ത്രി പറഞ്ഞു.
പച്ചക്കറി വികസന വിജ്ഞാന വ്യാപന പദ്ധതി ജില്ലാതല അവാര്‍ഡ്ദാനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു.
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തോഫിസ് പരിസരത്തു നടന്ന ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍. എ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ഡോ. സി തമ്പാന്‍, മുനിസിപ്പല്‍ കൗണ്‍സലര്‍ എ രവീന്ദ്ര, ഡോ. എം ഗോവിന്ദന്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, എം അനന്തന്‍ നമ്പ്യാര്‍, സുരേഷ് പുതിയേടത്ത്, അസീസ് കടപ്പുറം, ബാലകൃഷ്ണന്‍ നമ്പ്യാര്‍, പി പ്രദീപ്, ആത്മ പ്രൊജക്ട് ഡയറക്ടര്‍ മായാദേവി കുഞ്ഞമ്മ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."